April 12, 2008

മടക്കയാത്ര - അഞ്ച്

ഈ കഥയുടെ ആദ്യ പോസ്റ്റുകള്‍ വായിക്കാത്തവര്‍ക്കായി ലിങ്ക് ഇവിടെ ചേര്‍ത്തിരിക്കുന്നു.

അഞ്ചാം ഭാഗം

സുധാകരന്‍ പ്രേമയുടെ അച്ഛന്‍റെ അടുത്തുള്ള ചെയറില്‍ ഇരുന്നു.. പ്രേമ അമ്മയുടെ അരികിലും..സുധാകരനെ അച്ചന് പരിചയപ്പെടുത്തി പ്രേമ. വീട്ടുകാരെയും സുധാകരന്‍റെ ജോലിയെക്കുറിച്ചും അച്ഛന്‍ തിരക്കി..

ഊണു കഴിഞ്ഞു ഉമ്മറത്തെ കോലായിലെക്കിരുന്നപ്പോള്‍ പ്രേമയുടെ അച്ചന്‍ പ്രേമയുടെ വിവാഹത്തിന്‍റെ കാര്യത്തെ കുറിച്ചു സുധാകരനോട് സൂചിപ്പിച്ചു..

" നിങ്ങള്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ എനിക്ക് പ്രേമയെ വിവാഹം കഴിച്ചാല്‍ കൊള്ളാമെന്നുണ്ട്‌ " സുധാകരന്‍ ശ്രദ്ധിച്ചു കൊണ്ടു പറഞ്ഞു..

" ഞങ്ങള്‍ക്കു സന്തോഷമേയുള്ളു സുധാകരാ, വീട്ടുകാരുമായി വരൂ ഒരു ദിവാസം ഇവിടെ " പ്രേമയുടെ അച്ഛന്‍ പറഞ്ഞു

"ശെരി, ഞാന്‍ അമ്മയേം ചേച്ചിയേം കൂട്ടി വരാം താമസിയാതെ.."

കതകില്‍ ചാരി നിന്നിരുന്ന പ്രേമയുടെ കണ്ണുകള്‍ സുധാകരനെ തേടിയെത്തി.. സുധാകരന്‍ എഴുന്നേറ്റു.. "ഞാനിറങ്ങട്ടെ.,പ്രേമെടെ അച്ചാ അമ്മേ, എന്‍റെ വീട്ടിലേക്ക് വരൂ സൗകര്യം പോലെ.."

"ന്നാ അങ്ങിന്യാവട്ടെ, സുധാകരാ.." പ്രേമയുടെ അച്ഛന്‍ എഴുനേറ്റു കൊണ്ടു പറഞ്ഞു..
പ്രേമ എന്തോ ഓര്‍ത്തിട്ടെന്ന പോലെ, സുധാകരനെ വിളിച്ചു..

" അപ്പൊ ന്‍റെ കവിത കാണേണ്ടേ സുധാകരാ ?"

" കവിതയോ ? അതിങ്ങെടുത്തോളൂ , ഞാന്‍ വായിച്ചട്ടു തിരിച്ചു തന്നേക്കാം.."
പ്രേമയുടെ മുഖത്ത് പരിഭവം..സുധാകരന്‍ തിരിച്ചു വീട്ടിലേക്ക് കയറി..

"അപ്പൊ എന്നാ കവിതയൊക്കെ എഴുതി തുടങ്ങ്യെ വക്കീലെ " സുധാകരന് സംശയം.

" കഴിഞ്ഞ നാലു വര്‍ഷമായി ഞാന്‍ എഴുതി തുടങ്ങിയിട്ട് ...എന്‍റെ ആദ്യ സമാഹാരം പ്രകാശനം ചെയ്തത് ബാലന്‍ മാഷാണ്. പിന്നെ രണ്ടു പുസ്തകം കൂടി ചെയ്തു..ഇപ്പോള്‍ സമയം കിട്ടുമ്പോള്‍ മാഗസിനു വേണ്ടി എഴുതും"

" ഇതൊക്കെ ഇപ്പോഴാ പറയുന്നെ..വിശദമായി ഞാന്‍ ചോദിക്കാഞ്ഞത്‌ മോശമായി പോയി."

" ഇനീം സമയം ഉണ്ടല്ലോ, ന്താ നായര് കുട്ടിക്ക് ധൃതീണ്ടാ പോയിട്ട്‌..?"

" അമ്മക്ക് ആര്യവൈദ്യശാലയില്‍ നിന്നു കുറച്ചു തൈലം വാങ്ങണം..അത്രേയുള്ളൂ.." സുധാകരന്‍ പറഞ്ഞു..

"ഞാനിവിടെക്ക് വിളിച്ചത് കുറച്ചു കാര്യങ്ങള്‍ ചോദിക്കാനയിരുന്നു സുധാകരാ, ഞാന്‍ ചോദിച്ചോട്ടെ ?"..

സുധാകരന്‍റെ മുഖത്ത് ആകാംക്ഷ..

"നോക്കൂ, നമ്മുടെ കല്യാണം കഴിഞ്ഞാല്‍ എനിക്കിവിടെ അച്ഛന്റെയും അമ്മയുടെയും അടുത്ത് താമസിക്കാന്‍ പറ്റോ..?" സുധാകരന്‍ ചിരിച്ചു..

"എന്താ പ്രേമേ ചെറിയ കുട്ടികളെ പോലെ, കല്യാണം കഴിഞ്ഞാല്‍ ഭര്‍ത്താവിന്‍റെ കൂടെയല്ലേ താമസിക്കുക..എനിക്കാണേല്‍ ജോലി ചെന്നെയിലും, പ്രായോഗീകത വെച്ചു നോക്കുമ്പോള്‍ വല്യ ബുദ്ധിമുട്ടാണ്.. പിന്നെ ഞാന്‍ കുറച്ചു നാള്‍ ഒറ്റക്ക് കഴിഞ്ഞേക്കാം.., പ്രേമയുടെ ജോലിയും ഒരു പ്രശ്നമാവൂലോ ?"

"എനിക്കാകെ ഒരു കണ്‍ഫ്യൂഷന്‍ ആണ് ഇപ്പോള്‍.., കല്യാണം കഴിക്കേം വേണം ന്നാ ഈ വീട് വിട്ടു പോകാനും പറ്റില്യ..എന്താ പ്പോ ചെയ്യാ..?"

“പ്രേമേ, ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ടുതുടങ്ങിയത് എല്ലാം സുഗമമാകും എന്ന ശുഭാപ്തി വിശ്വാസത്തോടെയല്ല, മറിച്ചു ഒന്നിച്ചു ജീവിക്കാനുള്ള കൊതി കൊണ്ടാണ്..

ജീവിതമാര്‍ഗം തിരഞ്ഞുപോയപ്പോള്‍ എനിക്ക് നഷ്ടപ്പെട്ടത്‌ ഈ നാടും ഇവിടത്തെ ജീവിതവുമാണ്... അതുമൂലം വേദനിച്ചത്‌ എന്‍റെ അമ്മയും ഇപ്പോള്‍ താനും..”

"ഞാന്‍ വെഷമിപ്പിക്കാന്‍ പറഞ്ഞതല്ല..സുധാകരാ..ഈ വീടും അമ്മയെയും വിട്ടു ഞാന്‍ മാറി നിന്നിട്ടില്യ ഇതു വരെ, ജോലിയുടെ കാര്യം വേറെയോന്നാണ്.. അത് പോകുന്നെങ്കില്‍ പോകട്ടെ..പക്ഷെ ഇവിടം വിട്ടു മാറി നില്‍ക്കാന്‍ മനസ്സു അനുവദിക്കുന്നില്ല. സുധാകരന് ഇവിടേക്ക്‌ സ്ഥലം മാറ്റം കിട്ടുമോ ?"
"ആര്‍.പി.ജി ഗ്രൂപ്പിന്‍റെ കേരളത്തിലെ ബിസിനസ്സ് കുറച്ചു കൊണ്ടു വരികയാണ്, കാര്‍ബണ്‍ ബ്ലാക്കും, റബ്ബര്‍ വ്യവസായവും അതില്‍ ചിലത് മാത്രം..ഹെഡ് ഓഫീസില്‍ ഇരുന്നു ജോലിയെടുക്കുമ്പോള്‍ ഉള്ള സുഖം ഇവിടെ ബ്രാഞ്ചില്‍ ഉണ്ടാകില്ല എങ്കിലും ഞാന്‍ ശ്രമിക്കാം.."

"എനിക്ക് വേണ്ടിയെങ്കിലും ഒന്നു ശ്രമിച്ചു കൂടെ സുധാകരാ " വിറയാര്‍ന്ന ചുണ്ടുകളോടെ പ്രേമ ചോദിച്ചു.

" പ്രേമേ, ജീവിതത്തില്‍ എല്ലാം നമ്മള്‍ ആലോചിക്കുന്ന പോലെ നടക്കണം എന്ന് യാതൊരു നിര്‍ബന്ധവും ഇല്ല, മാറ്റങ്ങള്‍ അനിവാര്യങ്ങളെങ്കില്‍ മാറിയേ മതിയാകൂ..അതൊരു പ്രശ്നമായി കരുതാതെ മാറ്റങ്ങള്‍ കൊണ്ടുള്ള വിഷമങ്ങള്‍ കുറക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് നോക്കാം." സുധാകരന്‍ പറഞ്ഞു.

"സുധാകര, തകരുന്നത് എന്‍റെ നെഞ്ച്ചാണ്. എനിക്ക് അമ്മയെ വിട്ടു മാറി നില്‍ക്കാന്‍ കഴിയില്ല, പിന്നെ സുധാകരന്‍റെ കൂടെ ജീവിക്കേം വേണം, പറയൂ ഞാന്‍ എന്താ ചെയ്യണ്ടേ..?" ഇടറിയ സ്വരത്തില്‍ പ്രേമ പറഞ്ഞു.

"വക്കീലെ, ഈ മനസ്സിനു കുറച്ചു ബലം ഉണ്ടെനനാ ഞാന്‍ കരുതിയിരുന്നെ., കോടതിയില് ഇത് ശെരിയാവോ ?" സുധാകരന്‍ തമാശയായി ചോദിച്ചു..

" ഇതു കോടതിയല്ല, ന്‍റെ മനസ്സാ, ഒരു തമാശ .." അല്‍പ്പം ഗൌരവത്തില്‍ പ്രേമ പറഞ്ഞു.

" ഓ അപ്പോഴേക്കും പിണങ്ങ്യോ, ഞാന്‍ ചോദിക്കാമെന്നു പറഞ്ഞില്ലേ., ഞാനിറങ്ങട്ടെ എന്നാല്‍, ഞാന്‍ ഫോണ്‍ ചെയ്യാം" സുധാകരന്‍ പറഞ്ഞിട്ടെഴുന്നേറ്റു.

"ഞാന്‍ പോകണ്ടാന്നു പറഞ്ഞാ പോകാതിരിക്ക്വോ.." കുസൃതി ചിരിയോടെ പ്രേമ ചോദിച്ചു.

"താഴെ പ്രേമെടെ അമ്മേം അച്ഛനും ഇതെന്താ ഈ ചെറുക്കന്‍ പ്രായം ആയ പെണ്‍കുട്ടിയുടെ മുറിയില്‍ ചുറ്റിതിരിയുന്നെ എന്ന് ചോദിക്കുന്നുണ്ടാവും, ഞാന്‍ ഇറങ്ങുണൂ വക്കീലെ..പോകാന്‍ മനസ്സു വരുന്നില്ല, ന്നാലും പോയല്ലേ പറ്റൂ.." സുധാകരന്‍ പറഞ്ഞു..

" ന്‍റെ അമ്മേം അച്ഛനും അങ്ങിനത്തെ സംശയം ഒന്നൂല്യട്ടാ നായര് കുട്ട്യേ, അവര്‍ക്കറിയാം ഇയാള് പ്രശ്നം ഇല്ലാതാ ആളാന്നു" പ്രേമ പറഞ്ഞു..

പ്രേമയുടെ മുറിയില്‍ നിന്നും സുധാകരന്‍ പുറത്തേക്ക് ഇറങ്ങും മുന്‍പ് പ്രേമയുടെ അമ്മ ചായയുമായി കയറി വന്നു.

" ദാ, ചായ കുടിച്ചോളൂ എന്നിട്ടാവാം ബാക്കി.." പ്രേമയുടെ അമ്മ ചായ കപ്പു സുധാകരന് നീട്ടി. സുധാകരന്‍ ചായ കപ്പു വാങ്ങി, ഒന്നു രുചിച്ചു നോക്കി..

" മധുരം കൂട്യോ, നിക്ക് വല്യ നിശ്ചയം പോരാ.., ഇവിടെ എല്ലാര്‍ക്കും മധുരം കുറച്ചു അധികം വേണ്ട തരക്കാരാ" പ്രേമയുടെ അമ്മ സുധാകരനോട് ചോദിച്ചു.

" ഏയ്, ഇല്ല മധുരം പാകത്തിനാ." എന്ന് പറഞ്ഞിട്ടു സുധാകരന്‍ ചായ കുടിച്ചതിനു ശേഷം കപ്പു മേശപുറത്തു വെച്ചു.. .

"ഞാന്‍ ഇറങ്ങട്ടെ, പോകുന്ന വഴിക്കു അമ്മക്ക് കുഴമ്പു വാങ്ങണം വൈദ്യശാലേന്നു" ചിരിച്ചു കൊണ്ടു കോവണിയിറങ്ങി സുധാകരന്‍.

വീടിന്‍റെ പടിവരെ പ്രേമ സുധാകരനെ അനുഗമിച്ചു. മണ്ണിട്ട പാതയിലൂടെ നടന്നു നീങ്ങുന്ന സുധാകരന്‍റെ രൂപം കണ്ണില്‍ നിന്നും മറയുന്നത്‌ വരെ പ്രേമ നോക്കി നിന്നു..

