April 06, 2008

മടക്കയാത്ര - രണ്ട്

ഈ കഥയുടെ ആദ്യ പോസ്റ്റ് വായിക്കാത്തവര്‍ക്കായി ലിങ്ക് ഇവിടെ ചേര്‍ത്തിരിക്കുന്നു.

രണ്ടാം ഭാഗം

സുധാകരന്‍ നടന്നു വീടിന്‍റെ ഉമ്മറത്തെത്തി. അച്ഛനായി ശേഖരിച്ചു വെച്ച പുസ്തകങ്ങള്‍ മുഴുവന്‍ അമ്മ പൊടിതട്ടി ചില്ലലമാരയില്‍ സൂക്ഷിച്ചിട്ടുണ്ട്‌. കണ്ടപ്പോള്‍ വായിക്കാന്‍ വേണ്ടി ചിലത് പുറത്തെടുത്തു.

റോഡിലേക്ക്‌ നോക്കി നിന്നപ്പോള്‍ സ്കൂളില്‍ കൂടെ പഠിച്ച പെണ്‍കുട്ടിയെ കണ്ടു, പേരു എത്ര ഓര്‍ത്തിട്ടും ഓര്‍മയില്‍ വന്നില്ല. അവരടുത്തു വന്നപ്പോള്‍ സുധാകരനോട് ചോദിച്ചു.

"എപ്പഴാ വന്നെ സുധാകരാ, എന്നെ അറിയ്വോ, ഞാന്‍ ജെസ്സി പണ്ടു കൂടെ പഠിച്ചിട്ടിണ്ട് പള്ളി സ്കൂളില്. ഓര്‍മീണ്ടോ ?"

"എനിക്ക് ഓര്‍മ്മീണ്ട്ട്ടാ, പേരു നാവില്‍ വന്നില്ല ,അത്രമാത്രം. ജെസ്സി ഇപ്പൊ എന്താ ചെയ്യണേ.”

"ഞാന്‍ ഇവിടെ പള്ളീല് കൊട്ടനെയ്തു ചെയ്യണ സ്ഥലത്തു ജോലി ചെയ്യണൂ, ഞാനമ്മയെ കാണാറുണ്ട്‌, വിശേഷങ്ങള്‍ അറിയാറൂണ്ട്‌ ..”

അമ്മ പുറകെ വന്നത് സുധാകരന്‍ കണ്ടില്യ,

"ആരാ, ജെസ്സ്യാ. എന്തോക്കീണ്ട് മോളെ വിശേഷം. അമ്മക്ക് സുഖം തന്ന്യല്ലേ,"

"സുഖം തന്നെ അമ്മേ, ഞാന്‍ സുധാകരനെ കണ്ടപ്പോ ഒന്നു നിന്നതാ, വരട്ടെ."

"നല്ല സ്നേഹള്ള കുട്ട്യാ, വീട് നോക്കി നടത്തണതു ഈ കുട്ട്യാ, അപ്പന് വയ്യാണ്ടേ കിടപ്പിലായിട്ടു വര്‍ഷങ്ങളായി, ഈ കുട്ടീടെ ചേച്ചിക്കും വയ്യാന്നാ പറയണ കേട്ടേ.. പാവം."

"നിന്‍റെ കൂടെ പഠിച്ച ഒരു പെങ്കുട്ടീണ്ടാര്‍നില്ലേ, ആ പര്യാരത്തെ രാമുണ്യാരുടെ മോള്, എന്താ ആ കുട്ടീടെ പേരു, ആ എനിക്കോര്‍മ്മ വരിണില്യ, ആ കുട്ടീനെ ഞാന്‍ പുഷ്പാന്ഞലീല് കഴിഞ്ഞാഴ്ച ശ്യാമളേടെ അനീത്തീടെ കല്യാണത്തിനു പോയപ്പോ കണ്ടിണ്ടാര്‍ന്നു, നിന്നെ പറ്റി ചോദിച്ചു.. ഇപ്പൊ വക്കീലായീത്രേ, ഹൈകോര്‍ട്ടിലെ മേനോന്‍ വക്കീലിന്‍റെ കൂട്യാത്രെ ജോലി ചെയ്യണേ. നിനക്കു ഓര്‍മ്മീല്യെ സുധെ.. "

സുധാകരന്‍റെ മറുപടി ഒരു ചിരി മാത്രമായി, അമ്മക്ക് പ്രേമയെ എങ്ങിനെ അറിയാമെന്നാലോചിക്കുകയായിരുന്നു. ഒരു പക്ഷെ, രമ പറഞ്ഞു കൊടുത്തുകാണും.

