January 11, 2008

ചിത്രങ്ങള്‍..

ഇവിടെ ഞാനെടുത്ത ചില പഴയ ചിത്രങ്ങള്‍ ചേര്‍ക്കുന്നു.. കാണുക, അഭിപ്രായവും എഴുതുക..



വിട ചൊല്ലുന്ന പകലിന്‍റെ മുഖം..
കഴിഞ്ഞ വേനലില്‍ എടുത്ത ചിത്രം.




ഇന്നു ഞാന്‍ നാളെ നീ ..
ഇന്നും പ്രതിധ്വനിക്കുന്നെന്‍ ഓര്‍മയില്‍..




ഇതള്‍ വിരിഞ്ഞ ഒരു പനിനീര്‍ പുഷ്പം..






പനിനീര്‍ മുകുളം..സ്നേഹത്തിന്‍റെ പ്രതീകം..
കാണാത്ത സ്വപ്നം പോലെ സുന്ദരം..

January 07, 2008

സ്നേഹത്തിന്‍റെ ലോകം..

മഴത്തുള്ളികള്‍ ജാലകത്തിലെ ചില്ലില്‍ താളമിടുന്നതും നോക്കിയിരിക്കയാണ് മീര..
ഓരോ തുള്ളിയും ഭൂമിയില്‍ എത്തിയ സന്തോഷം തീര്‍ക്കയാണോ എന്ന് തോന്നും വിധം ചിതറി തെറിക്കുന്നു.. കാറ്റുമായി എത്തിയ മഴമേഘങ്ങള്‍ ആകാശമാകേ കറുപ്പ് തേച്ചിരിക്കുന്നു..

ഡോക്ടര്‍ നല്‍കിയ കുറിപ്പും മരുന്നുകളും മേശപ്പുറം അലങ്കരിക്കാനെന്നോണം അവിടെ ഇരുന്നു തന്നെ നോക്കി ചിരിക്കുന്നു.. തലവേദനക്ക് മാത്രം കുറവില്ല.. മൈഗ്രയിന്‍ ആണ്. എന്നാണ് പുതിയ നിഗമനം. സ്ഥിരമായ്‌ മരുന്നു കഴിക്കുക.. അത് മാത്രമെ വഴിയുള്ളൂ..ഡോക്ടറുടെ വാക്കുകള്‍ വീണ്ടും കാതില്‍ മുഴങ്ങി.. തലയുടെ എക്സ്റേയും സി ടി സ്കാനും എടുത്തു ഇതു സ്ഥിരീകരിച്ചപ്പോള്‍ ആശുപത്രിയിലുള്ളവര്‍ക്കു നന്ദി പറഞ്ഞിറങ്ങി.. മഴയപ്പോള്‍ തുടങ്ങിയതാണ്..

മകളും ഏട്ടനും ഇനിയും എത്തിയിട്ടില്ല..മഴയായതിനാല്‍ ഒരുപക്ഷെ വൈകിയേ വരുകയുള്ളു.. മീര കട്ടിലിലേക്കിരുന്നു..അച്ഛന്‍റെ ചിത്രം ഭിത്തിയിലിരിന്നു തന്നെ നോക്കും പോലെ തോന്നി.. പാവം അച്ഛന്‍, തന്നെ ഏറെ സ്നേഹിച്ചിരുന്നു..തന്‍റെ വിവാഹത്തിന്‍റെയന്നാണ് കരയുന്ന അച്ഛന്‍റെ മുഖം ആദ്യമായ് കണ്ടത്.. ആ തേങ്ങല്‍ ഇന്നും തന്‍റെ മനസ്സില്‍ മായാതെ കിടക്കുന്നു.. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ലോകത്തോട്‌ വിടപറയുമ്പോഴും അച്ചന് തന്നെ കുറിച്ചായിരുന്നു വേദന..