******************

സുധാകരന്‍ വീടെത്തുമ്പോള്‍ അമ്മ പുറത്തു കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

"എന്തെ സുധെ ഇത്ര വൈക്യെ, ബസ്സ് കിട്ടീല്യെ, കാത്തിരുന്നിട്ടു കാണാന്ടെ ആയപ്പോ ഞാന്‍ വിഷമിച്ചൂ, കാണാന്‍ പോയേ ആളുകളെ ഒക്കെ കണ്ടോ.." സരസ്വതി അമ്മ ചോദിച്ചു.

"സംസാരിച്ചിരുന്നപ്പോ നേരം വൈകീതറിഞ്ഞില്ല അമ്മേ, പിന്നെ കോളെജില്‍ പഠിപ്പിച്ചിരുന്ന ഒരു മാഷ്ടെ വീട്ടില്‍ പോയി..മാഷ്‌ കഴിഞ്ഞ ദിവസം മരിച്ചു പോയി..ഹാര്‍ട്ട് അറ്റാക്കായിരുന്നു. നല്ല മനുഷ്യനായിരുന്നു..പാവം" സുധാകരന്‍ വീട്ടില്‍ കയറുന്നതിനിടയില്‍ പറഞ്ഞു.

"ഇതാ കുഴമ്പ്, വൈദ്യനെ ഒന്നു പോയി കണ്ടൂടെ അമ്മക്ക്, മുട്ടുവേദന കുറവുണ്ടോ കുഴമ്പ് തേച്ചിട്ടു ?, വൈദ്യശാലേല്‍ അവരു ചോദിച്ചപ്പഴാ അമ്മക്ക് മുട്ടു വേദനയുള്ള കാര്യം തന്നെ ഞാന്‍ അറിയണേ" സുധാകരന്‍ കുഴമ്പിന്‍റെ കുപ്പികള്‍ അമ്മക്ക് കൊടുത്തു കൊണ്ടു ചോദിച്ചു.

"ഓ അതത്ര കാര്യായിട്ടൊന്നും ഇല്യ സുധെ, പിന്നെ ഈ കൊഴമ്പ് തേക്കനോണ്ട്‌ വേദനക്ക് കൊറേ ഭേദംണ്ട്, ആ മാഷ്ക്ക് എന്താ പറ്റ്യെ ന്നാ പറഞ്ഞേ ?" അമ്മ ചോദിച്ചു.

" മാഷിനു അറ്റാക്കായിരുന്നു, വൈകീട്ട്‌ നടക്കാന്‍ പോയീട്ട് വന്നതാ..കുറച്ചു വെള്ളം വാങ്ങി കുടിച്ചിട്ട് ചാരു കസാലയില്‍ കിടന്നൂത്രേ. പിന്നെ എണീട്ടില്യ പാവം, നല്ലൊരു മനുഷ്യനായിരുന്നു..ഇന്നത്തെ പേപ്പറില്‍ കുറിപ്പുണ്ട് " സുധാകരന്‍ പതിയെ പറഞ്ഞു.

"പാവം, കുട്ട്യോളുണ്ടാ മാഷ്ക്ക്", അമ്മയുടെ സ്വരത്തിന് ആകാംക്ഷ

" ഒരു മോളുണ്ട്‌, കല്യാണം കഴിഞ്ഞു ഒരു കുട്ടീംണ്ട്‌.." സുധാകരന്‍ പറഞ്ഞു.

" ഞാനിന്നു ഇത്തിരി പരിപ്പുവട ഇണ്ടാക്കീ, രമക്കും മക്കള്‍ക്കും കൊടുക്കാലോ ന്നു വെച്ച്. നീ പോയി വേഷക്കോ ഒന്നു മാറി വരൂ, ഞാന്‍ ചായ ഇടാം." അമ്മ പറഞ്ഞു കൊണ്ടു അടുക്കളയിലേക്കു പോയി.

സുധാകരന്‍ താഴെയുള്ള ഹാളില്‍ തിരിച്ചു വന്നപ്പോള്‍ പരിപ്പുവടയും ചൂടുള്ള ചായയുമായി അമ്മയെത്തി.

"ഞാനൊന്നും കഴിച്ചില്ല ഇന്ന്..ഒരു സുഖണ്ടായില്ല, പിന്നെ വരുമ്പോഴാകട്ടെന്നു കരുതി" കസേരയില്‍ ഇരുന്നു കൊണ്ടു അമ്മ പറഞ്ഞു.

"അതെന്താ അമ്മേ, ഭക്ഷണം സമയത്തു കഴിക്കേണ്ടെ.., ഇന്ന് ഞാന്‍ പ്രേമേടെ വീട്ടില്‍ പോയിരുന്നു..പ്രേമേടെ അമ്മയുടെ പിറന്നാള്‍ ആയിരുന്നു. ഉച്ചക്ക് ഊണു അവിടെ നിന്നു കഴിച്ചു..പ്രേമേടെ അച്ഛനേം കണ്ടു." സുധാകരന്‍ ചായ കുടിക്കുന്നതിനിടയില്‍ പറഞ്ഞു.

ശ്രദ്ധയോടെ കേട്ടിരിക്കുന്ന അമ്മ. സുധാകരന്‍ ബാക്കി പറയാത്തതിനാല്‍ മുഖത്ത് ആകാംക്ഷയുണ്ട്..പക്ഷെ ഒന്നും ചോദിക്കാതെ സുധാകരനെ തന്നെ നോക്കിയിരുന്നു..

" അമ്മയെന്താ, ഒന്നും കഴിക്കുന്നില്ലേ..?" സുധാകരന്‍ ചോദിച്ചു.

" ങാ, നീയെന്തോ പറയായിരുന്നല്ലോ, എന്നിട്ടെന്തായി, രാമുണ്യാരെന്തു പറയുണൂ ?" ചായ കുടിച്ചു കൊണ്ടു അമ്മ ചോദിച്ചു.

" ഞാന്‍ പ്രേമയെ കാണാനാ പോയേ, കണ്ടു, കുറെ കാലത്തിനു ശേഷം കണ്ടതല്ലേ, സംസാരിച്ചിരുന്നു കുറച്ചു നേരം, കോളേജിലും ഒന്നു പോയി." സുധാകരന്‍ പറഞ്ഞു.

"എനിക്ക് പ്രേമയെ ഇഷ്ടമാണെന്നും വിവാഹം ചെയ്‌താല്‍ കൊള്ളാമെന്നും ഞാന്‍ പ്രേമയുടെ അച്ഛനോട് പറഞ്ഞു, ഇവിടെ വന്നു അമ്മയെയും ചേച്ചിയേയും കാണാനും വിളിക്കേം ചെയ്തു, ഇപ്പൊ അമ്മക്ക് വിഷമം മാറീലോ?" സുധാകരന്‍ ചെറിയ ചിരിയോടെ ചോദിച്ചു.

"ന്നാലും ന്‍റെ സുധെ, നിക്കിപ്പഴാ ഒരു സമാധാനം കിട്ട്യെ, നല്ല കുട്ട്യാ പ്രേമ , ഞാന്‍ കണ്ടിട്ടിണ്ട്, ന്നിട്ട് രാമുണ്യാരെന്തു പറഞ്ഞു?, അവരെന്നാ ഇവിടെ വരണേ?" അമ്മയുടെ വാക്കുകളില്‍ സന്തോഷവും ആകാംക്ഷയും.

"അവര്‍ക്ക് സന്തോഷമേയുള്ളൂ എന്നാണ് പറഞ്ഞതു, നമുക്കു അവിടെ പോയി കാണേണ്ടി വരും ഒരു ചടങ്ങിനെങ്കിലും, ഇവിടേക്ക്‌ വരുന്നതിനു മുന്‍പ് അറിയിക്കാമെന്നാണ് പറഞ്ഞത്. " സുധാകരന്‍ അമ്മയെ നോക്കി കൊണ്ടു പറഞ്ഞു.

"അതെ, അതാണ് അതിന്‍റെ ശരി, ചെക്കന്‍റെ വീട്ടുകാരല്ലേ പോയി ആദ്യം കാണേണ്ടത്, ഇനീപ്പോ മോഹനനും രമേം പോകട്ടെ, സമയം നോക്കാന്‍ ജോത്സ്യന്‍റെ വീട്ടിലൊന്നു പൂവണ്ട വരും, നീ വരണ്ട ഞാന്‍ പൊയ്ക്കോളാം. ജാതക പൊരുത്തം ഒന്നു നോക്കണം, വേണ്ടാന്നു പറയരുത്."
"അപ്പൊ ഞാന്‍ ഇന്നലെ പറഞ്ഞതൊക്കെ വെള്ളത്തിലായോ..?" സുധാകരന്‍ ചിരിയോടെ ചോദിച്ചു.
" മോനേ, ഇതു നിങ്ങളുടെ രണ്ടു പേരുടേയും നല്ലതിനാണെന്ന് കൂട്ടിക്കോളൂ. ഇതു നീയ് അറിയേണ്ട, ഞാനും രമേം കൂടി ചെയ്തോളാം. " അമ്മ പറഞ്ഞു.
" എന്നാ, ശെരി..ഇനി അമ്മയുടെ ഇഷ്ടം പോലെ.." സുധാകരന്‍ എഴുന്നേറ്റു ഉമ്മറത്തേക്ക് നടന്നു.
(തുടരും)

April 10, 2008

മടക്കയാത്ര - നാല്

ഈ കഥയുടെ ആദ്യ പോസ്റ്റുകള്‍ വായിക്കാത്തവര്‍ക്കായി ലിങ്ക് ഇവിടെ ചേര്‍ത്തിരിക്കുന്നു.

നാലാം ഭാഗം

സുധാകരന്‍ ടീപ്പോയില്‍ ഇരുന്നിരുന്ന പത്രമെടുത്തു കണ്ണോടിച്ചു.

എഡിറ്റോറിയലും തൃശ്ശൂര്‍ വാര്‍ത്തകളും കഴിഞ്ഞു ചരമങ്ങളുടെ കോളത്തിലെത്തിയപ്പോള്‍
കണ്ടു മറന്ന മുഖം പോലെ തോന്നി സുധാകരന് ..ഓ ഇതു രാജന്‍ മാഷല്ലേ, സ്റ്റാറ്റിസ്റ്റിക്സ് പഠിപ്പിച്ചിരുന്ന ഈ മാഷ്‌ മരിച്ചു പോയോ..വിശ്വസിക്കാനെ തോന്നിയില്ല..

" എന്താ നായര് കുട്ട്യേ, ഈ വഴിയൊക്കെ അറിയ്വോ.. ഇതെപ്പോ എത്തി..:" പ്രേമയുടെ ശബ്ദം കേട്ടു സുധാകരന്‍ പത്രത്തില്‍ നിന്നും തലയുയര്‍ത്തി നോക്കി.
ചിരിച്ചു കൊണ്ടു നില്‍‌ക്കുന്ന സുന്ദരിയായ പ്രേമ, വെളുത്ത ചുരിദാര്‍, തടി കുറഞ്ഞോ..ഏയ് ഇല്ല പഴയതു പോലെ തന്നെ..

സുധാകരന്‍റെ ചിരിയോ മറുപടിയോ കാണാതായപ്പോള്‍ പ്രേമ പിന്നേം ചോദിച്ചൂ..
"സുധാകരാ എന്താ ആളിവിടോന്നും അല്ലേ.., പണ്ടത്തെ ദിവാസ്വപ്നം കാണലോന്നും മാറീട്ടില്യലേ .."

"ഇല്യന്‍റെ വക്കീലെ, ഒരു കേസുമായിട്ടു വന്നതാ.., പിന്നെ പഴയ മനസ്സല്ലേ മാറ്റം നോക്കായിരുന്നു ഈ ചങ്ങാതിയുടെ, വല്യ മാറ്റം തോന്നനില്യ ഒന്നു ചടച്ചൂന്നു തോന്നുണൂ, അതോ എന്‍റെ തോന്നലോ. എന്നറിയില്ല "

പ്രേമ കുറച്ചുറക്കെ ചിരിച്ചു..
"പ്രേമയുടെ ചിരിക്കും ഉണ്ടൊരു ലഹരി.".പണ്ടു പ്രേമയോടിത് പറഞ്ഞതോര്‍ത്തു..
ആ ചിരി ഇന്നും അങ്ങിനെ തന്നെ.. മനോഹരമായ ചിരി, മുത്തുകള്‍ പോലെയുള്ള പല്ലുകള്‍ കാണിച്ചു കൊണ്ടു.
"അപ്പൊ എന്താ പരിപാടി..ഇന്നു.., എനിക്കിന്ന് അവധിയായത് നന്നായി..തൃശ്ശൂര്‍ ടൌണില്‍ പോണോ..അതോ ഇവിടെ ഊണു കഴിച്ചാ മതിയോ..നായര് കുട്ടീടെ രുചീം ഇഷ്ടോം മാറിയോ എന്നറിയില്ലല്ലോ.."

"പ്രേമയുടെ സൗകര്യം പോലെ, ആ രാജന്‍ മാഷ്‌ മരിച്ചതറിഞ്ഞോ, ഇന്നത്തെ പത്രത്തിലുണ്ട്, കഴിയുമെങ്കില്‍ മാഷിന്‍റെ കാനാട്ടുകരയിലുള്ള വീട്ടിലൊന്നു പോകാമായിരുന്നു "

"രാജന്‍ മാഷ്‌ മരിച്ചോ..?, ഞാന്‍ അറിഞ്ഞെയില്ല, ദൈവമേ.. അമ്മേ ആ രാജന്‍ മാഷില്ലേ മീനെടെ അച്ഛന്‍, മരിച്ചൂത്രെ .." പ്രേമ അമ്മയുടെ അടുത്തേക്ക് പത്രവുമെടുത്തു പോയി.

