April 12, 2008

മടക്കയാത്ര - അഞ്ച്

ഈ കഥയുടെ ആദ്യ പോസ്റ്റുകള്‍ വായിക്കാത്തവര്‍ക്കായി ലിങ്ക് ഇവിടെ ചേര്‍ത്തിരിക്കുന്നു.

അഞ്ചാം ഭാഗം

സുധാകരന്‍ പ്രേമയുടെ അച്ഛന്‍റെ അടുത്തുള്ള ചെയറില്‍ ഇരുന്നു.. പ്രേമ അമ്മയുടെ അരികിലും..സുധാകരനെ അച്ചന് പരിചയപ്പെടുത്തി പ്രേമ. വീട്ടുകാരെയും സുധാകരന്‍റെ ജോലിയെക്കുറിച്ചും അച്ഛന്‍ തിരക്കി..

ഊണു കഴിഞ്ഞു ഉമ്മറത്തെ കോലായിലെക്കിരുന്നപ്പോള്‍ പ്രേമയുടെ അച്ചന്‍ പ്രേമയുടെ വിവാഹത്തിന്‍റെ കാര്യത്തെ കുറിച്ചു സുധാകരനോട് സൂചിപ്പിച്ചു..

" നിങ്ങള്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ എനിക്ക് പ്രേമയെ വിവാഹം കഴിച്ചാല്‍ കൊള്ളാമെന്നുണ്ട്‌ " സുധാകരന്‍ ശ്രദ്ധിച്ചു കൊണ്ടു പറഞ്ഞു..

" ഞങ്ങള്‍ക്കു സന്തോഷമേയുള്ളു സുധാകരാ, വീട്ടുകാരുമായി വരൂ ഒരു ദിവാസം ഇവിടെ " പ്രേമയുടെ അച്ഛന്‍ പറഞ്ഞു

"ശെരി, ഞാന്‍ അമ്മയേം ചേച്ചിയേം കൂട്ടി വരാം താമസിയാതെ.."

കതകില്‍ ചാരി നിന്നിരുന്ന പ്രേമയുടെ കണ്ണുകള്‍ സുധാകരനെ തേടിയെത്തി.. സുധാകരന്‍ എഴുന്നേറ്റു.. "ഞാനിറങ്ങട്ടെ.,പ്രേമെടെ അച്ചാ അമ്മേ, എന്‍റെ വീട്ടിലേക്ക് വരൂ സൗകര്യം പോലെ.."

"ന്നാ അങ്ങിന്യാവട്ടെ, സുധാകരാ.." പ്രേമയുടെ അച്ഛന്‍ എഴുനേറ്റു കൊണ്ടു പറഞ്ഞു..
പ്രേമ എന്തോ ഓര്‍ത്തിട്ടെന്ന പോലെ, സുധാകരനെ വിളിച്ചു..

" അപ്പൊ ന്‍റെ കവിത കാണേണ്ടേ സുധാകരാ ?"

" കവിതയോ ? അതിങ്ങെടുത്തോളൂ , ഞാന്‍ വായിച്ചട്ടു തിരിച്ചു തന്നേക്കാം.."
പ്രേമയുടെ മുഖത്ത് പരിഭവം..സുധാകരന്‍ തിരിച്ചു വീട്ടിലേക്ക് കയറി..

"അപ്പൊ എന്നാ കവിതയൊക്കെ എഴുതി തുടങ്ങ്യെ വക്കീലെ " സുധാകരന് സംശയം.

" കഴിഞ്ഞ നാലു വര്‍ഷമായി ഞാന്‍ എഴുതി തുടങ്ങിയിട്ട് ...എന്‍റെ ആദ്യ സമാഹാരം പ്രകാശനം ചെയ്തത് ബാലന്‍ മാഷാണ്. പിന്നെ രണ്ടു പുസ്തകം കൂടി ചെയ്തു..ഇപ്പോള്‍ സമയം കിട്ടുമ്പോള്‍ മാഗസിനു വേണ്ടി എഴുതും"

" ഇതൊക്കെ ഇപ്പോഴാ പറയുന്നെ..വിശദമായി ഞാന്‍ ചോദിക്കാഞ്ഞത്‌ മോശമായി പോയി."