"എന്താ മോനേ നീ ആലോചിക്കണേ, ഞാന്‍ പറഞ്ഞതു നീ കേട്ടിലാന്നുണ്ടോ ഇനി ? "

"അമ്മക്ക് പ്രേമയെ എങ്ങിന്യാ അറിയാന്നു ആലോചിച്ചു നോക്കാര്‍ന്നു. പ്രേമ ഇവിടെ വന്നട്ടില്ലല്ലോ, പിന്നെ എങ്ങിന്യാ അമ്മക്ക് ആ കുട്ടിയെ അറിയാ?"

അമ്മയുടെ മുഖത്ത് ചിരി, "ഓ അതാ കാര്യം , രമ ഇവിടെ വന്നപ്പോ, നിന്‍റെ മുറിയൊന്നു വൃത്തിയാക്കാന്‍ പുറപ്പെട്ടതാ. നിന്‍റെ പഴയ പുസ്തകമൊക്കെ അടുക്കി വെച്ചപ്പോള്‍ ആ കുട്ടീടെ ഒരു കവിത കണ്ടിട്ട് എന്നെ കാണിച്ചു തന്നിട്ടുണ്ടാര്‍ന്നു. പിന്നെ ഒരു ദിവസം ആ കുട്ടി അടുത്ത വീട്ടിലെ ശ്യാമളേടെ വീട്ടില്‍ വന്നു, വന്നപ്പോ ഞാന്‍ അവരുടെ വീട്ടില്‍ ഉണ്ടായിരുന്നു. അങ്ങിനെ പരിചയപ്പെട്ടതാ"

സുധാകരന്‍ എന്ത് പറയണം എന്നറിയാതെ മിണ്ടാതെ നിന്നു..

"മോനേ, നിന്‍റെ പ്രായത്തിലുള്ള കുട്ടികളെല്ലാം കല്യാണമൊക്കെ കഴിച്ചു കുട്ടികളായ് സുഖായിട്ട് ജീവിക്കണ കാണുമ്പോ എനിക്ക് അസൂയ തോന്നുണൂ, നിനക്കെന്താ കല്യാണം കഴിച്ചാല്‍, ഇനി ആരെയെങ്കിലും മനസ്സില്‍ കണ്ടു വെച്ചിട്ടുണ്ടോ നീ., കഴിഞ്ഞ തവണ രമ വന്നപ്പളും ഇതു തന്യാ അവളും പറഞ്ഞേ."

"എനിക്ക് ഇപ്പൊ കല്യാണൊന്നും വേണ്ട അമ്മേ, അങ്ങിനെ ആവശ്യാവുമ്പോ ഞാന്‍ പറയാം പോരെ.." സുധാകരന്‍ രക്ഷപ്പെടുവാന്‍ ഒരു ശ്രമം നടത്തി നോക്കി.

" എന്‍റെ കണ്ണടക്കണതിന് മുമ്പാവ്വോ മോനേ.." അമ്മ വിടാനുള്ള ഭാവമില്ല.

"അമ്മേ, ഞാന്‍ സ്വസ്ഥമായി ഒന്നു ജീവിച്ചോട്ടെ, എനിക്കിപ്പോ കല്യാണം വേണ്ട..പറയണത്‌ കേള്‍ക്കൂ"

"പുളിയന്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദെവസം കൂടി ഒരാലോചനേടെ കാര്യം എന്നോട് പറഞ്ഞേയുള്ളൂ, നല്ല തറവാട്ടുകാരാ, ആകെ ഒരു പെങ്കുട്ട്യാ അവര്‍ക്ക്.. കാണാനും കൊള്ളാം നിനക്കിഷ്ടായീന്നുവെച്ചാ നമുക്കൊന്നു പോയിക്കാണാം എന്ത് പറയുണൂ നീയ് " അമ്മ നിര്‍ബന്ധിച്ചു.