സുധാകരന്‍ തനിച്ചായി വീടിന്‍റെ ഉമ്മറത്ത്‌.. രാജന്‍ മാഷേ കുറിച്ചോര്‍ത്തു..
കവിതാ അരങ്ങുകള്‍ രാജന്‍ മാഷിന്‍റെ കവിതകളില്ലാതെ പൂര്‍ണമാകാറില്ല.. കലാലയത്തിന്‍റെ മാഗസിന്‍ എഡിറ്റിംഗ് ചെയ്യുവാനും, വയലാര്‍ കവിതകളുടെ ഗാനമേള സംഘടിപ്പിക്കാനും തന്നെ സഹായിച്ചത് മാഷായിരുന്നു.
പ്രേമ തിരികെയെത്തി..

"സുധാകര ഇപ്പൊ സമയം പത്തരയല്ലേ ആയുള്ളൂ. നമുക്കു മാഷിന്‍റെ വീട് വരെ കാറില്‍ പോവാം.., എന്നിട്ട് ഊണ് കഴിക്കാന്‍ വീട്ടിലേക്ക് വരാം..ഇന്നു എന്‍റെ അമ്മയുടെ പിറന്നാളാണ്. അതോണ്ട് വീട്ടില്‍ തന്നെ ആവാം ഊണ്.."

" അത് മതി, അമ്മക്കെന്‍റെ പിറന്നാള്‍ ആശംസകള്‍.."

"ദാ അമ്മയോട് തന്നെ നേരിട്ടു പറഞ്ഞോളൂ.."

"പിറന്നാള്‍ ആശംസകള്‍ അമ്മേ, "

"നന്ദി, സുധാകരാ..ഊണ് കഴിക്കാന്‍ വരൂട്ട്വോ.."

"തീര്‍ച്ചയായും വരാം അമ്മേ, " സുധാകരന്‍ യാത്ര പറഞ്ഞു പ്രേമയുടെ കൂടെ ഇറങ്ങി.
പ്രേമയായിരുന്നു കാറോടിച്ചിരുന്നത് ..സുധാകരന്‍റെ മുഖത്തേക്ക് നൊക്കാതെ റോഡില്‍ ശ്രദ്ധിച്ചു കാറോടിക്കുന്നതിനിടയില്‍ സുധാകരന്‍റെ അവധിയുടെ കലാവധിയും ഇപ്പോഴത്തെ ജോലിയെയും കുറിച്ചു പ്രേമ ചോദിച്ചറിഞ്ഞു..

"സുധാകരന് എന്നോടൊന്നും ചോദിക്കാനില്ലേ... "
അത് പ്രതീക്ഷിക്കാത്ത ചോദ്യമായിരുന്നു സുധാകരനെ സംബന്ധിച്ചിടത്തോളം..

" അത് പിന്നെ, പ്രേമ വണ്ടി എവിടെയെങ്കിലും നിര്‍ത്തിയാല്‍ ചോദിക്കാമെന്നു കരുതി."

"ചുമ്മാ പറയാതെ സുധാകരാ, ഇയാളെ ഞാന്‍ ഇന്നു ആദ്യമായി കാണ്വാ ?"

"ശരിയാ, എനിക്ക് ചോദിക്കുവാനുള്ളത് എന്‍റെ മനസ്സില്‍ നിന്നു നാവിലെത്തില്ല പലപ്പോഴും,"

"അങ്ങിനെ ഒന്നും പെട്ടെന്ന് പുറത്തു വരാത്തൊരു മനസ്സുണ്ടല്ലോ അല്ലേ..ഇപ്പോഴും " പ്രേമ കളിയാക്കി..


"പാല ബാങ്ക് പോലെയാ സുധകരന്‍റെ മനസ്സു..ഉള്ളിലേക്കുള്ള വഴിയേ അറിയൂ പുറത്തേക്ക്..ങും ങും," പ്രേമ ചിരിച്ചു കൊണ്ടു തലയാട്ടി..വണ്ടിയോടിക്കു‌നതിനിടയില്‍ സുധാകരനെയൊന്നു പ്രേമ നോക്കി. ചെറുതായൊന്നു ചൂളിയതിന്‍റെ ലക്ഷണം സുധാകരന്‍റെ മുഖത്തെ ചിരിയില്‍ കാണാം..

"ഇപ്പൊ അങ്ങിനെയല്ല പ്രേമേ, കുറച്ചൊക്കെ മാറീന്നു കൂട്ടിക്കോളൂ "

" മാറ്റം മറ്റുള്ളവര്‍ക്കും കൂടി തോന്നണ്ടേ ന്‍റെ നായര് കുട്ട്യേ..?"

കാര്‍ കേരളവര്‍മ്മ കോളേജും കടന്നുള്ള ഊടുവഴിയിലൂടെ പോയി..

"ന്താ കോളേജില് പോണ്വോ..തിരിച്ചു വരുമ്പോ..?"

" ഇന്നു ശനിയാഴ്ച ആരിന്ടാവാനാ പ്രേമേ"..

" സുധാകരന്‍റെ കൂടെ ആ വരാന്തെക്കൂടി ഒന്നു കൂടി നടക്കാനൊരു മോഹം. " പ്രേമ ചിരിച്ചു..പ്രേമയുടെ കണ്ണുകള്‍ക്ക്‌ തിളക്കം കൂടിയോ..സുധാകരന്‍ ഒന്നു കൂടെ ശ്രദ്ധിച്ചു നോക്കി.

"ന്താ നായര് കുട്ട്യേ, എന്നെ ഇതിന് മുന്‍പ് കണ്ടിട്ടില്യെ ഇത്രയ്ക്കു സൂക്ഷിച്ചു നോക്കാന്‍ "

" ഇയാളുടെ കണ്ണിനെന്തോ ഒരു പ്രത്യേകത തോന്നി..അതോണ്ട് നോക്കി പോയതാണേ, ഇനീ ണ്ടാവില്യ റാന്‍.." മറുപടിയായി പ്രേമ ചിരിച്ചു..

രാജന്‍ മാഷിന്‍റെ വീടിനരികിലായ് കാര്‍ നിര്‍ത്തി.
വീടിനു മുന്നില്‍ വലിയ ആള്‍കൂട്ടമില്ല.
പടി കടന്നു ഉമ്മറ വാതിലില്‍ എത്തിയപ്പോള്‍ പ്രേമ മീനയെ കണ്ടു..

പ്രേമയെ കണ്ടതോടെ മീന കരഞ്ഞു തുടങ്ങി.. കരഞ്ഞു തളര്‍ന്ന മുഖം..
അരികെ മീനയുടെ കൊച്ചുറങ്ങുന്നു.. അമ്മ കട്ടിലില്‍ കിടക്കുന്നു..സമാധാനിപ്പിക്കുവാന്‍ അരികെ രണ്ടു സ്ത്രീകള്‍ ഇരിക്കുന്നുണ്ട്.. മീന മാഷേ പറ്റി പറഞ്ഞു തുടങ്ങി..

"ഒന്നൂണ്ടായിരുന്നില്യ അച്ചന് പ്രത്യേകിച്ച്.. എന്നും വൈകുന്നേരം നടക്കാന്‍ പൂവാറുണ്ട്.. മിനിഞ്ഞാന്നും അങ്ങിനെ പോയീട്ട് തിരിച്ചു വന്നിട്ട് ഉമ്മറത്തെ കസേരയില്‍ ഇരിക്കാര്‍ന്നു..അമ്മയോട് വെള്ളം ചോദിച്ചു..പിന്നെ ഉഷ്ണിക്കുണൂ ന്നു പറഞ്ഞു ഷര്‍ട്ട് അഴിച്ചു.. സാധാരണ അച്ഛന്‍ ഇങ്ങിനെ ചെയ്യാറില്യ. അതോണ്ട് അമ്മ അടുത്തുണ്ടായിരുന്നു..അമ്മേടെ കയ്യീന്ന് വെള്ളം വാങ്ങി കുടിച്ചിട്ട് അങ്ങിനെ ചാരി കിടന്നു ആ ചാരു കസേരയില്‍.. പിന്നെ ഊണ് കഴിക്കാന്‍ അമ്മ വിളിച്ചപ്പോ എണീട്ടില്യ.. അമ്മേടെ കരച്ചില്‍ കേട്ടിട്ടു ഞാന്‍ ചെല്ലുമ്പോഴേക്കും സമയം വൈകീട്ടിണ്ടായിരുന്നൂന്നാ ഡോക്ടര്‍ പറഞ്ഞേ."

" പാവം അച്ഛന്‍, എന്‍റെ മോള്‍ക്ക്‌ ജീവനായിരുന്നു.. അതിനിണ്ടോ മരണം എന്താന്നു അറിയണൂ..ഇന്നു കാലത്തു എണീറ്റു അച്ഛനെ നോക്കായിരുന്നു വീട് മുഴുവന്‍.. എന്‍റെ ചങ്കു തകര്‍ന്നു മോളുടെ മുത്തശ്ശാന്നുള്ള വിളി കേട്ടപ്പോ.."

" മാഷ്‌ പുണ്യം ചെയ്ത ആളാ..ബുദ്ധിമുട്ടെ, വേദനിക്കെ ഒന്നൂല്യാണ്ടാല്ലേ പോയേ.., അതോര്‍ത്ത് സമാധാനിക്കാ" പ്രേമ പറഞ്ഞു.

" അതന്യാ അമ്മേം പറഞ്ഞേ.., ഭാഗ്യം ചെയ്ത ജന്‍മം.." മീന പറഞ്ഞു.

പ്രേമയും സുധാകരനും രാജന്‍ മാഷിന്‍റെ വീട്ടില്‍ നിന്നും ഇറങ്ങി..
കാറില്‍ കയറി, ഡ്രൈവിങ്ങ് വീലിനു പുറകില്‍ ഇരുന്നു കൊണ്ടു പുറത്തേക്ക് നോക്കി ഇരിക്കുകയാണ് പ്രേമ. സുധാകരന്‍ പുറത്തേക്കും പ്രേമയുടെ മുഖത്തേക്കും മാറി മാറി നോക്കി..

"സുധാകരാ, രാജന്‍ മാഷേ ഞാന്‍ കണ്ടത് കഴിഞ്ഞ ആഴ്ചയാണ്, പാറമേക്കാവിന്‍റെ മുന്നില്‍ വെച്ചിട്ട്, അന്ന് മാഷ്‌ വൈകീട്ടത്തെ ദീപാരാധനക്ക് വന്നതാ..പഴയ കവിതാ അരങ്ങും നമ്മുടെ കസര്‍ത്തും യൂത്ത് ഫെസ്ടിവലും വയലാര്‍ ഗാനമേളകളും ചിത്ര പ്രദര്‍ശനവും എല്ലാം പറഞ്ഞു കൊണ്ടയവിറക്കി ഞങ്ങള്‍..ഞാന്‍ കാറില്‍ വീട്ടില്‍ കൊണ്ടു വിടും വരെ മാഷ്‌ വായ്തോരാതെ സംസാരിച്ചു കൊണ്ടേ ഇരിന്നെര്‍ന്നൂ.., ഇയാളെ പറ്റീം ചോദിച്ചു,”

“എവിട്യാപ്പോ നമ്മടെ തീപ്പൊരി സുധാകരന്‍.., ഞാന്‍ ഇയാളുടെ ബഹുരാഷ്ട്രകുത്തക കമ്പനിയിലെ ജോലിക്കാര്യം പറഞ്ഞപ്പോ മാഷ്‌ കുറെ നേരം ചിരിച്ചൂ. പിന്നെ പറഞ്ഞൂ..ഈ ഇസംന്നൊക്കെ പറയണത്‌ നമ്മടെ വെശപ്പ് മാറ്റിയിരുന്നെങ്കെ എത്ര നന്നായേനെ എന്ന്."

സുധാകരന് ചിരിക്കണോ കരയണോ എന്നുള്ള നിസ്സഹായാവസ്ഥ .സുധകരന്‍റെ മുഖഭാവം മാറിയത് കണ്ടു കൊണ്ടു, പ്രേമ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു..കോളേജിലെക്കുള്ള വഴിയിലൂടെ കാര്‍ ഓടിക്കൊണ്ടിരിന്നു..സുധാകരന്‍ മൌനത്തിലാണ്..

"ഹലോ സുധാകരാ, ഞാന്‍ പറഞ്ഞതു വിഷമമായെങ്കില്‍ മാപ്പു. നമ്മള്‍ കാണുന്നതേ വര്‍ഷങ്ങളില്‍ ചിലപ്പോള്‍, പിന്നെ മിണ്ടാതെ ഇരുന്നാലെങ്ങിന്യാ"

"സോറി പ്രേമ, ഞാന്‍ പഴയ രാഷ്ട്രീയ കാലം ഓര്‍ത്തു പോയി..രക്തത്തിന്‍റെ പാടുകള്‍ ഇന്നും മനസ്സില്‍ ഉണ്ട്..അതില്‍ ചില സംഭവങ്ങള്‍ തനിക്കറിയുമോ എന്നെനിക്കുറപ്പില്ല. "

"എന്നോട് പറഞ്ഞതെല്ലാം ഈ മനസ്സില്‍ ഉണ്ട്. പിന്നെ പറയാത്തത് എനിക്കറിയില്ല."