" ഇനീം സമയം ഉണ്ടല്ലോ, ന്താ നായര് കുട്ടിക്ക് ധൃതീണ്ടാ പോയിട്ട്‌..?"

" അമ്മക്ക് ആര്യവൈദ്യശാലയില്‍ നിന്നു കുറച്ചു തൈലം വാങ്ങണം..അത്രേയുള്ളൂ.." സുധാകരന്‍ പറഞ്ഞു..

"ഞാനിവിടെക്ക് വിളിച്ചത് കുറച്ചു കാര്യങ്ങള്‍ ചോദിക്കാനയിരുന്നു സുധാകരാ, ഞാന്‍ ചോദിച്ചോട്ടെ ?"..

സുധാകരന്‍റെ മുഖത്ത് ആകാംക്ഷ..

"നോക്കൂ, നമ്മുടെ കല്യാണം കഴിഞ്ഞാല്‍ എനിക്കിവിടെ അച്ഛന്റെയും അമ്മയുടെയും അടുത്ത് താമസിക്കാന്‍ പറ്റോ..?" സുധാകരന്‍ ചിരിച്ചു..

"എന്താ പ്രേമേ ചെറിയ കുട്ടികളെ പോലെ, കല്യാണം കഴിഞ്ഞാല്‍ ഭര്‍ത്താവിന്‍റെ കൂടെയല്ലേ താമസിക്കുക..എനിക്കാണേല്‍ ജോലി ചെന്നെയിലും, പ്രായോഗീകത വെച്ചു നോക്കുമ്പോള്‍ വല്യ ബുദ്ധിമുട്ടാണ്.. പിന്നെ ഞാന്‍ കുറച്ചു നാള്‍ ഒറ്റക്ക് കഴിഞ്ഞേക്കാം.., പ്രേമയുടെ ജോലിയും ഒരു പ്രശ്നമാവൂലോ ?"

"എനിക്കാകെ ഒരു കണ്‍ഫ്യൂഷന്‍ ആണ് ഇപ്പോള്‍.., കല്യാണം കഴിക്കേം വേണം ന്നാ ഈ വീട് വിട്ടു പോകാനും പറ്റില്യ..എന്താ പ്പോ ചെയ്യാ..?"

“പ്രേമേ, ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ടുതുടങ്ങിയത് എല്ലാം സുഗമമാകും എന്ന ശുഭാപ്തി വിശ്വാസത്തോടെയല്ല, മറിച്ചു ഒന്നിച്ചു ജീവിക്കാനുള്ള കൊതി കൊണ്ടാണ്..

ജീവിതമാര്‍ഗം തിരഞ്ഞുപോയപ്പോള്‍ എനിക്ക് നഷ്ടപ്പെട്ടത്‌ ഈ നാടും ഇവിടത്തെ ജീവിതവുമാണ്... അതുമൂലം വേദനിച്ചത്‌ എന്‍റെ അമ്മയും ഇപ്പോള്‍ താനും..”

"ഞാന്‍ വെഷമിപ്പിക്കാന്‍ പറഞ്ഞതല്ല..സുധാകരാ..ഈ വീടും അമ്മയെയും വിട്ടു ഞാന്‍ മാറി നിന്നിട്ടില്യ ഇതു വരെ, ജോലിയുടെ കാര്യം വേറെയോന്നാണ്.. അത് പോകുന്നെങ്കില്‍ പോകട്ടെ..പക്ഷെ ഇവിടം വിട്ടു മാറി നില്‍ക്കാന്‍ മനസ്സു അനുവദിക്കുന്നില്ല. സുധാകരന് ഇവിടേക്ക്‌ സ്ഥലം മാറ്റം കിട്ടുമോ ?"
"ആര്‍.പി.ജി ഗ്രൂപ്പിന്‍റെ കേരളത്തിലെ ബിസിനസ്സ് കുറച്ചു കൊണ്ടു വരികയാണ്, കാര്‍ബണ്‍ ബ്ലാക്കും, റബ്ബര്‍ വ്യവസായവും അതില്‍ ചിലത് മാത്രം..ഹെഡ് ഓഫീസില്‍ ഇരുന്നു ജോലിയെടുക്കുമ്പോള്‍ ഉള്ള സുഖം ഇവിടെ ബ്രാഞ്ചില്‍ ഉണ്ടാകില്ല എങ്കിലും ഞാന്‍ ശ്രമിക്കാം.."

