April 08, 2008

മടക്കയാത്ര-മൂന്ന്

ഈ കഥയുടെ ആദ്യ പോസ്റ്റുകള്‍ വായിക്കാത്തവര്‍ക്കായി ലിങ്ക് ഇവിടെ ചേര്‍ത്തിരിക്കുന്നു.

മൂന്നാം ഭാഗം

സുധാകരന്‍റെ വീട്.

അച്ഛന്‍റെ ശേഖരത്തിലെ വൈലോപ്പിള്ളി കവിതകള്‍ എടുത്തു വായിക്കുന്ന സുധാകരന്‍..
മാമ്പഴമെന്ന കവിത എത്ര തവണ ചൊല്ലി കേള്‍ക്കുമ്പോള്‍ കരഞ്ഞിരിക്കുന്നു, ഇന്നും വായിക്കുമ്പോള്‍ സുധാകരന്‍റെ കണ്ണിനു നനവ്‌..

"സുധാകരാ നിനക്കു രാത്രീലിക്ക് ഊണു നിര്‍ബന്ധംണ്ടാ ?" അമ്മയുടെ ശബ്ദം കേട്ടപ്പോള്‍ സുധാകരന്‍ പുസ്തകത്തില്‍ നിന്നും തലയുയര്‍ത്തി നോക്കി..

"അമ്മക്ക് എന്താ വെച്ചക്കണേ, അത് തന്നെ മതി..എനിക്കായിട്ടു പ്രത്യേകിച്ചൊന്നും വേണ്ട.."

"എനിക്ക് കുത്തരി കഞ്ഞിയാ വെക്കണേ, നിനക്കു ചോറു വെക്കാം ന്താ പോരെ.."

"വേണ്ടമ്മേ, എനിക്കും കഞ്ഞി മതി, എത്ര കാലായി കഞ്ഞി കുടിച്ചിട്ട്, പ്ലാവില കരണ്ടീം, നാളികേരം അരച്ച ചമ്മന്തിയും മുളക് വറുത്തതും ഇന്നും ആലോചിക്കുമ്പോ വായില്‍ വെള്ളം വരണൂ.. "

"പ്ലാവില തെക്കേപ്പുറത്തുള്ള പ്ലാവിന്‍റെ ചോട്ടീപ്പോയാ കിട്ടും, നീ പോയി എടുത്തിട്ടു വാ, എനിക്ക് കണ്ണിത്തിരി കാഴ്ച കൊറവാ.."

സുധാകരന്‍ ചാരു കസാലയില്‍ നിന്നെഴുന്നേറ്റ് തെക്കേ പുറത്തേക്ക് പോയി. പണ്ടു ചക്കയിടാന്‍ പ്ലാവിന്‍റെ പുറത്തു വലിഞ്ഞു കയറി കാല് തെറ്റി താഴെ വീണകാര്യമാലോചിച്ചപ്പോള്‍ ചിരിച്ചു..

പഴയ ഓര്‍മകളെ പോലെ അടര്‍ന്നു വീണിരുന്ന പഴുത്ത പ്ലാവിലകള്‍ പെറുക്കിയെടുത്തു, പോകുന്ന വഴിക്കു ചെന്തെങ്ങിന്‍റെ ഈര്‍ക്കിലും തയ്യാറാക്കി സുധാകരന്‍ ഊണു മേശയില്‍ ഇരുന്നു കരണ്ടിയുണ്ടാക്കി. പണ്ടു പോലീസും കള്ളനും കളിക്കാന്‍ പ്ലാവിലകള്‍ വെച്ചു തൊപ്പിയും അരപ്പട്ടയും ഉണ്ടാക്കിയതും ഓര്‍ത്തങ്ങിനെ സുധാകരന്‍ ഇരുന്നു.. ബാല്യം എത്ര സുഖമായിരുന്നു.. ദുഃഖങ്ങള്‍ ഇല്ലാത്ത സുന്ദരമായ കാലം.

"സുധാകരാ, നീയ് അവടീണ്ടാ ?" അമ്മയുടെ ശബ്ദം കേട്ടിട്ടു അടുക്കളയിലേക്കു ചെന്നു.