" ഇതു പറഞ്ഞിരിക്കാന്‍ യാതൊരു വഴിയും ഇല്ല.. അന്ന് ദേവനെ വെട്ടിക്കൊന്ന ദിവസം, വെട്ടിയവനെ തട്ടാനായി നടത്തിയ ഒരു ശ്രമത്തിനിടയില്‍ മാഷിന്‍റെ വീടിന്‍റെ വഴിയിലൂടെ ഓടേണ്ടി വന്നു..പുറകില്‍ പോലീസ് വണ്ടിയും..പോലീസുകാരില്‍ നിന്നു രക്ഷപ്പെടാന്‍ മതില് ചാടുക മാത്രമായിരുന്നു വഴി. മതില് ചാടിയതിനു ശേഷം നോക്കുന്നത് രാജന്‍ മാഷിന്‍റെ മുഖത്തായിരുന്നു. മാഷ്‌ പറഞ്ഞ വാക്കുകള്‍ ഇന്നും എനിക്കോര്‍മ്മയുണ്ട്..”

"സുധാകരാ, ഞാനും തന്‍റെയീ പ്രായം കഴിഞ്ഞു വന്നവനാ..പാര്‍ട്ടിക്കു അമ്മേടെ പേറ്റു നോവറിയാതെ കിട്ടുന്ന മക്കളായത് കൊണ്ടു ആരെ വേണമെങ്കിലും കുരുതി കൊടുക്കാം, കൊല്ലാം, കൊല്ലിക്കാം, പക്ഷെ അങ്ങിനെയാണോ സുധാകരന്‍റെ അമ്മയ്ക്ക് ?. ഒരു തുള്ളി ചോര സുധാകരനായിട്ടു ഇവിടെ വീഴ്ത്തരുത് , ഒരു സുഹൃത്തെന്ന രീതിയില്‍ എനിക്ക് വാക്കു തരണം.., പ്ലീസ്.."

കോളേജിനു മുന്നില്‍ കാര്‍ പാര്‍ക്‌ ചെയ്തുകൊണ്ട്‌ സുധാകരന്‍ പറയുന്നതു കേട്ടിരിക്കുന്ന പ്രേമ..പിന്നീട് കാറിന്‍റെ കതവു തുറന്നുകൊണ്ടിറങ്ങുന്നൂ..


" കലാലയത്തിനു മാറ്റം വന്നിരിക്കുന്നൂ "സുധാകരന്‍ പറഞ്ഞൂ.

"ശരിയാണ്, ഈ പുതിയ കെട്ടിടങ്ങളൊന്നും നമ്മള്‍ പഠിക്കുമ്പോള്‍ ഉണ്ടായിരുന്നില്ല. മരങ്ങള്‍ ചിലതെല്ലാം മുറിച്ചു മാറ്റിയിരിക്കുന്നൂ..പ്രേമ ചുറ്റും നോക്കുന്നതിനിടയില്‍ പറഞ്ഞു..

രാജന്‍ മാഷിനു ആദരാഞ്ജലികള്‍ എന്നെഴുതിയ ബോര്‍ഡിന് താഴെ പൂക്കളും വിളക്കും വെച്ചിരിക്കുന്നൂ.. സുധാകരനും പ്രേമയും ബോര്‍ഡിലെ മാഷിന്‍റെ ഫോട്ടോ നോക്കുകയായിരുന്നൂ.. രണ്ടുപേരും ഒരു നിമിഷം കണ്ണടച്ചു മാഷിന്‍റെ ആത്മാവിനു അഞ്ജലികള്‍ നേര്‍ന്നു..സുവോളോജി ലാബിന്‍റെ വരാന്തകളിലൂടെ രണ്ടുപേരും നടന്നു..പ്രേമയുടെ മുഖത്ത് ചിരി..

സുധാകരന്‍ ചുവരുകള്‍ നോക്കുകയാണ്..പുതിയ പേരുകള്‍ പുതിയ കമിതാക്കള്‍.. പ്രണയ കവിതകള്‍ ഭിത്തികളില്‍ സ്ഥാനം പിടിച്ചിരിക്കുന്നൂ. പ്രേമയും താനും സ്ഥിരം ഇരിക്കാറുള്ള പഞ്ചാര മൂലയെന്നു വിളിക്കുന്ന ഇടം നിറയെ കമ്മുണിസ്ട്ട് പച്ച നിറഞ്ഞു കാട് പിടിച്ചിരിക്കുന്നൂ..

"സുധാകരാ, ഈ സ്ഥലം നമ്മള്‍ പോയതില്‍ പിന്നെ ആരും ഉപയോഗിച്ചിട്ടില്ലാന്നാ തോന്നണേ. "

" പ്രേമിക്കാന്‍ വര്‍ക്കത്തില്ലാത്ത സ്ഥലമെന്നു പറഞ്ഞു പരത്തിക്കാണും" സുധാകരന്‍ തമാശയായി പറഞ്ഞു.

പ്രേമ ഒരല്‍പ്പം നീരസത്തോടെ സുധാകരനെ നോക്കി. എന്നിട്ട് പറഞ്ഞു.

" അയ്യട, വല്യെ ഒരു പ്രേമ നായകന്‍ വന്നിരിക്കുണൂ.ഞാനെത്ര കെഞ്ചി നോക്കി, ഒരു രക്ഷേം ഉണ്ടായീല്യ..ചുവരില്‍ നമ്മുടെ പേരെഴുതി കയ് തഴമ്പിച്ച പിള്ളാരുടെ ശാപം പോലെയാണീ കാടിവിടെ.. എന്‍റെ മനസ്സും ഇതുപോലൊക്കെ തന്നെ..."

നടന്നു കൊണ്ടിരുന്ന സുധാകരന്‍ പൊടുന്നനെ നിന്നു.
ഇപ്പോള്‍ നീണ്ട കലാലയ വരാന്തയില്‍ സുധാകരനും പ്രേമയും മാത്രം.
സുധാകരന്‍ നിന്നപ്പോള്‍ പ്രേമയും നിന്നു..തിരിച്ചു സുധാകരന്‍റെ അരികിലെത്തി.
സൂക്ഷിച്ചു തൂണിലെ എഴുതിയത് വായിക്കുകയാണ്‌..

"ശാലീന സൌന്ദര്യമേ കരളില്‍ പതിഞ്ഞു കിടക്കുമേ
മായാതെ കറയറ്റ ചാരുതയെന്നു മെന്നും.."

ബി കോം രണ്ടാം വര്‍ഷം ക്ലാസിലുള്ള ശാലിനിക്കായി സുരേഷ് മേനോന്‍ എഴുതിയ സിനിമാഗാനം. അത് ശാലിനിയുടെ പുസ്തകത്തില്‍ താന്‍ മേനോന് വേണ്ടി കുറിച്ചപ്പോഴുണ്ടായ പ്രശ്നങ്ങളെ കുറിച്ചാലോചിച്ചപ്പോള്‍ സുധാകരന്‍ അറിയാതെ ചിരിച്ചു..

"പണ്ടത്തെ കുസൃതി ഒന്നും മറന്നിട്ടില്യലേ, അമ്പടാ ഈ ചുവരും വിട്ടില്യ ല്ലേ ഭയങ്കരന്‍.. " പുറകില്‍ പ്രേമയുടെ ശബ്ദം കേട്ടു സുധാകരന്‍ തിരിഞ്ഞു നോക്കി.

"ഇതു ഞാനല്ല, ഒരു പക്ഷെ സുരേഷാവും. " ചിരിയോടെ സുധാകരന്‍ പറഞ്ഞു..

"ദാ അവിടെ നോക്കൂ, ഭിത്തിയെക്കാളും വലിപ്പത്തില്‍ പരിചയമുള്ള പേരുകള്‍ കാണാം. ,
പല തവണ കുമ്മായം അടിച്ചിട്ടും മായാതെ കിടക്കുണൂ മനസ്സു പോലെ....." പ്രേമ ചൂണ്ടി കാട്ടിയ ചുവരുകളിലേക്ക് സുധാകരന്‍ നോക്കി.. കുന്ദംകുളത്തെ രവിയും കൂട്ടരും തനിക്ക് തന്ന പാരിതോഷികം.. സുധാകരന്‍ ചിരിച്ചൂ..

പിന്നെ പ്രേമയുടെ കണ്ണുകളിലേക്ക്‌ നോക്കി ചോദിച്ചു...

"പണ്ടു പബ്ലിക് ലൈബ്രറിയില്‍ വെച്ചു ചോദിച്ച ഒരു ചോദ്യം ഇപ്പോഴും കൊണ്ടു നടക്കുന്നുണ്ടോ വക്കീലെ.."

ഇതു കേട്ടു സുധാകരന്‍റെ കയ്യില്‍ പിടിച്ചു കൊണ്ടു പ്രേമ ചോദിച്ചു..

" സത്യം പറയൂ സുധാകരാ, ന്നെ ഇഷ്ടാണോ..ഇത്രേം കാലം വീട്ടുകാരുടെ നിര്‍ബന്ധം സഹിച്ചു കൊണ്ടു ഞാന്‍ ഇയാള്‍ക്ക് വേണ്ടിയാ കാത്തിരുന്നേ.. നമ്മളോരുമിച്ചൊരു ജീവിതം എന്നെങ്കിലും ആലോചിച്ചിട്ടിണ്ടോ..ഒരിക്കലെങ്കിലും.."

“ന്നെ സമാധാനിപ്പിക്കാനായി പറയേണ്ട. സത്യം എന്താച്ചാല്‍ അത് പറഞ്ഞാല്‍ മതി.”

പ്രേമയുടെ കണ്ണുകള്‍ക്ക്‌ ആയിരം നക്ഷത്രങ്ങളുടെ തിളക്കം പോലെ തോന്നി..സുധാകരനു എങ്ങിനെ തുടങ്ങണം എന്നറിയാതെയായി..പിന്നെ വരാന്തയിലെ പടിക്കെട്ടുകളില്‍ ഇരുന്നു...പ്രേമയെയും പിടിച്ചു അടുത്തിരുത്തി..

"പ്രേമ, ഈ സ്നേഹത്തിനു എന്ത് പകരം തന്നാലാണ് മതിയാകുക എന്നറിയില്ല.. എനിക്ക് സ്നേഹിക്കാനും ഓര്‍ക്കാനും അന്നും ഇന്നും ഇയാള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ.., ഇതിന് മുന്‍പ് പറയാതിരുന്നത് എന്നെ സ്നേഹിച്ചു സ്വന്തം ജീവിതം തകര്‍ക്കാതിരിക്കാന്‍ വേണ്ടി മാത്രം.. അല്ലാതെ എനിക്ക് ഇയാളോട് സ്നേഹമില്ലാതെയല്ല. “

“എന്നെ ഓര്‍ത്തു ഇയാളിവിടെ ഇരിക്കുമെന്നു സ്വപ്നത്തില്‍ പോലും ഞാന്‍ ആലോചിച്ചിട്ടില്യ. എനിക്ക് ഇയാളുടെ കൂടെ ജീവിക്കുവാന്‍ പൂര്‍ണസമ്മതം.” സുധാകരന്‍ പറഞ്ഞു നിര്‍ത്തി..

"ന്‍റെ നായര് കുട്ട്യേ, ഇനി എനിക്ക് ചത്താലും വേണ്ടില്ല." സന്തോഷത്തോടെ പ്രേമ കേറി പറഞ്ഞു..

"ജീവിതം തൊടങ്ങീട്ടില്യ അപ്പോഴേക്കും തൊടങ്ങ്യോ ചാകാനുള്ള ധൃതി വക്കീലെ.".. സുധാകരന്‍ കളിയാക്കി.

പ്രേമ ഉറക്കെ ചിരിച്ചു...ലഹരിയുള്ള ചിരി...സുധാകരന്‍ മനസ്സില്‍ പറഞ്ഞു..

"എന്താ ഇവിടെ പമ്മി ഇരിക്കണേ, സുധാകരാ എന്നെത്തി..ങാ പ്രേമേം ഉണ്ടോ.." പുറകില്‍ നിന്നും ലൈബ്രേറിയന്‍ കുഞ്ഞന്‍ മാഷിന്‍റെ ശബ്ദം കേട്ടപ്പോള്‍ പ്രേമയും സുധാകരനും എഴുന്നേറ്റു..

" കുഞ്ഞന്‍ മാഷേ, സുഖല്ലേ..ഞങ്ങള്‍ രാജന്‍ മാഷടെ വീട്ടില്‍ പോയീട്ട് വരണ വഴിയാ, പിന്നെ കോളേജില്‍ കേറി പഴയ ദിനങ്ങളൊക്കെ ഒന്നോര്‍ക്കാന്‍ ശ്രമിക്കായിരുന്നു.." പ്രേമ പറഞ്ഞു.

"എനിക്ക് സുഖം തന്നെ, രാജന്‍ മാഷടെ കാര്യം എന്താ പറയാ..ഒരസുഖോം ഇന്ടാര്‍ന്നില്യ മാഷ്ക്ക്, അങ്ങിന്യാ ജീവിതം, ക്ഷണികം അത്ര മാത്രം.." കുഞ്ഞന്‍ മാഷ്‌ പറഞ്ഞു കൊണ്ടു നടന്നു ലൈബ്രറിയിലേക്ക് പോയി.

പ്രേമ വാച്ചില്‍ നോക്കി..

" അമ്മ കാത്തിരിക്കുന്നുണ്ടാവും നമുക്കു വീട്ടില്‍ പോവാം.വരൂ സുധാകര "

പ്രേമ സുധാകരനോട് ചേര്‍ന്നു നടന്നു..

" സുധാകരനെ ഇവിടെ ഈ ഗേറ്റില്‍ വച്ചാണ് ഞാന്‍ ആദ്യം കണ്ടത്, അന്ന് കയ്യില്‍ ചുവന്ന കൊടിയും വായില്‍ കടിച്ചാല്‍ പൊട്ടാത്ത മുദ്രാവാക്യങ്ങളും ഉണ്ടായിരുന്നു..ഇന്നു അതൊന്നൂല്യാ ആള് മാറീരിക്കിണൂ.."