ഇതങ്ങിനെ ഒഴിഞ്ഞു മാറുവാന്‍ പറ്റില്ലെന്ന് സുധാകരന് മനസ്സിലായതിനാല്‍ തല്‍ക്കാലത്തേക്ക് രക്ഷപെടാന്‍ ഉറക്കം വരുന്നെന്നു പറഞ്ഞു തന്‍റെ മുറിയിലേക്ക് പോയി.

സന്ധ്യയാകാറായി,

സരസ്വതിയമ്മ സന്ധ്യക്ക്‌ ദീപം വെയ്ക്കാനുള്ള ശ്രമത്തിലാണ്.
കൈയും കാലും കഴുകി വന്നു, വിളക്ക് കഴുകി പൂജാ മുറിയില്‍ കയറി, നാമം ചൊല്ലുവാന്‍ തുടങ്ങി.. പൂജാ മുറിയിലെ അഞ്ചുതിരി വിളക്ക് കൊളുത്തിയതിനു ശേഷം തുളസി തറയിലേക്കുള്ള ദീപം എടുത്തു "ദീപം, ദീപം" എന്ന് ചൊല്ലി തുളസി തറയില്‍ വെച്ചു പ്രദക്ഷിണം വെച്ചു തൊഴുതു.. പൂജാ മുറിയില്‍ ഇരുന്നു നാമം ചൊല്ലി തുടങ്ങി.

കിടക്കയില്‍ കിടക്കുന്ന സുധാകരന്‍, അമ്മയുടെ നാമ ജപം മുകളില്‍ ഉള്ള തന്‍റെ മുറിയിലേക്ക് കേള്‍ക്കാം, നാമ ജപത്തിന്‍റെ ശബ്ദം പഴയ നാളുകളിലേക്ക് സുധാകരനെ കൊണ്ടു പോയി.

അച്ഛനുണ്ടായിരുന്ന കാലത്ത് ആഘോഷങ്ങള്‍ക്കെല്ലാം പ്രത്യേകതയായിരുന്നു. തിരുവാതിരയും, ഓണവും, വിഷുവും, വേലയും, പൂരവും വരുന്നതിനു മുന്‍പേ ഒരുക്കം തുടങ്ങും, അച്ഛന്‍റെ ചക്ക പ്രദമനും, ശര്‍ക്കര വരട്ടിയും കേമംന്നു വീട്ടില്‍ വന്നിരുന്ന അച്ഛന്‍റെ സുഹൃത്തുക്കള്‍ എല്ലാവരും പറയും, അത് കേള്‍ക്കാന്‍ അച്ചന് ഒരു രസമാണ്. പിന്നെ അമ്മയെ ചൊടിപ്പിക്കും, “കേട്ടോ സരസ്വതി ഇപ്പൊ തന്‍റെ പച്ചടിക്കൊന്നും വെല്യെല്യ. അങ്ങിന്യാ ആണുങ്ങള് അടുക്കളേല്‍ കേറിയാ.”

അച്ഛന്‍റെ മരണവും ചേച്ചിയുടെ കല്യാണവും തന്‍റെ നാടുവിടലും എല്ലാം പിന്നെ പെട്ടെന്നായിരുന്നു.. സ്വന്തമായി എന്തെങ്കിലും നേടിയെടുക്കാനുള്ള ഭ്രാന്തമായ തന്‍റെ ഓട്ടത്തിനിടയില്‍ മറന്നത് സ്വന്തം അമ്മയെയാണ്. അമ്മയുടെ ദുഖങ്ങളെയാണ്.

