April 04, 2008

മടക്കയാത്ര - ഒന്ന്

പുതിയ ഒരു കഥ തുടങ്ങുകയാണ്, മടക്കയാത്ര.
കഥയുടെ വലിപ്പം കൊണ്ടു പല ഭാഗങ്ങളായി
പോസ്ടുവാനുള്ള തീരുമാനമാണിപ്പോള്‍.
വായിക്കുക, അഭിപ്രായവും എഴുതുക.
.ഗോപന്‍.


ഒന്നാം ഭാഗം

ഫീസില്‍ ലീവ്‌ എഴുതികൊടുത്തു ചെന്നയില്‍ നിന്നു യാത്ര തിരിക്കുമ്പോള്‍ സുധാകരന് വീട്ടിലെത്തിപ്പെടുവാനുള്ള തിരക്കായിരുന്നു. ശബരിമല സീസണ്‍ കാരണം വൈകീട്ടുള്ള ട്രെയിനിനു ടിക്കറ്റ് കിട്ടിയില്ല. പിന്നെ പുലര്‍ച്ചക്ക് നാട്ടിലേക്ക് പോകുന്ന തീവണ്ടികളില്‍ ഒന്നില്‍ കയറി ജനലിനടുത്തായി സ്ഥാനം പിടിച്ചു. ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നു പുറപ്പെട്ടപോള്‍ നാലരയെങ്കിലും ആയിക്കാണും, ഉറങ്ങിയെക്കാമെന്നു കരുതി കയ്യിലിരുന്ന ബാഗില്‍ നിന്നു പുതപ്പെടുത്തു, ബാഗ് തലയിണയായി വെച്ചു കണ്ണടച്ചു ഉറങ്ങുവാന്‍ ശ്രമിച്ചു.

കുലുങ്ങുന്ന ബോഗിയുടെ സംഗീതം പോരാതെ മുകളിലെ ബെര്‍ത്തില്‍ കിടന്നു ഒരു മൂപ്പീന്ന് വലിയ ശബ്ദത്തില്‍ കൂര്‍ക്കം വലിക്കുന്നു.. ആദ്യമാദ്യം ആ ശബ്ദത്തിനു ഇത്രക്കും താളം തോന്നിയില്ല, പിന്നെ പാളങ്ങളില്‍ ഉരയുന്ന ചക്രങ്ങളുടെ ശബ്ദ്ത്തിനനുസരിച്ചായി പക്കവാദ്യം. ചെവിയടച്ചു നോക്കി, രക്ഷയില്ല. പിന്നെ ഉറക്കം ഉപേക്ഷിച്ചു, ജനലിലൂടെ സുധാകരന്‍ പുറത്തേക്ക് നോക്കി കിടന്നു..

പിറകോട്ട് നീങ്ങുന്ന ദൃശ്യങ്ങള്‍ സുധാകരനെ പഴയ ഓര്‍മകളിലേക്ക്‌ കൂട്ടി കൊണ്ടു പോയി. എണ്‍പതുകളിലെ ആ മെയ്മാസം. കലാലയത്തിലെ പഠനം തീര്‍ന്നപ്പോള്‍ ഇനിയെന്തു എന്ന ചോദ്യത്തിന് മറുപടിയായി കിട്ടിയ ഗുമസ്തപണി ആദ്യമാദ്യം വെറുപ്പായിരുന്നു. പിന്നെ കൂടുതല്‍ പഠിക്കുവാന്‍ മാനേജര്‍ വി പി സ്വാമി പ്രേരിപ്പിച്ചപ്പോള്‍ കിട്ടിയ ഉശിരില്‍ ചെന്നയിലേക്ക് പോയേക്കാം എന്ന് തീരുമാനിച്ചു.

അമ്മ എതിര്‍ത്തെങ്കിലും വകവെക്കാതെ പുതിയ ജോലിയും അനുഭവങ്ങളും തേടിയിറങ്ങി.. വേനലും വര്‍ഷവും മാറി മാറി വന്നു.. പരീക്ഷകളും ജീവിതത്തിന്‍റെ പരീക്ഷണങ്ങളും തനിക്കു പക്വതയും ആത്മവിശ്വാസവും പദവിയും എഴുതി ചേര്‍ത്തെങ്കിലും തന്‍റെ ഗ്രാമവും പ്രിയപ്പെട്ട വായനശാലയും സുഹൃത്തുക്കളും അന്യമായി പോയ ദുഃഖം സുധാകരനെ വല്ലാതെ അലട്ടിയിരുന്നു.