"എന്താ അമ്മേ, സഹായം എന്തെങ്കിലും വേണോ എന്‍റെ"

"നാളികേരം ഒന്നു പൊതിക്കണം, പിന്നെ ചെരവേം വേണം, നിനക്കു പറ്റോ ?"

"ഞാന്‍ ചെയ്യാം, നാളികേരം എവിട്യാ. "

നാളികേര മെടുത്തു, ചകിരി കീറി, മുറിച്ചു, ചിരകി കൊടുത്തപ്പോള്‍ സുധാകരന്‍റെ കൈകള്‍ക്കും ചുമലിനും കടച്ചില്‍, തനിക്ക് വയസ്സായി തുടങ്ങീന്നു ശരീരവും പറഞ്ഞു തുടങ്ങിയോ..

അടുക്കളയിലെ ബഞ്ചില്‍ കിടന്നു സുധാകരന്‍ കുറച്ചു നേരം..ഒന്നു മയങ്ങിയെന്നു തോന്നുന്നു..

"സുധാകരാ എണീക്ക്, കഞ്ഞി കുടിക്ക്യാ.".അമ്മയുടെ ശബ്ദം കേട്ടെഴുന്നേറ്റു.

കഞ്ഞിയും ചമ്മന്തിയും മുളക് വറുത്തതും ചുട്ട പപ്പടവും പ്ലാവില കരണ്ടിയും ചേര്‍ന്നപ്പോള്‍ ബാല്യ കാലത്തിലെത്തിയ പ്രതീതി. സുധാകരന്‍ ആസ്വദിച്ചു ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോള്‍ അമ്മക്ക് സന്തോഷം.

" സുധാകരാ, നീ മറുപടി ഒന്നും പറഞ്ഞില്ലല്ലോ, എനിക്ക് രാധാകൃഷ്ണനോടു ഒരു തീരുമാനം അറിയിച്ചേ മതിയാവൂ, എന്താന്നു വെച്ചാ നീ പറയ്വാ"

"അമ്മേ കല്യാണംന്നൊക്കെ പറയുമ്പോ, കൊറച്ചൊക്കെ ആലോചിക്കണ്ടേ.
ജാതകം വെച്ചു പൊരുത്തം നോക്കി, കവടി നിരത്തി സമയം ഒക്കെ നോക്കണ പരിപാടിക്ക് എന്തായാലും ഞാനില്ല. അതില്യാത്ത എന്തെങ്കിലും ഉണ്ടെന്കില്‍ നമുക്കു നോക്കാം. സമയം ധാരാളം ഉണ്ടല്ലോ. അമ്മെക്കെന്താ ഇത്ര ധൃതി, എന്നെ കല്യാണം കഴിപ്പിച്ചു വിട്ടിട്ട്, അമ്മക്ക് കാശിക്കു പോണോ ?"

" ജാതകം വേണ്ടങ്കെ വേണ്ട, ഇതൊക്കെ നിനക്കു നല്ലതിനാന്നു മാത്രം ആലോചിച്ചാമതി. പെണ്ണുനോക്കണ പണി അത്ര എളുപ്പല്ല ന്‍റെ മോനേ.. രണ്ടീസം കഴിഞ്ഞാ നീയങ്കിടു പോവും, പിന്നെ ഇതൊന്നു ശരിയായി കിട്ടാന്‍ ഞാന്‍ ഇങ്ങനെ ഇവിടെ കെടന്നു ചക്രശ്വാസം വലിക്കണം, അത് വല്ലതും നിനക്കറിയണാ"

"അമ്മക്ക്,ഇപ്പൊ എന്താ വേണ്ടേ, ഞാന്‍ കല്യാണം കഴിക്കണം അത്രല്യെ ഉള്ളോ, ഞാന്‍ തിരിച്ചു പോകുന്നതിനും മുന്‍പ് പറയാം. മത്യോ? “

"ങാ,അങ്ങിന്യാച്ചാല്‍, അങ്ങിനെ. ഞാനെന്താ പറയാ, നീ ചെറ്യെ കുട്ട്യല്ലല്ലോ"

സുധാകരന്‍ ഭക്ഷണം കഴിച്ചെഴുന്നേറ്റു.