കണ്ണില്‍ ഇരുട്ടു കയറുന്നത് പോലെ..മീര കണ്ണടച്ചു കിടക്കുവാന്‍ ശ്രമിച്ചു..വേദന അസഹ്യമാകുകയാണ്.. പതിയെ എഴുനേറ്റു വേദനയെ കുറയ്ക്കുവാനുള്ള ടാബ്ലെട്സ് എടുത്തു കഴിച്ചു...കട്ടിലിലേക്ക് ചാഞ്ഞു.. കണ്ണ് തുറക്കുവാന്‍ വയ്യ.. തലയിലെ ഓരോ മുടിയെയും എടുത്തു പല ദിശകളിലേക്ക് ശക്തിയായ് വലിക്കുന്നത് പോലെ... കണ്ണടച്ചു പതിയെ മയങ്ങുവാന്‍ ശ്രമിച്ചു..

പുറത്തു വെളുത്ത നിറം മാത്രമെ കാണുവാനുള്ളു. മേഘം പോലെ നിറം പടരുകയാണ്..
തന്‍റെ ശരീരത്തിനു തൂവലിന്‍റെ കനം പോലെ .. താന്‍ എവിടേക്കോ പോകയാണ്.. സുഖകരമായി തോന്നി യാത്ര.. ചിരിക്കുന്ന മുഖങ്ങള്‍.. എവിടെയോ കണ്ടു മറന്ന കാഴ്ചകള്‍.. വെളുപ്പു നിറത്തിന് ഇത്രക്കും അഴകു തോന്നിയത് ഇതാദ്യം.. യാത്ര തുടരുകയാണ്..

മേഘപടലത്തിലൂടെ അമ്മയുടെ മുഖം തെളിഞ്ഞു..വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല..സ്നേഹത്തോടെയുള്ള ചിരി., അച്ഛനും കൂടെയുണ്ട്..തന്‍റെ നെറ്റിയില്‍ പതിയെ തലോടുകയാണമ്മ. വളരെ നാളുകള്‍ക്കു ശേഷം കാണുന്ന മകളെ വാത്സല്യത്തോടെ നോക്കി കാണുകയാണ് അച്ഛനും അമ്മയും ..

അമ്മയുടെ മടിയില്‍ തലവെച്ച്‌ കിടന്നപ്പോള്‍ രണ്ടു വയസ്സുകാരി മീരയായി താന്‍... തന്‍റെ ബാല്യം തിരികെ വന്നത് പോലെ…അരികില്‍ ഇരുന്നു തന്‍റെ പാദങ്ങള്‍ തഴുകുവാന്‍ അച്ഛനും..

അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ആ കണ്ണുകള്‍ക്ക്‌ നക്ഷത്രങ്ങളുടെ തിളക്കം.. അമ്മക്ക് ഇത്രക്കും സൌന്ദര്യമോ...അതിശയം തോന്നി…അമ്മയുടെ മടിയില്‍ കിടന്നു ഉറങ്ങിയതറിഞ്ഞില്ല..

ഏട്ടനും തന്‍റെ മകളും മുന്നില്‍ നില്‍ക്കുന്നു..അവര്‍ തന്‍റെ തണുത്ത ശരീരത്തെ കുലുക്കി വിളിക്കയാണ്.. മനസ്സു തകര്‍ന്ന പോലെ കരയുന്ന മകള്‍, വേവലാതിയോടെ ഫോണ്‍ ചെയ്യുവാനോടുന്ന ഏട്ടന്‍..

തന്‍റെ മകളെ തലോടുവാന്‍ ശ്രമിച്ചു.. അവള്‍ ദൂരെയാണ്..
തന്‍റെ കരങ്ങള്‍ക്ക് അവിടെ എത്തുവാന്‍ കഴിയുന്നില്ല..
ഉറക്കെ കരയുവാന്‍ ശ്രമിച്ചു.. ശബ്ദം പുറത്തു വരുന്നില്ല ..

ആംബുലന്‍സ് തന്‍റെ ജീവനില്ലാത്ത ശരീരവും പേറി
ആശുപത്രിയിലേക്ക് പോകുന്നതും നോക്കി മീരയിറങ്ങി.. സ്നേഹത്തിന്‍റെ ലോകത്തേക്ക്..