കലാലയ ജീവിതത്തിന് ശേഷം സുഹൃത്ത് ബന്ധങ്ങള്‍ ഓട്ടോഗ്രാഫിലെ കുറിപ്പുകള്‍ മാത്രമായി ചുരുങ്ങിയപ്പോള്‍ ഇടക്കെങ്കിലും എഴുതിയിരുന്നത് പ്രേമയായിരുന്നു. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ അതും നിന്നു. ഇപ്പോള്‍ നാട്ടില്‍ ഉണ്ടോ ആവോ. വക്കീലാകാനുള്ള മോഹം എവിടെ വരെയായി എന്നറിയില്ല.

വെങ്കിടങ്ങിലെ മുരളിയും തൈക്കാട്ടുശ്ശേരിയിലെ ജയപ്രകാശും തന്നെ ഓര്‍ക്കുന്നോ എന്തോ. ആദ്യമായി മുരളിയുടെ വീടിനടുത്തുള്ള കള്ളു ഷാപ്പില്‍ കയറി കള്ളു കുടിച്ചതും പിന്നെ തോട്ടില്‍ ഇറങ്ങി താറാവിനു പിറകേ നീന്തിയതും ഇന്നലെ കഴിഞ്ഞ പോലെ..

ചിന്തകള്‍ക്കിടയില്‍ ഉറങ്ങിയതറിഞ്ഞില്ല. ട്രെയിന്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിരിക്കുന്നു.ഭക്ഷണം കഴിക്കുവാന്‍ തോന്നിയില്ല. ഒരു ചായ വാങ്ങി കുടിച്ചു വീണ്ടും വണ്ടിയില്‍ കയറി ഇരുന്നു.

പച്ചനിറമാര്‍ന്ന വയലേലകളും തോടും മരങ്ങളും നിറഞ്ഞ താഴ്വരയിലൂടെ കുറുകെ ഓടുന്ന ട്രെയിനിന്‍റെ ജനലിലൂടെ കൌതുകത്തോടെ സുധാകരന്‍ നോക്കിയിരുന്നു.

അമ്പലകുളക്കരയില്‍ കുളക്കോഴിയും കാടയും ഇടുന്ന മുട്ടകള്‍ പെറുക്കി എത്ര തല്ല് വാങ്ങിയിരിക്കുന്നു കുളിക്കാനായ്‌ കൊണ്ടുവന്ന തോര്‍ത്തെടുത്ത്‌ എത്ര മീന്‍ പിടിച്ചിരിക്കുണൂ. തന്‍റെ കയ്യില്‍ മീന്‍ കുത്തിയതും, മുറിഞ്ഞ കയ്യിലെ വേദന കുറയ്ക്കുവാന്‍ സുഹൃത്ത് കേറി കയ്യില്‍ മുത്രിച്ചതും.. ഓര്‍ത്തപ്പോള്‍ സുധാകരന്‍ മനസ്സില്‍ ചിരിച്ചു..

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയെത്തിയപ്പോള്‍ ഇറങ്ങി, ബാഗും എടുത്തു സ്റ്റേഷനു പുറത്തിറങ്ങി. ചേറൂര്‍ക്കുള്ള ബസിനു പുതിയ സ്റ്റാന്‍ഡില്‍ പോകേണ്ടി വരുമെന്നലോചിച്ചു ഓട്ടോറിക്ഷ പിടിച്ചു. മുനിസിപ്പല്‍ ഓഫീസിനടുത്തിറങ്ങി, ബേക്കറിയില്‍ കയറി ചേച്ചിയുടെ കുഞ്ഞുങ്ങള്‍ക്ക്‌ കുറച്ചു പലഹാരം വാങ്ങി, അമ്മക്കായി കുറച്ചു കായ വറുത്തതും. കുറച്ചു കാത്തു നിന്നപ്പോള്‍ ബസ്സ് വന്നു. ചേറൂരിലേക്ക് ടിക്കെട്ടെടുത്തു. ചെറൂര്‍ വായനശാലയുടെ സ്റ്റോപ്പില്‍ ഇറങ്ങി.

എതിരെ വരുന്ന നമ്പീശന്‍ മാഷേ കണ്ടപ്പോള്‍ നിന്നു.