*********************************************


പ്രഭാതം : സുധാകരന്‍റെ വീട്

അകലെയുള്ള അമ്പലത്തില്‍ നിന്നും ഒഴുകിയെത്തുന്ന കൌസല്യാ സുപ്രഭാതത്തിന്‍റെ നേര്‍ത്ത സ്വരം. പ്രായമൊന്നും വകവെക്കാതെ അതിരാവിലെ തന്നെ സരസ്വതിയമ്മ കുളി കഴിഞ്ഞു തുളസി തറയില്‍ വിളക്കും വെച്ചു അമ്പലത്തിലേക്കു പോകുവാനുള്ള തയ്യാറെടുപ്പിലാണ്.

സുധാകരനെ അമ്മ വിളിച്ചുണര്‍ത്തി അമ്പലത്തിലേക്കു പോകുന്നെന്ന് പറയാന്‍. സുധാകരന്‍ പിന്നീട് ഉറങ്ങാതെ താഴോട്ടിറങ്ങി വന്നു, ഉണ്ടാക്കിയിരുന്ന കട്ടന്‍ കാപ്പിയും കുടിച്ചു കൊണ്ടു പഴയ ദിനപത്രങ്ങളിലൂടെ കണ്ണോടിച്ചു..

തൃശ്ശൂര്‍ നഗരവും മാറിയിരിക്കുന്നു.. സൂപ്പര്‍ മാര്‍ക്കറ്റും പുതിയ ബാങ്കുകളും ടി വി ഷോപ്പും എന്നുവേണ്ട പാര്‍ട്ടി ഓഫിസുകള്‍ക്കും ഉണ്ട് മാറ്റം.. പുതിയ എ കെ ജി സെന്‍റ്ററില്‍ സമ്മേളനം, ചുമട്ടു തൊഴിലാളി യൂണിയന്‍ നടത്തുന്ന ധര്‍ണ, വിലവര്‍ധനവിനെതിരെ കളക്ടറേറ്റ് മാര്‍ച്ച് ...

സത്യം, കേരളത്തില്‍ സമരമോ ധര്‍ണയോ ഇല്ലാതെ ഒരു ദിവസം പോലും ഇല്ല എന്നുള്ള സ്ഥിതിയായി. സംസ്ഥാനം നൂറു ശതമാനം സാക്ഷരത കൈവരിച്ചപ്പോള്‍ അതിന്‍റെ പത്തിരട്ടി രാഷ്ട്രീയ പ്രബുദ്ധത ജനങ്ങളില്‍ കൂടി എന്ന് തോന്നുന്നു.. പഠിപ്പ് മുടക്കി, ജാഥകള്‍ നയിച്ചു, പിന്തിരിപ്പന്‍ ശക്തികള്‍ക്കെതിരായി വായ്തോരാതെ പ്രസംഗിച്ചു, പിന്നെ ചൂടു മാറാതെ കടകള്‍ അടപ്പിച്ചു, ബസ്സ് തടഞ്ഞു, പോലീസുമായി ഉടക്കി എന്തെല്ലാം പ്രശ്നങ്ങള്‍ താനും കൂട്ടരും കലാലയ രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയിരിക്കുന്നു..

ഈ കര്‍മ്മം തലമുറകളായ് തുടരുന്നു, അങ്ങിനെ സാധാരണക്കാരന് ജോലി ചെയ്തു ജീവിക്കുവാന്‍ അയല്‍ സംസ്ഥാനത്തേക്ക് മാറി താമസിക്കേണ്ട അവസ്ഥയും..

തന്‍റെ സോഷ്യലിസ്റ്റ് ചിന്താഗതി കഴിഞ്ഞ എഴുവര്‍ഷത്തിനുള്ളില്‍ മാറിയത് സുധാകരന്‍ വേദനയോടെ അറിഞ്ഞു.. ഇസവും സിദ്ധാന്തങ്ങളും വായിക്കുവാനും വികാരഭരിതനാകുവാനും കൊള്ളാം, അതൊന്നും പാവപ്പെട്ടവന്‍റെ വയറു നിറക്കില്ല, പട്ടരു സ്വാമി പറഞ്ഞതോര്‍ത്തു.