"എനിക്ക് വേണ്ടിയെങ്കിലും ഒന്നു ശ്രമിച്ചു കൂടെ സുധാകരാ " വിറയാര്‍ന്ന ചുണ്ടുകളോടെ പ്രേമ ചോദിച്ചു.

" പ്രേമേ, ജീവിതത്തില്‍ എല്ലാം നമ്മള്‍ ആലോചിക്കുന്ന പോലെ നടക്കണം എന്ന് യാതൊരു നിര്‍ബന്ധവും ഇല്ല, മാറ്റങ്ങള്‍ അനിവാര്യങ്ങളെങ്കില്‍ മാറിയേ മതിയാകൂ..അതൊരു പ്രശ്നമായി കരുതാതെ മാറ്റങ്ങള്‍ കൊണ്ടുള്ള വിഷമങ്ങള്‍ കുറക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് നോക്കാം." സുധാകരന്‍ പറഞ്ഞു.

"സുധാകര, തകരുന്നത് എന്‍റെ നെഞ്ച്ചാണ്. എനിക്ക് അമ്മയെ വിട്ടു മാറി നില്‍ക്കാന്‍ കഴിയില്ല, പിന്നെ സുധാകരന്‍റെ കൂടെ ജീവിക്കേം വേണം, പറയൂ ഞാന്‍ എന്താ ചെയ്യണ്ടേ..?" ഇടറിയ സ്വരത്തില്‍ പ്രേമ പറഞ്ഞു.

"വക്കീലെ, ഈ മനസ്സിനു കുറച്ചു ബലം ഉണ്ടെനനാ ഞാന്‍ കരുതിയിരുന്നെ., കോടതിയില് ഇത് ശെരിയാവോ ?" സുധാകരന്‍ തമാശയായി ചോദിച്ചു..

" ഇതു കോടതിയല്ല, ന്‍റെ മനസ്സാ, ഒരു തമാശ .." അല്‍പ്പം ഗൌരവത്തില്‍ പ്രേമ പറഞ്ഞു.

" ഓ അപ്പോഴേക്കും പിണങ്ങ്യോ, ഞാന്‍ ചോദിക്കാമെന്നു പറഞ്ഞില്ലേ., ഞാനിറങ്ങട്ടെ എന്നാല്‍, ഞാന്‍ ഫോണ്‍ ചെയ്യാം" സുധാകരന്‍ പറഞ്ഞിട്ടെഴുന്നേറ്റു.

"ഞാന്‍ പോകണ്ടാന്നു പറഞ്ഞാ പോകാതിരിക്ക്വോ.." കുസൃതി ചിരിയോടെ പ്രേമ ചോദിച്ചു.

"താഴെ പ്രേമെടെ അമ്മേം അച്ഛനും ഇതെന്താ ഈ ചെറുക്കന്‍ പ്രായം ആയ പെണ്‍കുട്ടിയുടെ മുറിയില്‍ ചുറ്റിതിരിയുന്നെ എന്ന് ചോദിക്കുന്നുണ്ടാവും, ഞാന്‍ ഇറങ്ങുണൂ വക്കീലെ..പോകാന്‍ മനസ്സു വരുന്നില്ല, ന്നാലും പോയല്ലേ പറ്റൂ.." സുധാകരന്‍ പറഞ്ഞു..