തന്നോടും തന്‍റെ സ്വപ്നങ്ങളോടും ഉള്ള വെറുപ്പു കൂടുകയാണ്...

തല തിരിച്ചു താന്‍ കിടക്കുന്ന മുറിയോന്നു ചുറ്റും കണ്ണോടിച്ചു..കോളേജില്‍ പോയിരുന്ന കാലത്ത് വായിച്ചിരുന്ന കഥകളും കവിതകളും മുറിയുടെ അലമാരകളില്‍ അടുക്കി വെച്ചിരിക്കുന്നു.

കവിതാ അരങ്ങുകളും, തെരുവ് നാടകങ്ങളും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒരുകാലം, സാമ്രാജത്യ ശക്തികള്‍ക്കെതിരെ മുദ്രാവാക്യങ്ങളും ജാഥകളും നടത്തി, നടന്നു തളര്‍ന്നപ്പോള്‍ തേക്കിന്‍കാട്ടു മൈതാനത്തില്‍ സൊറ പറഞ്ഞിരുന്നതും ഓര്‍ത്തു.

പ്രേമക്ക് തന്നെ ഗുണദോഷിക്കാനെ സമയമുണ്ടായിരുന്നുള്ളൂ. "എന്നാണ് താന്‍ കൊറച്ചു സീരിയസ് ആയിട്ട് പഠിക്കാന്‍ തുടങ്ങണേ, സുധാകരാ ഇതു രണ്ടാം വര്‍ഷമാണ്‌, ഒന്നാം വര്‍ഷത്തില്‍ പ്രൊഫസ്സര്‍മാരെ ഭ്രാന്തു പിടിപ്പിച്ചു നടന്നതിന്‍റെ ഗുണം തന്‍റെ മാര്‍ക്ക് ഷീറ്റില്‍ നോക്കിയാല്‍ കാണാം, രക്ഷിക്കാന്‍ പ്രത്യയശാസ്ത്രോം ഈ രാഷ്ട്രീയ കക്ഷീം ഒന്നുണ്ടാവില്യാട്ടാ നായര് കുട്ട്യേ, പറഞ്ഞില്ലാന്നു വേണ്ട."

താന്‍ പ്രേമയുടെ വീട്ടില്‍ പോയതിന്‍റെ വിവരം കോളേജു മുഴുവന്‍ പാട്ടായതും പിന്നെ കലാലയത്തിന്‍റെ ചുവരുകളില്‍ പ്രേമയുടെ പേരു തന്‍റെ പേരിനൊത്തു സ്ഥാനം പിടിക്കയും ചെയ്തപ്പോള്‍, പ്രേമക്ക് അത് ഏറ്റതേയില്ല.

"എഴുതി കയ്യക്ഷരം നന്നാവട്ടെ ഇവരടെയൊക്കെ. ഇനി ഇതിന്‍റെ പേരില്‍ സുധാകരന്‍ വഴക്കിനു പോകരുത്, എനിക്കൊരു പ്രശ്നോം ഇല്ല, ഈ ചുവരെഴുത്തൊക്കെ അങ്ങിനെ കെടക്കട്ടെ, എപ്പഴെങ്കിലും ആലോചിച്ചു ചിരിക്കാലോ."

പിന്നെയെത്ര ദിനങ്ങള്‍ കലാലയ വരാന്തകളിലും ടൌണ്‍ ഹാളിലും പബ്ലിക് ലൈബ്രറിയിലും ആയി പ്രേമയുമൊത്തു ചിലവഴിച്ചിരിക്കുന്നു. മനസ്സു തുറന്നു സ്നേഹിക്കുന്നുവെന്നു പറഞ്ഞ പ്രേമയെ സ്വീകരിക്കാതെ പ്രായോഗീകമായി ചിന്തിക്കുവാന്‍ പറഞ്ഞു നോവിപ്പിച്ച ആ നിമിഷവും, ഉറക്കമില്ലാത്ത രാത്രികളും, പരീക്ഷാ ദിനങ്ങളും അവസാനമായി പബ്ലിക് ലൈബ്രറിയില്‍ വെച്ചു കണ്ടു മുട്ടിയതും നിമിഷങ്ങളില്‍ സുധാകരന്‍റെ മനസ്സിലൂടെ മിന്നിമാഞ്ഞു..