"നീയെന്തേ ഒറങ്ങീല്യെ സുധെ " അമ്മയുടെ ശബ്ദം കെട്ട് സുധാകരന്‍ ചിന്തകളില്‍ നിന്നും ഉണര്‍ന്നു.

"ഇല്യ, ഞാനിവിടരിന്നു പഴയ പത്രം വായിക്കായിരുന്നു, അമ്മക്ക് വയ്യങ്ങെ കാലത്തെണീട്ട് ഇങ്ങിനെ ബുദ്ധിമുട്ടണോ..?" സുധാകരന്‍ ചോദിച്ചു..

"ഇതൊക്കെ എനിക്ക് ശീലാ..എത്ര വര്‍ഷായി ഞാന്‍ കാലത്തു അമ്പലത്തില് പോണു.."

"ശരി, ഞാനൊന്ന് കുളിക്കട്ടെ, എനിക്ക് തൃശ്ശൂര്‍ക്ക് പോണം, അമ്മെക്കെന്തെങ്കിലും വേണോ തൃശ്ശൂരിന്ന്"

"നീയ്, കോട്ടക്കല്‍ ആര്യവൈദ്യശാലേടെ വഴിക്കു പോവുണ്ടാന്ന്ച്ചാ, കൊറച്ചു കൊഴമ്പ് വാങ്ങ്യാ തരക്കേടില്ല."

“ശരി അമ്മേ, മരുന്നിന്‍റെ കുറിപ്പടി എടുത്തു വെച്ചേക്കൂ “

കുളികഴിഞ്ഞു പുറത്തു പോകുവാനുള്ള വേഷവും അണിഞ്ഞു താഴെ എത്തിയ സുധാകരന്‍ അമ്മയുണ്ടാകിയ പ്രാതലും കഴിച്ചിറങ്ങി.. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അമ്മ ചോദിച്ചൂ..

"നീയ് ഊണിന്നിണ്ടാവില്ലേ സുധെ".

"ഇല്ല അമ്മേ, അമ്മ കഴിച്ചോളൂ, ഞാന്‍ വരുമ്പോ കുറച്ചു വൈകും"

തൃശ്ശൂരിലേക്ക് പോകുന്ന ബസ്സില്‍ കയറാന്‍ സുധാകരന്‍ കുറച്ചു ബുദ്ധിമുട്ടി..
പണ്ടത്തെ പോലെ ഓടി ബസില്‍ കയറുവാന്‍ പറ്റാതെയായീര്‍ക്കുണു. സുധാകരന്‍ മനസ്സിലോര്‍ത്തു. കോളേജിലേക്ക് എത്ര തവണ ഫുട്പാത്തില്‍ യാത്ര ചെയ്തിരിക്കുന്നു. ഇന്നു ബസ്സിനകത്ത് ഇരുന്നു യാത്ര ചെയ്യുമ്പോഴും പഴയ ആ സുരക്ഷിതത്വ ബോധം വരുന്നില്ല.

ബസ്സ് താമസിയാതെ തൃശ്ശൂര്‍ നഗരത്തിലെത്തി. സുധാകരന്‍ ഇറങ്ങി അയ്യന്തോളിലേക്കുള്ള ബസ്സിനെ കുറിച്ചു തിരക്കി. വീട്ടില്‍ പ്രേമ കാണുമോ എന്നറിയില്ല. എന്തായാലും വീട്ടിലേക്ക് പോകുകതന്നെ.

സുധാകരന്‍ ആദ്യം വന്ന ബസില്‍ കയറി, കലക്ക്ടറേട്ടിലേക്ക് ടിക്കറ്റ് എടുത്തു. വഴിയില്‍ ജാഥയും സമരവും കണ്ടു സ്വയം ചിരിച്ചു.കലക്ടറെട്ടിലെ സ്റ്റോപ്പില്‍ ഇറങ്ങി, പ്രേമയുടെ വീട്ടിലേക്ക് നടന്നു.വീട് തിരഞ്ഞു പിടിക്കുവാന്‍ കുറച്ചു പ്രയാസപ്പെട്ടുവെങ്കിലും വീടിന്‍റെ പുറത്തെഴുതിവെച്ചിരിക്കുന്ന പേരു കണ്ടപ്പോള്‍ തീര്‍ച്ചപ്പെടുത്തി ഉള്ളില്‍ കയറി.