" ന്‍റെ അമ്മേം അച്ഛനും അങ്ങിനത്തെ സംശയം ഒന്നൂല്യട്ടാ നായര് കുട്ട്യേ, അവര്‍ക്കറിയാം ഇയാള് പ്രശ്നം ഇല്ലാതാ ആളാന്നു" പ്രേമ പറഞ്ഞു..

പ്രേമയുടെ മുറിയില്‍ നിന്നും സുധാകരന്‍ പുറത്തേക്ക് ഇറങ്ങും മുന്‍പ് പ്രേമയുടെ അമ്മ ചായയുമായി കയറി വന്നു.

" ദാ, ചായ കുടിച്ചോളൂ എന്നിട്ടാവാം ബാക്കി.." പ്രേമയുടെ അമ്മ ചായ കപ്പു സുധാകരന് നീട്ടി. സുധാകരന്‍ ചായ കപ്പു വാങ്ങി, ഒന്നു രുചിച്ചു നോക്കി..

" മധുരം കൂട്യോ, നിക്ക് വല്യ നിശ്ചയം പോരാ.., ഇവിടെ എല്ലാര്‍ക്കും മധുരം കുറച്ചു അധികം വേണ്ട തരക്കാരാ" പ്രേമയുടെ അമ്മ സുധാകരനോട് ചോദിച്ചു.

" ഏയ്, ഇല്ല മധുരം പാകത്തിനാ." എന്ന് പറഞ്ഞിട്ടു സുധാകരന്‍ ചായ കുടിച്ചതിനു ശേഷം കപ്പു മേശപുറത്തു വെച്ചു.. .

"ഞാന്‍ ഇറങ്ങട്ടെ, പോകുന്ന വഴിക്കു അമ്മക്ക് കുഴമ്പു വാങ്ങണം വൈദ്യശാലേന്നു" ചിരിച്ചു കൊണ്ടു കോവണിയിറങ്ങി സുധാകരന്‍.

വീടിന്‍റെ പടിവരെ പ്രേമ സുധാകരനെ അനുഗമിച്ചു. മണ്ണിട്ട പാതയിലൂടെ നടന്നു നീങ്ങുന്ന സുധാകരന്‍റെ രൂപം കണ്ണില്‍ നിന്നും മറയുന്നത്‌ വരെ പ്രേമ നോക്കി നിന്നു..

******************

സുധാകരന്‍ വീടെത്തുമ്പോള്‍ അമ്മ പുറത്തു കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

"എന്തെ സുധെ ഇത്ര വൈക്യെ, ബസ്സ് കിട്ടീല്യെ, കാത്തിരുന്നിട്ടു കാണാന്ടെ ആയപ്പോ ഞാന്‍ വിഷമിച്ചൂ, കാണാന്‍ പോയേ ആളുകളെ ഒക്കെ കണ്ടോ.." സരസ്വതി അമ്മ ചോദിച്ചു.

"സംസാരിച്ചിരുന്നപ്പോ നേരം വൈകീതറിഞ്ഞില്ല അമ്മേ, പിന്നെ കോളെജില്‍ പഠിപ്പിച്ചിരുന്ന ഒരു മാഷ്ടെ വീട്ടില്‍ പോയി..മാഷ്‌ കഴിഞ്ഞ ദിവസം മരിച്ചു പോയി..ഹാര്‍ട്ട് അറ്റാക്കായിരുന്നു. നല്ല മനുഷ്യനായിരുന്നു..പാവം" സുധാകരന്‍ വീട്ടില്‍ കയറുന്നതിനിടയില്‍ പറഞ്ഞു.