"അപ്പൊ കൊടി പിടിച്ചതോണ്ടാ എന്നോട് സ്നേഹം തോന്ന്യേ വക്കീലെ..?"

"ഏയ് അങ്ങിനല്യ, അന്ന് യൂത്ത് ഫെസ്ടിവലിനു സുധാകരന്‍ പാടീല്യെ, അന്നോരിത്തിരി ഇഷ്ടം തോന്നി..പക്ഷെ പറയാന്‍ പേട്യാര്‍ന്നു..പിന്നെ ഗീതേം ലതയും നിര്‍ബന്ധിച്ചപ്പോ ഒരു ദിവസം ഞാന്‍ സുധാകരനോട് പറയുവാനായ് വന്നു... അന്ന് സുധാകരന്‍റെ പാര്‍ട്ടിക്കഥ വയറു നിറച്ചു കേട്ടു ഞാന്‍ മടങ്ങി.."

സുധാകരന്‍ ചിരിച്ചു...

" എനിക്ക് പറയാന്‍ ആരും പിന്നെ ഉണ്ടായില്ല, അതങ്ങിനെ കൊണ്ടു നടന്നു..പിന്നെ ഒരു ദിവസം ഞാനായിട്ട്‌ സുധാകരനോട് ചോദിച്ചു. അന്ന് സുധാകരന് മനസ്സുണ്ടായില്ല. പിന്നീട് കോളേജ് തീര്‍ന്നപ്പോള്‍ അമ്മ ചില വിവാഹ ആലോചനകളുമായി വന്നു.. അന്ന് അമ്മയോട് പറയേണ്ടി വന്നു....."

സുധാകരന്‍ ഒന്നും പറയാതെ പ്രേമയെ നോക്കി നിന്നു.

"വരൂ കാറില്‍ കയറൂ..അമ്മ കാത്തു നില്‍ക്കുന്നുണ്ടാവും.." പ്രേമ പറഞ്ഞു കൊണ്ടു സ്ടീരിംഗ് വീലിനു പിന്നില്‍ ഇരുന്നു.

"ഇയാളുടെ അമ്മയുടെ പിറന്നാളാണെന്ന് എനിക്കറിയാമായിരുന്നില്ല, അതോണ്ട്‌ അമ്മെക്കെന്തെങ്കിലും ഒരു സമ്മാനം വാങ്ങിക്കാതെ എങ്ങിന്യാ പോകാ.., എന്താ അമ്മക്കിഷ്ടം.. പ്രേമേ " സുധാകരന്‍ ചോദിച്ചു..

" ഓ എന്‍റെ അമ്മേ സോപ്പിടാന്‍ തന്നെ തീരുമാനിച്ചോ, ശരി ഞാന്‍ പറഞ്ഞു തരാം.. കൈത്തറീടെ വേഷ്ടി മുണ്ടാണ് അമ്മയുടെ ഇഷ്ടപ്പെട്ട ഒരു ഐറ്റം..അതല്ലെങ്കില്‍ സ്വാമീടെ കടെന്നു കിട്ടുന്ന പാല്‍ഗോവ. ഇതിലേതായാലും അമ്മക്ക് ഇഷ്ടാണ്..."

കൈത്തറിയില്‍ നിന്നു വേഷ്ടി മുണ്ടെടുക്കാന്‍ സുധാകരനെ പ്രേമ സഹായിച്ചു..
പ്രേമ എതിര്‍ത്തെങ്കിലും പ്രേമക്കും ഒരു വേഷ്ടി മുണ്ട് വാങ്ങി സുധാകരന്‍ ...

" വക്കീലെ, പൊക്കി പറയല്ല ഇയാള് ഈ വേഷ്ടി മുണ്ട് എടുത്തിട്ടോന്നു കാണണം എനിക്ക്.."

" അയ്യട, അത്രയ്ക്ക് ധൃതിയായോ., വീട്ടിലെത്തട്ടെ വഴീണ്ടാക്കാം " പ്രേമ കളിയോടെ പറഞ്ഞു.

കാറില്‍ സംഗീതം...." പറയാന്‍ മറന്ന പരിഭവങ്ങള്‍
വിരഹാര്‍ദ്രമാം മിഴികളോര്‍ക്കെ..."

സുധാകരന്‍ കാറോടിക്കുന്ന പ്രേമയെ നോക്കി.. കുസൃതി ചിരി ഒളിക്കുവാന്‍ ശ്രമിക്കുന്ന പ്രേമ.. സുധാകരനും ചിരിച്ചു..

വീടെത്തിയപ്പോള്‍ പ്രേമയുടെ അമ്മ പൂമുഖത്തുണ്ടായിരുന്നു..

" എവിട്യാര്‍ന്നു കുട്ടികളെ, എത്ര നേരായി കാത്തു നിക്കുണൂ..?" അമ്മ ചിരിച്ചു കൊണ്ടു ചോദിച്ചു..

" ഞങ്ങള്‍ രാജന്‍ മാഷ്‌ടെ വീട്ടീന്ന് കോളേജില്‍ ഒന്നു പോയി, പിന്നെ ടൌണില്‍ പോയി, അങ്ങിനെ സമയം പോയതറിഞ്ഞില്ല..പ്രേമ വീട്ടിലേക്ക് കയറുന്നതിനിടയില്‍ പറഞ്ഞു..

" അമ്മക്ക് എന്‍റെ പിറന്നാള്‍ ആശംസകള്‍.., ഇതൊരു സെറ്റ് മുണ്ടാണ്..വേണ്ടാന്നു പറയരുത്..." സുധാകരന്‍ പറഞ്ഞിട്ടു വേഷ്ടി മുണ്ടിന്‍റെ പാക്കറ്റ് അമ്മയുടെ കയ്യില്‍ കൊടുത്തു..

" ഓ എന്തിനാ കുട്ട്യേ ഇതു വാങ്ങ്യെ, ഇവളു പറഞ്ഞ്വോ, ന്താ ന്‍റെ പ്രേമേ ഇത്.."

" അമ്മേ ഇത് ഞാന്‍ ന്‍റെ ഇഷ്ടത്തിന് വാങ്ങീതാ, പ്രേമക്കും ഒന്നു വാങ്ങീട്ടിണ്ട് " സുധാകരന്‍ പ്രേമയെ രക്ഷിക്കുവാന്‍ ഒരു ശ്രമം നടത്തി നോക്കി..

" ഞാന്‍ എന്താ പറയ്വാ, വര്വാ, ഊണു കഴിക്കാം.." നിസ്സഹായാവസ്ഥ ആ വാക്കുകളില്‍ ഉണ്ടായിരുന്നോ എന്ന് സുധാകരന് തോന്നി..


(തുടരും)

April 08, 2008

വിശപ്പ്‌

പതിനെട്ടു വയസ്സിനും താഴെയുള്ള കുട്ടികള്‍ ഭാരത ജനസംഖ്യയുടെ നാല്‍പ്പതു ശതമാനത്തിലധികം വരും, അതില്‍ വലിയൊരു ശതമാനവും ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്തവരും പാഠശാലയുപേക്ഷിച്ചു തൊഴില്‍ ചെയ്യുന്നവരുമാണ്. ഭാരതത്തിലെ അനാഥരായ കുഞ്ഞുങ്ങളുടെ ഉന്നമനത്തിനു പ്രയത്നിക്കുന്ന എല്ലാ നല്ല മനസ്സുകള്‍ക്കുമായി ഈ വരികള്‍ സമര്‍പ്പിക്കട്ടെ..

കവിതയും ആലാപനവും : ഗോപന്‍

വിശപ്പ്‌


നഗരത്തിന്‍ നിരത്തിലെ
അഴുക്കിന്‍ കൂടയില്‍
ജീവിതം കൊരുത്തോര-
നാഥമാം ഉയിര്‍കളെ..

വിശപ്പിന്‍ വിളിയിലും
തീരാത്ത നോവിലും
നിങ്ങളോര്‍ക്കുന്നുവോ
ഈ കാപട്യ ലോകത്തെ

ഇല്ല, സ്നേഹമേകാ-
നിന്നൊരു മാതാവും
ഇല്ല, സ്വപ്ന മേകാ -
നിന്നൊരു താതനും

എങ്കിലു മോര്‍ക്കുക,
നിങ്ങളില്‍ ഭദ്രമീ
നാടിന്‍ സമൃദ്ധിയും
തത്വ ശാസ്ത്രങ്ങളും !

ഒരു മാത്രയെങ്കിലും
നിങ്ങള്‍ പൊറുക്കയീ-
സ്വാര്‍ത്ഥമാം ലോകത്തിന്‍
നിരര്‍ത്ഥമാം ജല്‍പനം !


Get this widget Track details eSnips Social DNA

മടക്കയാത്ര-മൂന്ന്

ഈ കഥയുടെ ആദ്യ പോസ്റ്റുകള്‍ വായിക്കാത്തവര്‍ക്കായി ലിങ്ക് ഇവിടെ ചേര്‍ത്തിരിക്കുന്നു.

മൂന്നാം ഭാഗം

സുധാകരന്‍റെ വീട്.

അച്ഛന്‍റെ ശേഖരത്തിലെ വൈലോപ്പിള്ളി കവിതകള്‍ എടുത്തു വായിക്കുന്ന സുധാകരന്‍..
മാമ്പഴമെന്ന കവിത എത്ര തവണ ചൊല്ലി കേള്‍ക്കുമ്പോള്‍ കരഞ്ഞിരിക്കുന്നു, ഇന്നും വായിക്കുമ്പോള്‍ സുധാകരന്‍റെ കണ്ണിനു നനവ്‌..

"സുധാകരാ നിനക്കു രാത്രീലിക്ക് ഊണു നിര്‍ബന്ധംണ്ടാ ?" അമ്മയുടെ ശബ്ദം കേട്ടപ്പോള്‍ സുധാകരന്‍ പുസ്തകത്തില്‍ നിന്നും തലയുയര്‍ത്തി നോക്കി..

"അമ്മക്ക് എന്താ വെച്ചക്കണേ, അത് തന്നെ മതി..എനിക്കായിട്ടു പ്രത്യേകിച്ചൊന്നും വേണ്ട.."

"എനിക്ക് കുത്തരി കഞ്ഞിയാ വെക്കണേ, നിനക്കു ചോറു വെക്കാം ന്താ പോരെ.."

"വേണ്ടമ്മേ, എനിക്കും കഞ്ഞി മതി, എത്ര കാലായി കഞ്ഞി കുടിച്ചിട്ട്, പ്ലാവില കരണ്ടീം, നാളികേരം അരച്ച ചമ്മന്തിയും മുളക് വറുത്തതും ഇന്നും ആലോചിക്കുമ്പോ വായില്‍ വെള്ളം വരണൂ.. "

"പ്ലാവില തെക്കേപ്പുറത്തുള്ള പ്ലാവിന്‍റെ ചോട്ടീപ്പോയാ കിട്ടും, നീ പോയി എടുത്തിട്ടു വാ, എനിക്ക് കണ്ണിത്തിരി കാഴ്ച കൊറവാ.."

സുധാകരന്‍ ചാരു കസാലയില്‍ നിന്നെഴുന്നേറ്റ് തെക്കേ പുറത്തേക്ക് പോയി. പണ്ടു ചക്കയിടാന്‍ പ്ലാവിന്‍റെ പുറത്തു വലിഞ്ഞു കയറി കാല് തെറ്റി താഴെ വീണകാര്യമാലോചിച്ചപ്പോള്‍ ചിരിച്ചു..

പഴയ ഓര്‍മകളെ പോലെ അടര്‍ന്നു വീണിരുന്ന പഴുത്ത പ്ലാവിലകള്‍ പെറുക്കിയെടുത്തു, പോകുന്ന വഴിക്കു ചെന്തെങ്ങിന്‍റെ ഈര്‍ക്കിലും തയ്യാറാക്കി സുധാകരന്‍ ഊണു മേശയില്‍ ഇരുന്നു കരണ്ടിയുണ്ടാക്കി. പണ്ടു പോലീസും കള്ളനും കളിക്കാന്‍ പ്ലാവിലകള്‍ വെച്ചു തൊപ്പിയും അരപ്പട്ടയും ഉണ്ടാക്കിയതും ഓര്‍ത്തങ്ങിനെ സുധാകരന്‍ ഇരുന്നു.. ബാല്യം എത്ര സുഖമായിരുന്നു.. ദുഃഖങ്ങള്‍ ഇല്ലാത്ത സുന്ദരമായ കാലം.

"സുധാകരാ, നീയ് അവടീണ്ടാ ?" അമ്മയുടെ ശബ്ദം കേട്ടിട്ടു അടുക്കളയിലേക്കു ചെന്നു.

"എന്താ അമ്മേ, സഹായം എന്തെങ്കിലും വേണോ എന്‍റെ"

"നാളികേരം ഒന്നു പൊതിക്കണം, പിന്നെ ചെരവേം വേണം, നിനക്കു പറ്റോ ?"

"ഞാന്‍ ചെയ്യാം, നാളികേരം എവിട്യാ. "

നാളികേര മെടുത്തു, ചകിരി കീറി, മുറിച്ചു, ചിരകി കൊടുത്തപ്പോള്‍ സുധാകരന്‍റെ കൈകള്‍ക്കും ചുമലിനും കടച്ചില്‍, തനിക്ക് വയസ്സായി തുടങ്ങീന്നു ശരീരവും പറഞ്ഞു തുടങ്ങിയോ..

അടുക്കളയിലെ ബഞ്ചില്‍ കിടന്നു സുധാകരന്‍ കുറച്ചു നേരം..ഒന്നു മയങ്ങിയെന്നു തോന്നുന്നു..

"സുധാകരാ എണീക്ക്, കഞ്ഞി കുടിക്ക്യാ.".അമ്മയുടെ ശബ്ദം കേട്ടെഴുന്നേറ്റു.