പുറത്തു കാറുകള്‍ നിര്‍ത്തിയിട്ടിരുന്നു. അന്‍പതു വയസ്സെങ്കിലും തോന്നിക്കുന്ന ഒരു സ്ത്രീ പൂമുഖത്ത്‌ നില്‍ക്കുന്നുണ്ട്‌. സുധാകരന്‍ പടി തുറന്നു വീട്ടില്‍ കയറുന്നത് അവര്‍ ആകാംക്ഷയോടെ നോക്കി കൊണ്ടിരിക്കുന്നു.

" ഇതു പ്രേമയുടെ വീടാണോ " സുധാകരന്‍ ചോദിച്ചു.

"അതെ, നിങ്ങള്‍ ആരാ ?"

"എന്‍റെ പേരു സുധാകരന്‍, പണ്ടു പ്രേമയുടെ കൂടെ പഠിച്ചിട്ടുണ്ട്, ഇപ്പൊ മദ്രാസിലാണ്"

"ഞാന്‍ പ്രേമയുടെ അമ്മയാണ്, പ്രേമ പുറത്തു പോയിരിക്കാണല്ലോ. ഞാന്‍ മൊബൈലില്‍ ഒന്നു വിളിച്ചു നോക്കട്ടെ, കയറി ഇരിക്കൂ.." പ്രേമയുടെ അമ്മ അത് പറഞ്ഞിട്ടു വീടിന്നകത്തേക്ക് പോയി.

സുധാകരന്‍ ഇരുന്നു മുറ്റത്ത്‌ നില്ക്കുന്ന ചെടികളെയും പൂവുകളെയും കണ്ണോടിച്ചു..
മുല്ലപ്പൂവും, കനകാമ്പരവും, പല വര്‍ണതിലുള്ള ചെമ്പരുത്തിയും ഭംഗിയായി വളര്‍ത്തിയിരിക്കുന്നു. രണ്ടു കാറുകള്‍.

കുറച്ചു നേരത്തിനു ശേഷം പ്രേമയുടെ അമ്മ തിരിച്ചെത്തി.

" പ്രേമ ഇപ്പൊ വരും, ഒരു പത്തു മിനിറ്റെങ്കിലും എടുക്കും.ചായ എടുക്കട്ടെ, നിങ്ങള്‍ക്ക്."

"ചായ വേണ്ട, ഞാനിപ്പോള്‍ കുടിച്ചതെയുള്ളൂ. കുറച്ചു വെള്ളം തന്നേക്കൂ."

സുധാകരന്‍ ടീപ്പോയില്‍ ഇരുന്നിരുന്ന പത്രമെടുത്തു കണ്ണോടിച്ചു.

(തുടരും)

4 comments:

ഹരിത് said...

വായിച്ചു. അടുത്ത ഭാഗം വരട്ടെ. എല്ലാം കൂടി ഒന്നിച്ചു അവസാനം അഭിപ്രായം പറയാം

ഗീത said...

ശ്ശോ, ഇവിടെക്കൊണ്ടുവന്നു നിറുത്തണ്ടായിരുന്നു........

ശ്രീവല്ലഭന്‍. said...

:-)

മാണിക്യം said...

, പ്രേമയുടെ ചിത്രങ്ങള്‍ക്ക്
പഴയ ഭംഗി തോന്നിച്ചില്ല സുധാകരന്..
,
എന്‍റെ പേരു സുധാകരന്‍,
പണ്ടു പ്രേമയുടെ കൂടെ പഠിച്ചിട്ടുണ്ട്,
ഇപ്പൊ മദ്രാസിലാണ്"

കടന്നുപോയ വര്‍ഷങ്ങള്‍
എന്തെല്ലാം മാറ്റങ്ങള്‍
എഴുതി ചേര്‍ത്തിരിക്കുന്നു.

സുധാകരന്‍ ടീപ്പോയില്‍
ഇരുന്നിരുന്ന പത്രമെടുത്തു കണ്ണോടിച്ചു.

, അവിടെ ഇരുന്ന് കണ്ണോടിക്ക്
ഞാന്‍ പോയി പ്രേമ വന്നോന്ന് നോക്കട്ടെ!!