"ഇതാ കുഴമ്പ്, വൈദ്യനെ ഒന്നു പോയി കണ്ടൂടെ അമ്മക്ക്, മുട്ടുവേദന കുറവുണ്ടോ കുഴമ്പ് തേച്ചിട്ടു ?, വൈദ്യശാലേല്‍ അവരു ചോദിച്ചപ്പഴാ അമ്മക്ക് മുട്ടു വേദനയുള്ള കാര്യം തന്നെ ഞാന്‍ അറിയണേ" സുധാകരന്‍ കുഴമ്പിന്‍റെ കുപ്പികള്‍ അമ്മക്ക് കൊടുത്തു കൊണ്ടു ചോദിച്ചു.

"ഓ അതത്ര കാര്യായിട്ടൊന്നും ഇല്യ സുധെ, പിന്നെ ഈ കൊഴമ്പ് തേക്കനോണ്ട്‌ വേദനക്ക് കൊറേ ഭേദംണ്ട്, ആ മാഷ്ക്ക് എന്താ പറ്റ്യെ ന്നാ പറഞ്ഞേ ?" അമ്മ ചോദിച്ചു.

" മാഷിനു അറ്റാക്കായിരുന്നു, വൈകീട്ട്‌ നടക്കാന്‍ പോയീട്ട് വന്നതാ..കുറച്ചു വെള്ളം വാങ്ങി കുടിച്ചിട്ട് ചാരു കസാലയില്‍ കിടന്നൂത്രേ. പിന്നെ എണീട്ടില്യ പാവം, നല്ലൊരു മനുഷ്യനായിരുന്നു..ഇന്നത്തെ പേപ്പറില്‍ കുറിപ്പുണ്ട് " സുധാകരന്‍ പതിയെ പറഞ്ഞു.

"പാവം, കുട്ട്യോളുണ്ടാ മാഷ്ക്ക്", അമ്മയുടെ സ്വരത്തിന് ആകാംക്ഷ

" ഒരു മോളുണ്ട്‌, കല്യാണം കഴിഞ്ഞു ഒരു കുട്ടീംണ്ട്‌.." സുധാകരന്‍ പറഞ്ഞു.

" ഞാനിന്നു ഇത്തിരി പരിപ്പുവട ഇണ്ടാക്കീ, രമക്കും മക്കള്‍ക്കും കൊടുക്കാലോ ന്നു വെച്ച്. നീ പോയി വേഷക്കോ ഒന്നു മാറി വരൂ, ഞാന്‍ ചായ ഇടാം." അമ്മ പറഞ്ഞു കൊണ്ടു അടുക്കളയിലേക്കു പോയി.

സുധാകരന്‍ താഴെയുള്ള ഹാളില്‍ തിരിച്ചു വന്നപ്പോള്‍ പരിപ്പുവടയും ചൂടുള്ള ചായയുമായി അമ്മയെത്തി.

"ഞാനൊന്നും കഴിച്ചില്ല ഇന്ന്..ഒരു സുഖണ്ടായില്ല, പിന്നെ വരുമ്പോഴാകട്ടെന്നു കരുതി" കസേരയില്‍ ഇരുന്നു കൊണ്ടു അമ്മ പറഞ്ഞു.

"അതെന്താ അമ്മേ, ഭക്ഷണം സമയത്തു കഴിക്കേണ്ടെ.., ഇന്ന് ഞാന്‍ പ്രേമേടെ വീട്ടില്‍ പോയിരുന്നു..പ്രേമേടെ അമ്മയുടെ പിറന്നാള്‍ ആയിരുന്നു. ഉച്ചക്ക് ഊണു അവിടെ നിന്നു കഴിച്ചു..പ്രേമേടെ അച്ഛനേം കണ്ടു." സുധാകരന്‍ ചായ കുടിക്കുന്നതിനിടയില്‍ പറഞ്ഞു.

ശ്രദ്ധയോടെ കേട്ടിരിക്കുന്ന അമ്മ. സുധാകരന്‍ ബാക്കി പറയാത്തതിനാല്‍ മുഖത്ത് ആകാംക്ഷയുണ്ട്..പക്ഷെ ഒന്നും ചോദിക്കാതെ സുധാകരനെ തന്നെ നോക്കിയിരുന്നു..