കഞ്ഞിയും ചമ്മന്തിയും മുളക് വറുത്തതും ചുട്ട പപ്പടവും പ്ലാവില കരണ്ടിയും ചേര്‍ന്നപ്പോള്‍ ബാല്യ കാലത്തിലെത്തിയ പ്രതീതി. സുധാകരന്‍ ആസ്വദിച്ചു ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോള്‍ അമ്മക്ക് സന്തോഷം.

" സുധാകരാ, നീ മറുപടി ഒന്നും പറഞ്ഞില്ലല്ലോ, എനിക്ക് രാധാകൃഷ്ണനോടു ഒരു തീരുമാനം അറിയിച്ചേ മതിയാവൂ, എന്താന്നു വെച്ചാ നീ പറയ്വാ"

"അമ്മേ കല്യാണംന്നൊക്കെ പറയുമ്പോ, കൊറച്ചൊക്കെ ആലോചിക്കണ്ടേ.
ജാതകം വെച്ചു പൊരുത്തം നോക്കി, കവടി നിരത്തി സമയം ഒക്കെ നോക്കണ പരിപാടിക്ക് എന്തായാലും ഞാനില്ല. അതില്യാത്ത എന്തെങ്കിലും ഉണ്ടെന്കില്‍ നമുക്കു നോക്കാം. സമയം ധാരാളം ഉണ്ടല്ലോ. അമ്മെക്കെന്താ ഇത്ര ധൃതി, എന്നെ കല്യാണം കഴിപ്പിച്ചു വിട്ടിട്ട്, അമ്മക്ക് കാശിക്കു പോണോ ?"

" ജാതകം വേണ്ടങ്കെ വേണ്ട, ഇതൊക്കെ നിനക്കു നല്ലതിനാന്നു മാത്രം ആലോചിച്ചാമതി. പെണ്ണുനോക്കണ പണി അത്ര എളുപ്പല്ല ന്‍റെ മോനേ.. രണ്ടീസം കഴിഞ്ഞാ നീയങ്കിടു പോവും, പിന്നെ ഇതൊന്നു ശരിയായി കിട്ടാന്‍ ഞാന്‍ ഇങ്ങനെ ഇവിടെ കെടന്നു ചക്രശ്വാസം വലിക്കണം, അത് വല്ലതും നിനക്കറിയണാ"

"അമ്മക്ക്,ഇപ്പൊ എന്താ വേണ്ടേ, ഞാന്‍ കല്യാണം കഴിക്കണം അത്രല്യെ ഉള്ളോ, ഞാന്‍ തിരിച്ചു പോകുന്നതിനും മുന്‍പ് പറയാം. മത്യോ? “

"ങാ,അങ്ങിന്യാച്ചാല്‍, അങ്ങിനെ. ഞാനെന്താ പറയാ, നീ ചെറ്യെ കുട്ട്യല്ലല്ലോ"

സുധാകരന്‍ ഭക്ഷണം കഴിച്ചെഴുന്നേറ്റു.

*********************************************


പ്രഭാതം : സുധാകരന്‍റെ വീട്

അകലെയുള്ള അമ്പലത്തില്‍ നിന്നും ഒഴുകിയെത്തുന്ന കൌസല്യാ സുപ്രഭാതത്തിന്‍റെ നേര്‍ത്ത സ്വരം. പ്രായമൊന്നും വകവെക്കാതെ അതിരാവിലെ തന്നെ സരസ്വതിയമ്മ കുളി കഴിഞ്ഞു തുളസി തറയില്‍ വിളക്കും വെച്ചു അമ്പലത്തിലേക്കു പോകുവാനുള്ള തയ്യാറെടുപ്പിലാണ്.

സുധാകരനെ അമ്മ വിളിച്ചുണര്‍ത്തി അമ്പലത്തിലേക്കു പോകുന്നെന്ന് പറയാന്‍. സുധാകരന്‍ പിന്നീട് ഉറങ്ങാതെ താഴോട്ടിറങ്ങി വന്നു, ഉണ്ടാക്കിയിരുന്ന കട്ടന്‍ കാപ്പിയും കുടിച്ചു കൊണ്ടു പഴയ ദിനപത്രങ്ങളിലൂടെ കണ്ണോടിച്ചു..

തൃശ്ശൂര്‍ നഗരവും മാറിയിരിക്കുന്നു.. സൂപ്പര്‍ മാര്‍ക്കറ്റും പുതിയ ബാങ്കുകളും ടി വി ഷോപ്പും എന്നുവേണ്ട പാര്‍ട്ടി ഓഫിസുകള്‍ക്കും ഉണ്ട് മാറ്റം.. പുതിയ എ കെ ജി സെന്‍റ്ററില്‍ സമ്മേളനം, ചുമട്ടു തൊഴിലാളി യൂണിയന്‍ നടത്തുന്ന ധര്‍ണ, വിലവര്‍ധനവിനെതിരെ കളക്ടറേറ്റ് മാര്‍ച്ച് ...

സത്യം, കേരളത്തില്‍ സമരമോ ധര്‍ണയോ ഇല്ലാതെ ഒരു ദിവസം പോലും ഇല്ല എന്നുള്ള സ്ഥിതിയായി. സംസ്ഥാനം നൂറു ശതമാനം സാക്ഷരത കൈവരിച്ചപ്പോള്‍ അതിന്‍റെ പത്തിരട്ടി രാഷ്ട്രീയ പ്രബുദ്ധത ജനങ്ങളില്‍ കൂടി എന്ന് തോന്നുന്നു.. പഠിപ്പ് മുടക്കി, ജാഥകള്‍ നയിച്ചു, പിന്തിരിപ്പന്‍ ശക്തികള്‍ക്കെതിരായി വായ്തോരാതെ പ്രസംഗിച്ചു, പിന്നെ ചൂടു മാറാതെ കടകള്‍ അടപ്പിച്ചു, ബസ്സ് തടഞ്ഞു, പോലീസുമായി ഉടക്കി എന്തെല്ലാം പ്രശ്നങ്ങള്‍ താനും കൂട്ടരും കലാലയ രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയിരിക്കുന്നു..

ഈ കര്‍മ്മം തലമുറകളായ് തുടരുന്നു, അങ്ങിനെ സാധാരണക്കാരന് ജോലി ചെയ്തു ജീവിക്കുവാന്‍ അയല്‍ സംസ്ഥാനത്തേക്ക് മാറി താമസിക്കേണ്ട അവസ്ഥയും..

തന്‍റെ സോഷ്യലിസ്റ്റ് ചിന്താഗതി കഴിഞ്ഞ എഴുവര്‍ഷത്തിനുള്ളില്‍ മാറിയത് സുധാകരന്‍ വേദനയോടെ അറിഞ്ഞു.. ഇസവും സിദ്ധാന്തങ്ങളും വായിക്കുവാനും വികാരഭരിതനാകുവാനും കൊള്ളാം, അതൊന്നും പാവപ്പെട്ടവന്‍റെ വയറു നിറക്കില്ല, പട്ടരു സ്വാമി പറഞ്ഞതോര്‍ത്തു.

"നീയെന്തേ ഒറങ്ങീല്യെ സുധെ " അമ്മയുടെ ശബ്ദം കെട്ട് സുധാകരന്‍ ചിന്തകളില്‍ നിന്നും ഉണര്‍ന്നു.

"ഇല്യ, ഞാനിവിടരിന്നു പഴയ പത്രം വായിക്കായിരുന്നു, അമ്മക്ക് വയ്യങ്ങെ കാലത്തെണീട്ട് ഇങ്ങിനെ ബുദ്ധിമുട്ടണോ..?" സുധാകരന്‍ ചോദിച്ചു..

"ഇതൊക്കെ എനിക്ക് ശീലാ..എത്ര വര്‍ഷായി ഞാന്‍ കാലത്തു അമ്പലത്തില് പോണു.."

"ശരി, ഞാനൊന്ന് കുളിക്കട്ടെ, എനിക്ക് തൃശ്ശൂര്‍ക്ക് പോണം, അമ്മെക്കെന്തെങ്കിലും വേണോ തൃശ്ശൂരിന്ന്"

"നീയ്, കോട്ടക്കല്‍ ആര്യവൈദ്യശാലേടെ വഴിക്കു പോവുണ്ടാന്ന്ച്ചാ, കൊറച്ചു കൊഴമ്പ് വാങ്ങ്യാ തരക്കേടില്ല."

“ശരി അമ്മേ, മരുന്നിന്‍റെ കുറിപ്പടി എടുത്തു വെച്ചേക്കൂ “

കുളികഴിഞ്ഞു പുറത്തു പോകുവാനുള്ള വേഷവും അണിഞ്ഞു താഴെ എത്തിയ സുധാകരന്‍ അമ്മയുണ്ടാകിയ പ്രാതലും കഴിച്ചിറങ്ങി.. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അമ്മ ചോദിച്ചൂ..

"നീയ് ഊണിന്നിണ്ടാവില്ലേ സുധെ".

"ഇല്ല അമ്മേ, അമ്മ കഴിച്ചോളൂ, ഞാന്‍ വരുമ്പോ കുറച്ചു വൈകും"

തൃശ്ശൂരിലേക്ക് പോകുന്ന ബസ്സില്‍ കയറാന്‍ സുധാകരന്‍ കുറച്ചു ബുദ്ധിമുട്ടി..
പണ്ടത്തെ പോലെ ഓടി ബസില്‍ കയറുവാന്‍ പറ്റാതെയായീര്‍ക്കുണു. സുധാകരന്‍ മനസ്സിലോര്‍ത്തു. കോളേജിലേക്ക് എത്ര തവണ ഫുട്പാത്തില്‍ യാത്ര ചെയ്തിരിക്കുന്നു. ഇന്നു ബസ്സിനകത്ത് ഇരുന്നു യാത്ര ചെയ്യുമ്പോഴും പഴയ ആ സുരക്ഷിതത്വ ബോധം വരുന്നില്ല.

ബസ്സ് താമസിയാതെ തൃശ്ശൂര്‍ നഗരത്തിലെത്തി. സുധാകരന്‍ ഇറങ്ങി അയ്യന്തോളിലേക്കുള്ള ബസ്സിനെ കുറിച്ചു തിരക്കി. വീട്ടില്‍ പ്രേമ കാണുമോ എന്നറിയില്ല. എന്തായാലും വീട്ടിലേക്ക് പോകുകതന്നെ.

സുധാകരന്‍ ആദ്യം വന്ന ബസില്‍ കയറി, കലക്ക്ടറേട്ടിലേക്ക് ടിക്കറ്റ് എടുത്തു. വഴിയില്‍ ജാഥയും സമരവും കണ്ടു സ്വയം ചിരിച്ചു.കലക്ടറെട്ടിലെ സ്റ്റോപ്പില്‍ ഇറങ്ങി, പ്രേമയുടെ വീട്ടിലേക്ക് നടന്നു.വീട് തിരഞ്ഞു പിടിക്കുവാന്‍ കുറച്ചു പ്രയാസപ്പെട്ടുവെങ്കിലും വീടിന്‍റെ പുറത്തെഴുതിവെച്ചിരിക്കുന്ന പേരു കണ്ടപ്പോള്‍ തീര്‍ച്ചപ്പെടുത്തി ഉള്ളില്‍ കയറി.

പുറത്തു കാറുകള്‍ നിര്‍ത്തിയിട്ടിരുന്നു. അന്‍പതു വയസ്സെങ്കിലും തോന്നിക്കുന്ന ഒരു സ്ത്രീ പൂമുഖത്ത്‌ നില്‍ക്കുന്നുണ്ട്‌. സുധാകരന്‍ പടി തുറന്നു വീട്ടില്‍ കയറുന്നത് അവര്‍ ആകാംക്ഷയോടെ നോക്കി കൊണ്ടിരിക്കുന്നു.

" ഇതു പ്രേമയുടെ വീടാണോ " സുധാകരന്‍ ചോദിച്ചു.

"അതെ, നിങ്ങള്‍ ആരാ ?"

"എന്‍റെ പേരു സുധാകരന്‍, പണ്ടു പ്രേമയുടെ കൂടെ പഠിച്ചിട്ടുണ്ട്, ഇപ്പൊ മദ്രാസിലാണ്"

"ഞാന്‍ പ്രേമയുടെ അമ്മയാണ്, പ്രേമ പുറത്തു പോയിരിക്കാണല്ലോ. ഞാന്‍ മൊബൈലില്‍ ഒന്നു വിളിച്ചു നോക്കട്ടെ, കയറി ഇരിക്കൂ.." പ്രേമയുടെ അമ്മ അത് പറഞ്ഞിട്ടു വീടിന്നകത്തേക്ക് പോയി.

സുധാകരന്‍ ഇരുന്നു മുറ്റത്ത്‌ നില്ക്കുന്ന ചെടികളെയും പൂവുകളെയും കണ്ണോടിച്ചു..
മുല്ലപ്പൂവും, കനകാമ്പരവും, പല വര്‍ണതിലുള്ള ചെമ്പരുത്തിയും ഭംഗിയായി വളര്‍ത്തിയിരിക്കുന്നു. രണ്ടു കാറുകള്‍.

കുറച്ചു നേരത്തിനു ശേഷം പ്രേമയുടെ അമ്മ തിരിച്ചെത്തി.

" പ്രേമ ഇപ്പൊ വരും, ഒരു പത്തു മിനിറ്റെങ്കിലും എടുക്കും.ചായ എടുക്കട്ടെ, നിങ്ങള്‍ക്ക്."

"ചായ വേണ്ട, ഞാനിപ്പോള്‍ കുടിച്ചതെയുള്ളൂ. കുറച്ചു വെള്ളം തന്നേക്കൂ."