"എന്താ മാഷേ, സുഖം തന്നെ അല്ലെ..രാജീവുണ്ടോ വീട്ടില്‍ ?"

"സുഖം തന്നെ സുധാകര, ഇതു തന്നെ ജീവിതം ഈ അലച്ചിലും നടത്തോം മാത്രം ബാക്കി, വയ്യ പണ്ടത്തെ പോലെ നടന്നു കൂടാ.., രാജീവില്ല ബാംഗളൂരിലാണ്, കഴിഞ്ഞ ഓണത്തിനു വന്നിരുന്നു. സുധാകരന് സുഖാണോ, എങ്ങനെയുണ്ട് ജോലിയൊക്കെ..അവിടെ വല്യ ചൂടാന്നൊക്കെ സരസ്വതി പറയണ കേട്ടൂ.. ഇനി കുറച്ചു നാള്‍ ഉണ്ടാവില്യെ ഇവിടെ.?"

“സുഖം തന്യാ മാഷേ, അതെ ചെന്നെയില് ചൂടാണ്. ലീവ്‌ കുറച്ചുനാളുണ്ട്. ഞാന്‍ ചെന്നയില്‍ നിന്നു വരണ വഴിയാ, വരട്ടെ മാഷേ.”

“ശരി,ന്നാ അങ്ങിന്യാവട്ടെ. സുധാകര ”

നമ്പീശന്‍ മാഷ്‌ പതിയെ നടന്നു പോകുന്നത് കുറച്ചു നേരം നോക്കി നിന്നു സുധാകരന്‍.
മാഷിനെ കാണുമ്പോള്‍ ചൂരലിന്‍റെ ചൂടു കൈകള്‍ക്കിന്നും അനുഭവപെടുന്നപോലെ.

നടന്നു വീടിന്നരികിലെത്തി.
അമ്മ മുറ്റത്ത്‌ തന്നെയുണ്ട്‌, തന്നെ കാത്തിരുന്നു മുഷിഞ്ഞു എന്ന് മുഖം കണ്ടാല്‍ തോന്നും.
പ്രതീക്ഷിക്കാതെ തന്നെ കണ്ടപ്പോള്‍ സന്തോഷമായി..

"എന്‍റെ സുധെ, നീയെവിടെയാര്‍ന്നു, നിന്നെ കാലത്തു കാനാഞ്ഞപ്പോ ഇനി വരേണ്ടാവില്യാ ന്നു നിരീച്ചു, എങ്ങിന്യാ വന്നെ, ബസ്സ് പിടിച്ചോ ?, വൈകുന്നുവെച്ചാ തെക്കെലിക്ക് ഒന്നു ഫോണ്‍ ചെയ്യായിരിന്നില്ലേ കുട്ട്യേ..ഇങ്ങനെ എന്നെ തീയ് തീറ്റണോ നീയ്. "

"ടിക്കറ്റ് കിട്ടണ്ടേ അമ്മേ, പിന്നെ ഫോണ്‍ ചെയ്യാന്‍ സാവകാശം കിട്ടീല്യ, ഒരു മൊബൈല് ഫോണ്‍ ഇവിടെ വെക്കാന്നു പറഞ്ഞാ അമ്മക്കൊട്ടു വേണ്ടെനും.. പിന്നെ ഞാന്‍ എന്താ ചെയ്യാ, എനിക്ക് വിശന്നിട്ടു വയ്യ. ഉച്ചക്ക്, ഊണു കഴിച്ചില്ല, ഇവിടെ വന്നിട്ടാവാംന്നു കരുതി . ഞാനൊന്നു കുളിക്കട്ടെ."

"ശിവ ശിവ, ഇതെന്താന്‍റെ കുട്ട്യേ, ഒന്നും കഴിക്കാണ്ടാ നീയിങ്ങനെ നടക്കണേ, വല്ല അസുഖം വരുത്തണ്ടാ.. ചൂടുവെള്ളം വെക്കണോ കുളിക്കാന്‍, കിണറ്റിലെ വെള്ളത്തിന്‌ നല്ല തണുപ്പാണ്, വെള്ളം മാറീട്ടു ജല ദോഷം വരണ്ടാ നിനക്കു"

"അമ്മക്ക് ഇന്നും ഞാന്‍ ചെറിയ കുട്ട്യാ, കിണറ്റിലെ വെള്ളത്തില്‍ കുളിച്ചിട്ടെത്ര കാലായി.
അമ്മ ഊണു ശെരിയാക്കൂ, ഞാന്‍ ഇതാ വരുണൂ.. ചേച്ചി വന്നില്ല്യെ..അമ്മേ., പിള്ളേര്‍ക്ക് വേണ്ടി കുറച്ചു പലഹാരം വാങ്ങിയിരുന്നു..അമ്മക്ക് കായവറുത്തതും ഉണ്ട്..ബാഗീന്നു എടുത്തോളൂ.."