" അമ്മയെന്താ, ഒന്നും കഴിക്കുന്നില്ലേ..?" സുധാകരന്‍ ചോദിച്ചു.

" ങാ, നീയെന്തോ പറയായിരുന്നല്ലോ, എന്നിട്ടെന്തായി, രാമുണ്യാരെന്തു പറയുണൂ ?" ചായ കുടിച്ചു കൊണ്ടു അമ്മ ചോദിച്ചു.

" ഞാന്‍ പ്രേമയെ കാണാനാ പോയേ, കണ്ടു, കുറെ കാലത്തിനു ശേഷം കണ്ടതല്ലേ, സംസാരിച്ചിരുന്നു കുറച്ചു നേരം, കോളേജിലും ഒന്നു പോയി." സുധാകരന്‍ പറഞ്ഞു.

"എനിക്ക് പ്രേമയെ ഇഷ്ടമാണെന്നും വിവാഹം ചെയ്‌താല്‍ കൊള്ളാമെന്നും ഞാന്‍ പ്രേമയുടെ അച്ഛനോട് പറഞ്ഞു, ഇവിടെ വന്നു അമ്മയെയും ചേച്ചിയേയും കാണാനും വിളിക്കേം ചെയ്തു, ഇപ്പൊ അമ്മക്ക് വിഷമം മാറീലോ?" സുധാകരന്‍ ചെറിയ ചിരിയോടെ ചോദിച്ചു.

"ന്നാലും ന്‍റെ സുധെ, നിക്കിപ്പഴാ ഒരു സമാധാനം കിട്ട്യെ, നല്ല കുട്ട്യാ പ്രേമ , ഞാന്‍ കണ്ടിട്ടിണ്ട്, ന്നിട്ട് രാമുണ്യാരെന്തു പറഞ്ഞു?, അവരെന്നാ ഇവിടെ വരണേ?" അമ്മയുടെ വാക്കുകളില്‍ സന്തോഷവും ആകാംക്ഷയും.

"അവര്‍ക്ക് സന്തോഷമേയുള്ളൂ എന്നാണ് പറഞ്ഞതു, നമുക്കു അവിടെ പോയി കാണേണ്ടി വരും ഒരു ചടങ്ങിനെങ്കിലും, ഇവിടേക്ക്‌ വരുന്നതിനു മുന്‍പ് അറിയിക്കാമെന്നാണ് പറഞ്ഞത്. " സുധാകരന്‍ അമ്മയെ നോക്കി കൊണ്ടു പറഞ്ഞു.

"അതെ, അതാണ് അതിന്‍റെ ശരി, ചെക്കന്‍റെ വീട്ടുകാരല്ലേ പോയി ആദ്യം കാണേണ്ടത്, ഇനീപ്പോ മോഹനനും രമേം പോകട്ടെ, സമയം നോക്കാന്‍ ജോത്സ്യന്‍റെ വീട്ടിലൊന്നു പൂവണ്ട വരും, നീ വരണ്ട ഞാന്‍ പൊയ്ക്കോളാം. ജാതക പൊരുത്തം ഒന്നു നോക്കണം, വേണ്ടാന്നു പറയരുത്."
"അപ്പൊ ഞാന്‍ ഇന്നലെ പറഞ്ഞതൊക്കെ വെള്ളത്തിലായോ..?" സുധാകരന്‍ ചിരിയോടെ ചോദിച്ചു.
" മോനേ, ഇതു നിങ്ങളുടെ രണ്ടു പേരുടേയും നല്ലതിനാണെന്ന് കൂട്ടിക്കോളൂ. ഇതു നീയ് അറിയേണ്ട, ഞാനും രമേം കൂടി ചെയ്തോളാം. " അമ്മ പറഞ്ഞു.
" എന്നാ, ശെരി..ഇനി അമ്മയുടെ ഇഷ്ടം പോലെ.." സുധാകരന്‍ എഴുന്നേറ്റു ഉമ്മറത്തേക്ക് നടന്നു.
(തുടരും)