സുധാകരന്‍ ടീപ്പോയില്‍ ഇരുന്നിരുന്ന പത്രമെടുത്തു കണ്ണോടിച്ചു.

(തുടരും)

April 06, 2008

മടക്കയാത്ര - രണ്ട്

ഈ കഥയുടെ ആദ്യ പോസ്റ്റ് വായിക്കാത്തവര്‍ക്കായി ലിങ്ക് ഇവിടെ ചേര്‍ത്തിരിക്കുന്നു.

രണ്ടാം ഭാഗം

സുധാകരന്‍ നടന്നു വീടിന്‍റെ ഉമ്മറത്തെത്തി. അച്ഛനായി ശേഖരിച്ചു വെച്ച പുസ്തകങ്ങള്‍ മുഴുവന്‍ അമ്മ പൊടിതട്ടി ചില്ലലമാരയില്‍ സൂക്ഷിച്ചിട്ടുണ്ട്‌. കണ്ടപ്പോള്‍ വായിക്കാന്‍ വേണ്ടി ചിലത് പുറത്തെടുത്തു.

റോഡിലേക്ക്‌ നോക്കി നിന്നപ്പോള്‍ സ്കൂളില്‍ കൂടെ പഠിച്ച പെണ്‍കുട്ടിയെ കണ്ടു, പേരു എത്ര ഓര്‍ത്തിട്ടും ഓര്‍മയില്‍ വന്നില്ല. അവരടുത്തു വന്നപ്പോള്‍ സുധാകരനോട് ചോദിച്ചു.

"എപ്പഴാ വന്നെ സുധാകരാ, എന്നെ അറിയ്വോ, ഞാന്‍ ജെസ്സി പണ്ടു കൂടെ പഠിച്ചിട്ടിണ്ട് പള്ളി സ്കൂളില്. ഓര്‍മീണ്ടോ ?"

"എനിക്ക് ഓര്‍മ്മീണ്ട്ട്ടാ, പേരു നാവില്‍ വന്നില്ല ,അത്രമാത്രം. ജെസ്സി ഇപ്പൊ എന്താ ചെയ്യണേ.”

"ഞാന്‍ ഇവിടെ പള്ളീല് കൊട്ടനെയ്തു ചെയ്യണ സ്ഥലത്തു ജോലി ചെയ്യണൂ, ഞാനമ്മയെ കാണാറുണ്ട്‌, വിശേഷങ്ങള്‍ അറിയാറൂണ്ട്‌ ..”

അമ്മ പുറകെ വന്നത് സുധാകരന്‍ കണ്ടില്യ,

"ആരാ, ജെസ്സ്യാ. എന്തോക്കീണ്ട് മോളെ വിശേഷം. അമ്മക്ക് സുഖം തന്ന്യല്ലേ,"

"സുഖം തന്നെ അമ്മേ, ഞാന്‍ സുധാകരനെ കണ്ടപ്പോ ഒന്നു നിന്നതാ, വരട്ടെ."

"നല്ല സ്നേഹള്ള കുട്ട്യാ, വീട് നോക്കി നടത്തണതു ഈ കുട്ട്യാ, അപ്പന് വയ്യാണ്ടേ കിടപ്പിലായിട്ടു വര്‍ഷങ്ങളായി, ഈ കുട്ടീടെ ചേച്ചിക്കും വയ്യാന്നാ പറയണ കേട്ടേ.. പാവം."

"നിന്‍റെ കൂടെ പഠിച്ച ഒരു പെങ്കുട്ടീണ്ടാര്‍നില്ലേ, ആ പര്യാരത്തെ രാമുണ്യാരുടെ മോള്, എന്താ ആ കുട്ടീടെ പേരു, ആ എനിക്കോര്‍മ്മ വരിണില്യ, ആ കുട്ടീനെ ഞാന്‍ പുഷ്പാന്ഞലീല് കഴിഞ്ഞാഴ്ച ശ്യാമളേടെ അനീത്തീടെ കല്യാണത്തിനു പോയപ്പോ കണ്ടിണ്ടാര്‍ന്നു, നിന്നെ പറ്റി ചോദിച്ചു.. ഇപ്പൊ വക്കീലായീത്രേ, ഹൈകോര്‍ട്ടിലെ മേനോന്‍ വക്കീലിന്‍റെ കൂട്യാത്രെ ജോലി ചെയ്യണേ. നിനക്കു ഓര്‍മ്മീല്യെ സുധെ.. "

സുധാകരന്‍റെ മറുപടി ഒരു ചിരി മാത്രമായി, അമ്മക്ക് പ്രേമയെ എങ്ങിനെ അറിയാമെന്നാലോചിക്കുകയായിരുന്നു. ഒരു പക്ഷെ, രമ പറഞ്ഞു കൊടുത്തുകാണും.

"എന്താ മോനേ നീ ആലോചിക്കണേ, ഞാന്‍ പറഞ്ഞതു നീ കേട്ടിലാന്നുണ്ടോ ഇനി ? "

"അമ്മക്ക് പ്രേമയെ എങ്ങിന്യാ അറിയാന്നു ആലോചിച്ചു നോക്കാര്‍ന്നു. പ്രേമ ഇവിടെ വന്നട്ടില്ലല്ലോ, പിന്നെ എങ്ങിന്യാ അമ്മക്ക് ആ കുട്ടിയെ അറിയാ?"

അമ്മയുടെ മുഖത്ത് ചിരി, "ഓ അതാ കാര്യം , രമ ഇവിടെ വന്നപ്പോ, നിന്‍റെ മുറിയൊന്നു വൃത്തിയാക്കാന്‍ പുറപ്പെട്ടതാ. നിന്‍റെ പഴയ പുസ്തകമൊക്കെ അടുക്കി വെച്ചപ്പോള്‍ ആ കുട്ടീടെ ഒരു കവിത കണ്ടിട്ട് എന്നെ കാണിച്ചു തന്നിട്ടുണ്ടാര്‍ന്നു. പിന്നെ ഒരു ദിവസം ആ കുട്ടി അടുത്ത വീട്ടിലെ ശ്യാമളേടെ വീട്ടില്‍ വന്നു, വന്നപ്പോ ഞാന്‍ അവരുടെ വീട്ടില്‍ ഉണ്ടായിരുന്നു. അങ്ങിനെ പരിചയപ്പെട്ടതാ"

സുധാകരന്‍ എന്ത് പറയണം എന്നറിയാതെ മിണ്ടാതെ നിന്നു..

"മോനേ, നിന്‍റെ പ്രായത്തിലുള്ള കുട്ടികളെല്ലാം കല്യാണമൊക്കെ കഴിച്ചു കുട്ടികളായ് സുഖായിട്ട് ജീവിക്കണ കാണുമ്പോ എനിക്ക് അസൂയ തോന്നുണൂ, നിനക്കെന്താ കല്യാണം കഴിച്ചാല്‍, ഇനി ആരെയെങ്കിലും മനസ്സില്‍ കണ്ടു വെച്ചിട്ടുണ്ടോ നീ., കഴിഞ്ഞ തവണ രമ വന്നപ്പളും ഇതു തന്യാ അവളും പറഞ്ഞേ."

"എനിക്ക് ഇപ്പൊ കല്യാണൊന്നും വേണ്ട അമ്മേ, അങ്ങിനെ ആവശ്യാവുമ്പോ ഞാന്‍ പറയാം പോരെ.." സുധാകരന്‍ രക്ഷപ്പെടുവാന്‍ ഒരു ശ്രമം നടത്തി നോക്കി.

" എന്‍റെ കണ്ണടക്കണതിന് മുമ്പാവ്വോ മോനേ.." അമ്മ വിടാനുള്ള ഭാവമില്ല.

"അമ്മേ, ഞാന്‍ സ്വസ്ഥമായി ഒന്നു ജീവിച്ചോട്ടെ, എനിക്കിപ്പോ കല്യാണം വേണ്ട..പറയണത്‌ കേള്‍ക്കൂ"

"പുളിയന്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദെവസം കൂടി ഒരാലോചനേടെ കാര്യം എന്നോട് പറഞ്ഞേയുള്ളൂ, നല്ല തറവാട്ടുകാരാ, ആകെ ഒരു പെങ്കുട്ട്യാ അവര്‍ക്ക്.. കാണാനും കൊള്ളാം നിനക്കിഷ്ടായീന്നുവെച്ചാ നമുക്കൊന്നു പോയിക്കാണാം എന്ത് പറയുണൂ നീയ് " അമ്മ നിര്‍ബന്ധിച്ചു.

ഇതങ്ങിനെ ഒഴിഞ്ഞു മാറുവാന്‍ പറ്റില്ലെന്ന് സുധാകരന് മനസ്സിലായതിനാല്‍ തല്‍ക്കാലത്തേക്ക് രക്ഷപെടാന്‍ ഉറക്കം വരുന്നെന്നു പറഞ്ഞു തന്‍റെ മുറിയിലേക്ക് പോയി.

സന്ധ്യയാകാറായി,

സരസ്വതിയമ്മ സന്ധ്യക്ക്‌ ദീപം വെയ്ക്കാനുള്ള ശ്രമത്തിലാണ്.
കൈയും കാലും കഴുകി വന്നു, വിളക്ക് കഴുകി പൂജാ മുറിയില്‍ കയറി, നാമം ചൊല്ലുവാന്‍ തുടങ്ങി.. പൂജാ മുറിയിലെ അഞ്ചുതിരി വിളക്ക് കൊളുത്തിയതിനു ശേഷം തുളസി തറയിലേക്കുള്ള ദീപം എടുത്തു "ദീപം, ദീപം" എന്ന് ചൊല്ലി തുളസി തറയില്‍ വെച്ചു പ്രദക്ഷിണം വെച്ചു തൊഴുതു.. പൂജാ മുറിയില്‍ ഇരുന്നു നാമം ചൊല്ലി തുടങ്ങി.

കിടക്കയില്‍ കിടക്കുന്ന സുധാകരന്‍, അമ്മയുടെ നാമ ജപം മുകളില്‍ ഉള്ള തന്‍റെ മുറിയിലേക്ക് കേള്‍ക്കാം, നാമ ജപത്തിന്‍റെ ശബ്ദം പഴയ നാളുകളിലേക്ക് സുധാകരനെ കൊണ്ടു പോയി.

അച്ഛനുണ്ടായിരുന്ന കാലത്ത് ആഘോഷങ്ങള്‍ക്കെല്ലാം പ്രത്യേകതയായിരുന്നു. തിരുവാതിരയും, ഓണവും, വിഷുവും, വേലയും, പൂരവും വരുന്നതിനു മുന്‍പേ ഒരുക്കം തുടങ്ങും, അച്ഛന്‍റെ ചക്ക പ്രദമനും, ശര്‍ക്കര വരട്ടിയും കേമംന്നു വീട്ടില്‍ വന്നിരുന്ന അച്ഛന്‍റെ സുഹൃത്തുക്കള്‍ എല്ലാവരും പറയും, അത് കേള്‍ക്കാന്‍ അച്ചന് ഒരു രസമാണ്. പിന്നെ അമ്മയെ ചൊടിപ്പിക്കും, “കേട്ടോ സരസ്വതി ഇപ്പൊ തന്‍റെ പച്ചടിക്കൊന്നും വെല്യെല്യ. അങ്ങിന്യാ ആണുങ്ങള് അടുക്കളേല്‍ കേറിയാ.”

അച്ഛന്‍റെ മരണവും ചേച്ചിയുടെ കല്യാണവും തന്‍റെ നാടുവിടലും എല്ലാം പിന്നെ പെട്ടെന്നായിരുന്നു.. സ്വന്തമായി എന്തെങ്കിലും നേടിയെടുക്കാനുള്ള ഭ്രാന്തമായ തന്‍റെ ഓട്ടത്തിനിടയില്‍ മറന്നത് സ്വന്തം അമ്മയെയാണ്. അമ്മയുടെ ദുഖങ്ങളെയാണ്.

തന്നോടും തന്‍റെ സ്വപ്നങ്ങളോടും ഉള്ള വെറുപ്പു കൂടുകയാണ്...

തല തിരിച്ചു താന്‍ കിടക്കുന്ന മുറിയോന്നു ചുറ്റും കണ്ണോടിച്ചു..കോളേജില്‍ പോയിരുന്ന കാലത്ത് വായിച്ചിരുന്ന കഥകളും കവിതകളും മുറിയുടെ അലമാരകളില്‍ അടുക്കി വെച്ചിരിക്കുന്നു.

കവിതാ അരങ്ങുകളും, തെരുവ് നാടകങ്ങളും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒരുകാലം, സാമ്രാജത്യ ശക്തികള്‍ക്കെതിരെ മുദ്രാവാക്യങ്ങളും ജാഥകളും നടത്തി, നടന്നു തളര്‍ന്നപ്പോള്‍ തേക്കിന്‍കാട്ടു മൈതാനത്തില്‍ സൊറ പറഞ്ഞിരുന്നതും ഓര്‍ത്തു.

പ്രേമക്ക് തന്നെ ഗുണദോഷിക്കാനെ സമയമുണ്ടായിരുന്നുള്ളൂ. "എന്നാണ് താന്‍ കൊറച്ചു സീരിയസ് ആയിട്ട് പഠിക്കാന്‍ തുടങ്ങണേ, സുധാകരാ ഇതു രണ്ടാം വര്‍ഷമാണ്‌, ഒന്നാം വര്‍ഷത്തില്‍ പ്രൊഫസ്സര്‍മാരെ ഭ്രാന്തു പിടിപ്പിച്ചു നടന്നതിന്‍റെ ഗുണം തന്‍റെ മാര്‍ക്ക് ഷീറ്റില്‍ നോക്കിയാല്‍ കാണാം, രക്ഷിക്കാന്‍ പ്രത്യയശാസ്ത്രോം ഈ രാഷ്ട്രീയ കക്ഷീം ഒന്നുണ്ടാവില്യാട്ടാ നായര് കുട്ട്യേ, പറഞ്ഞില്ലാന്നു വേണ്ട."