"രമ വന്നില്യ, അച്ചന്‍റെ ശ്രാദ്ധത്തിനു തലേന്ന് വരാംന്നാ ഫോണ്‍ ചെയ്തപ്പോ പറഞ്ഞേ. മോഹന്‍റെ വീട്ടില്‍ ആര്‍ക്കോ സുഖല്യാത്രെ, അതോണ്ട് ആശുപത്രീല് പോണതും ഭക്ഷണം കൊണ്ടു കൊടുക്കണതും ഇപ്പൊ അവളാത്രെ."

സുധാകരന്‍ കിണറ്റില്‍ നിന്നു വെള്ളം കോരി ആദ്യം കുറച്ചു കുടിച്ചു നോക്കി..വെള്ളത്തിന്‌ തണുപ്പുണ്ട്, പിന്നെ മധുരവും. പിന്നെ ഓര്‍ത്തു...സത്യം നാട്ടില്‍ ജീവിക്കുവാനും ഭാഗ്യം ചെയ്യണം, പാണ്ടി നാട്ടില്‍ കിടന്നു ഇരുമ്പ് കലര്‍ന്ന വെള്ളം കണ്ടു കണ്ടു കണ്ണിനും മഞ്ഞ നിറം വന്ന പോലെ..

കുളിച്ചതോടെ കുറച്ചു ഉന്മേഷം തോന്നി, അമ്മ രാസ്നാദി പൊടി കൊണ്ടു വന്നു തലയില്‍ തടവി.. "പറഞ്ഞാ കേള്‍ക്കില്ല ഈ കുട്ടി.. അസുഖം വരുത്തി വെക്കേണ്ട.."

സുധാകരന്‍ ചിരിച്ചു.." ഈ അമ്മക്കൊരു മാറ്റോം ഇല്യ."

"എങ്ങിന്യാ ഇന്ടാവാ, നിങ്ങള് രണ്ടുപേരും ചേര്‍ന്നെന്നെ ഇവിടെ ഒറ്റക്കാക്കി ഇട്ടട്ടില്യെ,
ഇവിടെ രാമനാമോം അമ്പലോം ആയിട്ട് ഞാന്‍ ജീവിച്ചോളാം, എന്താ ചെയ്യാ, എന്‍റെ വിധി."

"സരസ്വതി അമ്മ ഇന്നു വല്യ പരിഭവത്തിലാണല്ലോ, ഇതെന്തു പറ്റി.." സുധാകരന്‍ തമാശയായി ചോദിച്ചു..

"ഞാന്‍ ആരോടാ മോനേ എന്‍റെ വേദന പറയാ, പറയാണ്ടാര്‍ന്ന ഒരാളെ ദൈവം വിളിച്ചോണ്ട് പോയീട്ട് ഇന്നേക്ക് ഇരുപത് വര്‍ഷായി. മോഹന്‍റെ കാര്യങ്ങളും കുട്ടികള്‍ടെ കാര്യോം ആയിട്ട് രമ അവരുടെ വീട്ടിലാണ്. നിനക്കാണെങ്ങേ ജോലി മദിരാശീലും, പറഞ്ഞിട്ടു കാര്യല്യാ എന്‍റെ തലേലെഴുത്തന്നെ.."

“നീയ് ഉണ്ണാനിരിക്ക്, മണ്ഡല മാസായതിനാല്‍ മത്സ്യോന്നും ഇല്യ.”

"മുരിങ്ങ്യെടെ ഇല ഇന്നു കാലത്തു പൊട്ടിച്ചതാ ശ്യാമളക്ക് വേണ്ടിട്ടു, കുറച്ചെടുത്തു കൂട്ടാന്‍ വെച്ചു, നിനക്കു വല്യ ഇഷ്ടല്ലേ.., ചെനേം കായേം ഉപ്പേരിം, ഉമ്മെടെ പീടികേന്നു കായ വാടീതാ കിട്ട്യെ. കണ്ണിമാങ്ങാ അച്ചാര്‍ കഴിഞ്ഞ ആഴ്ച്യാ ഇട്ടേ, ആയിട്ടില്യ, ഇന്നാലും കുറച്ചു നിനക്കു വേണ്ടി എടുത്തു. നീയ് കഴിക്ക്.. "

സുധാകരന്‍ ഭക്ഷണം കഴിക്കുന്നതും നോക്കി സരസ്വതിയമ്മ ഇരുന്നു.
അമ്മഉണ്ടാക്കിയ ഭക്ഷണം കഴിക്കുമ്പോള്‍, വിശപ്പ്‌ കൂടിയ പോലെ തോന്നി സുധാകരന്.

"അവിടെ എങ്ങിന്യാ മോനേ നീ ഭക്ഷണം ഉണ്ടാക്കണേ, ശെരിക്കു കഴിക്കുനുണ്ടോ..? ആരോഗ്യം നോക്കികൊളോ.."

" എന്‍റെ ഭക്ഷണം മിക്കവാറും പുറത്തു നിന്നാണ്, ഒരു കാക്കാന്‍റെ കടേണ്ട് മൌണ്ട് റോഡില്‍. രാത്രി വീട്ടിലെന്തെങ്കിലും ഞാന്‍ ഉണ്ടാക്കും." സുധാകരന്‍ പറഞ്ഞു.

"പോറത്തുന്നു കഴിച്ചു ശീലായിട്ടു ഇനി വീട്ടില്‍ത്തെ ഭക്ഷണം പിടിക്കാണ്ടാവോ ?" അമ്മക്ക് സംശയം.

സുധാകരന്‍ ചിരിച്ചു. "അമ്മേ സുഖം ഇന്ടായിട്ടോന്നല്ല പോറത്തു‌ന്നു കഴിക്കണേ, സമയം വേണ്ടേ ഇതൊക്കെ ചെയ്യാന്‍., അമ്മക്ക് എന്‍റെ കൂടെ വന്നു നിന്നാലെന്താ, ഞാന്‍ എത്ര തവണ്യായി പറയുണൂ"

"എന്‍റെ കുട്ട്യേ, എനിക്ക് ഇവിടുന്നു മാറി നിക്കാന്നു വെച്ചാ പറ്റില്യ, നിന്‍റെ അച്ചനിവിടെ ഒക്കെ തന്നെ ഉണ്ട്..ഞാനെങ്ങിന്യാ ഇവിടിന്നു മാറി നില്‍ക്കാ, ഈ തുളസി തറേല്‍ വെളക്ക്‌ വെക്കാണ്ടേ ഞാനെങ്ങിന്യാ മോനേ ഒറങ്ങാ .”

“നിനക്കു ജോലി ഇവിടേക്ക്‌ മാറാന്‍ ശ്രമിച്ചൂടെ, എനിക്ക് വയസ്സായി വര്വാ.. ഇപ്പൊ പണ്ടത്തെ പോലെ അല്ലാ, ചെലപ്പം നോക്കുമ്പൊ സാധനങ്ങളൊക്കെ രണ്ടായിട്ടു കാണാം, കൊറച്ചു മറവീം തോടങ്ങീക്ക്ണൂ.."

"അമ്മ വിചാരിക്കണ മാതിരി ജോലി ഇങ്ങോട്ട് മാറ്റം വാങ്ങാന്‍ എളുപ്പല്ല, ഞാന്‍ ഓഫീസില്‍ പറഞ്ഞു നോക്കട്ടെ. പക്ഷെ അതിനൊക്കെ സമയം പിടിക്കും അമ്മേ. ഞാന്‍ പറയണ കേള്‍ക്കൂ, തല്ക്കാലം എന്‍റെ കൂടെ വരൂ, പിന്നെ ജോലി മാറ്റം കിട്ടുമ്പോ വരാലോ ഇവിടേക്ക്‌"

സുധാകരന്‍ ഊണു കഴിഞ്ഞെഴുന്നേറ്റു.

ചുക്കുവെള്ളം സുധാകരന് കുടിക്കാന്‍ കൊടുത്തിട്ട് സുധാകരന്‍ കഴിച്ച പാത്രങ്ങളെടുത്ത് സരസ്വതിയമ്മ അടുക്കളയിലേക്കു പോയി. സുധാകരന്‍ വീടിന്‍റെ ഉമ്മറത്തേക്ക്‌ നടന്നു.

(തുടരും)