താന്‍ പ്രേമയുടെ വീട്ടില്‍ പോയതിന്‍റെ വിവരം കോളേജു മുഴുവന്‍ പാട്ടായതും പിന്നെ കലാലയത്തിന്‍റെ ചുവരുകളില്‍ പ്രേമയുടെ പേരു തന്‍റെ പേരിനൊത്തു സ്ഥാനം പിടിക്കയും ചെയ്തപ്പോള്‍, പ്രേമക്ക് അത് ഏറ്റതേയില്ല.

"എഴുതി കയ്യക്ഷരം നന്നാവട്ടെ ഇവരടെയൊക്കെ. ഇനി ഇതിന്‍റെ പേരില്‍ സുധാകരന്‍ വഴക്കിനു പോകരുത്, എനിക്കൊരു പ്രശ്നോം ഇല്ല, ഈ ചുവരെഴുത്തൊക്കെ അങ്ങിനെ കെടക്കട്ടെ, എപ്പഴെങ്കിലും ആലോചിച്ചു ചിരിക്കാലോ."

പിന്നെയെത്ര ദിനങ്ങള്‍ കലാലയ വരാന്തകളിലും ടൌണ്‍ ഹാളിലും പബ്ലിക് ലൈബ്രറിയിലും ആയി പ്രേമയുമൊത്തു ചിലവഴിച്ചിരിക്കുന്നു. മനസ്സു തുറന്നു സ്നേഹിക്കുന്നുവെന്നു പറഞ്ഞ പ്രേമയെ സ്വീകരിക്കാതെ പ്രായോഗീകമായി ചിന്തിക്കുവാന്‍ പറഞ്ഞു നോവിപ്പിച്ച ആ നിമിഷവും, ഉറക്കമില്ലാത്ത രാത്രികളും, പരീക്ഷാ ദിനങ്ങളും അവസാനമായി പബ്ലിക് ലൈബ്രറിയില്‍ വെച്ചു കണ്ടു മുട്ടിയതും നിമിഷങ്ങളില്‍ സുധാകരന്‍റെ മനസ്സിലൂടെ മിന്നിമാഞ്ഞു..

താന്‍ സ്വാര്‍ത്ഥനായിരുന്നു, മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസ്സിലാക്കാതെ പ്രതികരിക്കുവാന്‍ ശ്രമിച്ച ഒരു വിവരദോഷി.

അമ്മയുടെ നാമ ജപം നിലച്ചിരിക്കുന്നു..സുധാകരന്‍ കട്ടിലില്‍ എണീറ്റിരുന്നു, ഇനിയുള്ള സമയം സ്വയം കുറ്റപ്പെടുത്തി കഴിയാതെ എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാം എന്ന് സുധാകരന്‍ തീര്‍ച്ചപ്പെടുത്തി.

പ്രേമയെ പോയി കാണണം, തന്നോടു പരിഭവം കാണുമെങ്കിലും പോകുക തന്നെ.

അമ്മ താഴെ നിന്നും വിളിക്കുന്നത് കേട്ടുകൊണ്ട്‌ താഴേക്കിറങ്ങി ചെന്നു സുധാകരന്‍.

"എന്താ അമ്മേ, വിളിച്ചോ.."

"രമേടെ ഫോണ്‍ വന്നിട്ടിണ്ട്, ശ്യാമളേടെ വീട്ടിലിക്ക്. നിനക്കാന്നാ തോന്നണേ."

"എനിക്കവരെ പരിചയം ഇല്ലല്ലോ അമ്മേ, അമ്മ കൂടി വരൂ"

സുധാകരനും അമ്മയും വീട് പൂട്ടി ശ്യാമള ചേച്ചിയുടെ വീട്ടിലേക്ക് പോയി. സുധാകരനെ കണ്ടയുടനെ ശ്യാമള ചേച്ചി പരിചയ ഭാവത്തോടെ ചോദിച്ചു.

" എപ്പഴാ വന്നെ സുധാകരാ, അമ്മക്ക് വലിയ പേട്യായിട്ടു ഇരിക്കാര്‍ന്നു, ഒരു വിവരോല്യാന്നു പറഞ്ഞിട്ടു."

"നമസ്കാരം ചേച്ചി, ഞാന്‍ അഞ്ചുമണിക്കെത്തി, അമ്മക്ക് വരണ വിവരത്തിനു ഫോണ്‍ ചെയ്യാന്‍ പറ്റിയില്ല. "

"രമയുടെ ഫോണ്‍ വന്നിരുന്നോ ? " സുധാകരന്‍ ചോദിച്ചു.

" രമ കട്ടു ചെയ്തിട്ടു വിളിക്കാംന്നു പറഞ്ഞു, രണ്ടു മിനിട്ടുനുള്ളില്‍ വിളിക്കുംന്നാ പറഞ്ഞേ"

"സുധാകരന്‍ ചെന്നയില്‍ എവിട്യാ ?"

"താമസം അണ്ണാനഗറില്‍, ഓഫീസ് മൌണ്ട് റോഡിലും"

"പ്രേമ പറഞ്ഞറിയാം, പിന്നെ സരസ്വത്യേച്ചീയാച്ചാ പറയേം വേണ്ട"

സുധാകരന്‍ ചിരിച്ചു കൊണ്ടു അമ്മയെ നോക്കി .

ഫോണ്‍ ബെല്ലടിച്ചു . എടുത്തത്‌ ശ്യാമളെച്ചിയാണ് " രമയാണ്, സംസാരിച്ചോളൂ "

എന്നിട്ട് ഫോണ്‍ സുധാകരന് കൊടുത്തു .

"എന്താ ചേച്ചിയെ, സുഖം തന്നെയല്ലേ, മക്കളെന്തു പറയണൂ, മോഹനേട്ടന്‍ നാട്ടിലുണ്ടോ അതോ യാത്രയിലോ," ഒരു പാടു ചോദ്യങ്ങള്‍ സുധാകരന്‍ അറിയാതെ തന്നെ നാക്കില്‍ ഓടിയെത്തി..

"എല്ലാവര്‍ക്കും സുഖം തന്നെ സുധെ, പിള്ളാര്‍ക്ക് കുറുമ്പു കൂടുതലാണ്, പറഞ്ഞാ കേള്‍ക്കില്ല, ഓളിയിട്ടു എന്‍റെ അരാശം ഒടുങ്ങി, ഇങ്ങനെന്ടാവോ പിള്ളാര്. മോഹനേട്ടന്‍ വീട്ടിലില്ല. തിരുവന്തോരത്താ, ഈ ഞായറാഴ്ച വരും, നിനക്കു സുഖം തന്നെ അല്ലെ.. എനിക്ക് അവിടക്ക് വരാന്‍ പറ്റില്ല, മോഹനേട്ടന്‍റെ അമ്മേടെ അനിയത്തി ആശുപത്രീലാ, ഞാന്‍ വേണം പോയി ഇരിക്കാനും ഭക്ഷണം കൊണ്ടു കൊടുക്കാനും വീട്ടിലെ കാര്യങ്ങള്‍ നോക്കാനും. നീ അമ്മയേം കൂട്ടി നാളെ ഇവിടേക്ക്‌ വാ, നിനക്കു വേറെ പ്രോഗ്രാം ഒന്നുല്ലേങ്കെ"

"അതുപിന്നെ, നാളെ എനിക്ക് വരാന്‍ പറ്റൂന്നു തോന്നിണില്യ.
മറ്റെന്നാളാവട്ടെ. മക്കളോട് അന്വേഷണം പറയൂ..അമ്മയോട് സംസാരിക്കണോ..അമ്മയുണ്ടിവിടെ, ഒരു മിനിട്ട് അമ്മക്ക് കൊടുക്കാം.."

"എന്താ രമേ, ജാനക്യെമ്മക്ക് ഭേദംണ്ടോ, നിനക്കും പിള്ളാര്‍ക്കും സുഖല്ലേ, കുട്ട്യേ "

പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു.." ഞാന്‍ പറയാനുള്ളത് പറഞ്ഞു, ചെറിയ കുട്ട്യോന്നല്ലല്ലോ, ഇനിയൊക്കെ അവരവരു തീരുമാനിക്കണപോലെ വരട്ടെ"

"ഞാന്‍ മറ്റേന്നാള് വരാം, അവന്‍റെ കൂടെ, ന്നാ ശരി വെയ്ക്കണൂ"

സുധാകരന്‍ ശ്യാമള ചേച്ചിയോട് യാത്ര പറയാന്‍ തുടങ്ങും മുന്‍പ് തന്‍റെ അനിയത്തിയുടെ വിവാഹത്തിന്‍റെ ആല്‍ബം കൊണ്ടു വന്നു ശ്യാമളെച്ചി. “ഇതു കാണാന്‍ നേരണ്ടാവ്വോന്നറിയില്യ, ന്നാലും ഞാനെടുത്തു, സമയില്ലെങ്കെ പിന്നെ കണ്ടാമതീ ട്ടോ.”

സുധാകരനും അമ്മയും ഉമ്മറത്തെ കസേരകളിലേക്കിരുന്നു.

"എന്താ ശ്യാമളെ, ഇന്നു ടീവില് ഒന്നൂല്യെ"

"ഉവ്വ്, സരസ്വത്യേച്ച്യെ. കാണാന്‍ പറ്റണ്ടേ അവടെ മോന്‍ ഇരുന്നു ക്രിക്കറ്റു കാണ്വാ, ഞാന്‍ വഴക്കുകൂടി തോറ്റു.. " ഇതുകേട്ടു സുധാകരനും അമ്മയും ചിരിച്ചു..

സുധാകരന്‍ ആല്‍ബം നോക്കുന്ന തിരക്കിലാണ്..

ശ്യാമളേച്ചിയുടെ വിവരണം സഹായമായി, സുധാകരന് പരിചയമില്ലാത്ത വരനും, വധുവും മുതല്‍ അവരുടെ വീട്ടുകാരും ബന്ധുക്കളും എന്ന് വേണ്ട ദല്ലാളേ വരെ പരിചയപ്പെടുത്തിയിട്ടേ ശ്യാമളേച്ചി നിര്‍ത്തിയുള്ളൂ. പ്രേമയുടെ ചിത്രങ്ങള്‍ക്ക് പഴയ ഭംഗി തോന്നിച്ചില്ല സുധാകരന്.. കടന്നുപോയ വര്‍ഷങ്ങള്‍ എന്തെല്ലാം മാറ്റങ്ങള്‍ എഴുതി ചേര്‍ത്തിരിക്കുന്നു.

“ഞങ്ങളെറെങ്ങട്ടെ, ചേച്ചീ. പിന്നെ വരാം.” സുധാകരന്‍ പറഞ്ഞിട്ടു കസേരയില്‍ നിന്നെഴുന്നേറ്റു

ഉമ്മറത്തെ തൂണില്‍ പിടിച്ചു കൊണ്ടു സുധാകരനും അമ്മയും പടിയിറങ്ങി പോകുന്നതു നോക്കി നിന്നു ശ്യാമളേച്ചി. പിന്നെ എന്തോ ആലോചിച്ചിട്ടെന്ന പോലെ ഫോണ്‍ ബുക്ക് എടുത്തു അനിയത്തിക്ക് ഫോണ്‍ ചെയ്തു.

"ഗിരിജെ, ഇതു ഞാനാ ചേച്ചി. സുഖം തന്ന്യല്ലേ. ഒരു കാര്യം പറയാനാ വിളിച്ചേ. പടിഞ്ഞാറെലേ സരസ്വത്യെച്ചീടെ മോന്‍ വന്നിട്ടുണ്ട്, നിന്‍റെ കൂടെ ജോലിചെയ്യണ ആ കുട്ട്യീല്ലേ പ്രേമ, അതൊരു ദിവസം വന്നപ്പോ സുധാകരന്‍ വന്നാല്‍ വിവരം അറിയിക്കാന്‍ പറഞ്ഞിരുന്നു, നീയതൊന്നു പറയണം, എത്ര നാള്‍ ലീവ്‌ ഉണ്ടെന്നു ഞാന്‍ ചോദിക്കാന്‍ മറന്നു. "

"ചേച്ചി ഇന്നു ഫോമില്‍ ആണല്ലോ, ഇതെന്ന് തുടങ്ങി ഞാനറിയാത്ത ഈ ഹംസത്തിന്‍റെ പണി, ചേട്ടനറിയേണ്ട, "ഗിരിജ പറഞ്ഞു കൊണ്ടു ചിരിച്ചു.

"ആ കുട്ടി കല്യാണം കഴിക്കാണ്ടേ നിക്കണ കണ്ടപ്പോ ഒരു സങ്കടം മോളെ, അത്ര മാത്രം, അതോണ്ട് വിളിച്ചതാ അല്ലാണ്ടെ എനിക്കൊന്നും വേണ്ട. "

"അപ്പോഴേക്കും സെന്‍ടിയായോ, അയ്യോ ഞാനൊന്നും പറഞ്ഞില്ല്യെ, ഇതാപ്പങ്കിട് ഫോണ്‍ ചെയ്തു പറയാം.പ്രേമക്ക്, സമാധാനം ആയോ.."

"ന്നാ, അങ്ങിന്യാവട്ടെ ഗിരിജെ, മനുവിനു സുഖല്ലേ"

“ങാ,സുഖം തന്നെ..ഇവിടെ കെടന്നു പല്ലിളിച്ചു കാണിക്കണ്ണ്ട്., ശരി,ന്നാ ഞാന്‍ വിളിച്ചു പറയാം, ബൈ.


(തുടരും)