താന്‍ സ്വാര്‍ത്ഥനായിരുന്നു, മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസ്സിലാക്കാതെ പ്രതികരിക്കുവാന്‍ ശ്രമിച്ച ഒരു വിവരദോഷി.

അമ്മയുടെ നാമ ജപം നിലച്ചിരിക്കുന്നു..സുധാകരന്‍ കട്ടിലില്‍ എണീറ്റിരുന്നു, ഇനിയുള്ള സമയം സ്വയം കുറ്റപ്പെടുത്തി കഴിയാതെ എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാം എന്ന് സുധാകരന്‍ തീര്‍ച്ചപ്പെടുത്തി.

പ്രേമയെ പോയി കാണണം, തന്നോടു പരിഭവം കാണുമെങ്കിലും പോകുക തന്നെ.

അമ്മ താഴെ നിന്നും വിളിക്കുന്നത് കേട്ടുകൊണ്ട്‌ താഴേക്കിറങ്ങി ചെന്നു സുധാകരന്‍.

"എന്താ അമ്മേ, വിളിച്ചോ.."

"രമേടെ ഫോണ്‍ വന്നിട്ടിണ്ട്, ശ്യാമളേടെ വീട്ടിലിക്ക്. നിനക്കാന്നാ തോന്നണേ."

"എനിക്കവരെ പരിചയം ഇല്ലല്ലോ അമ്മേ, അമ്മ കൂടി വരൂ"

സുധാകരനും അമ്മയും വീട് പൂട്ടി ശ്യാമള ചേച്ചിയുടെ വീട്ടിലേക്ക് പോയി. സുധാകരനെ കണ്ടയുടനെ ശ്യാമള ചേച്ചി പരിചയ ഭാവത്തോടെ ചോദിച്ചു.

" എപ്പഴാ വന്നെ സുധാകരാ, അമ്മക്ക് വലിയ പേട്യായിട്ടു ഇരിക്കാര്‍ന്നു, ഒരു വിവരോല്യാന്നു പറഞ്ഞിട്ടു."

"നമസ്കാരം ചേച്ചി, ഞാന്‍ അഞ്ചുമണിക്കെത്തി, അമ്മക്ക് വരണ വിവരത്തിനു ഫോണ്‍ ചെയ്യാന്‍ പറ്റിയില്ല. "

"രമയുടെ ഫോണ്‍ വന്നിരുന്നോ ? " സുധാകരന്‍ ചോദിച്ചു.

" രമ കട്ടു ചെയ്തിട്ടു വിളിക്കാംന്നു പറഞ്ഞു, രണ്ടു മിനിട്ടുനുള്ളില്‍ വിളിക്കുംന്നാ പറഞ്ഞേ"

"സുധാകരന്‍ ചെന്നയില്‍ എവിട്യാ ?"

"താമസം അണ്ണാനഗറില്‍, ഓഫീസ് മൌണ്ട് റോഡിലും"

"പ്രേമ പറഞ്ഞറിയാം, പിന്നെ സരസ്വത്യേച്ചീയാച്ചാ പറയേം വേണ്ട"

സുധാകരന്‍ ചിരിച്ചു കൊണ്ടു അമ്മയെ നോക്കി .

ഫോണ്‍ ബെല്ലടിച്ചു . എടുത്തത്‌ ശ്യാമളെച്ചിയാണ് " രമയാണ്, സംസാരിച്ചോളൂ "

എന്നിട്ട് ഫോണ്‍ സുധാകരന് കൊടുത്തു .

"എന്താ ചേച്ചിയെ, സുഖം തന്നെയല്ലേ, മക്കളെന്തു പറയണൂ, മോഹനേട്ടന്‍ നാട്ടിലുണ്ടോ അതോ യാത്രയിലോ," ഒരു പാടു ചോദ്യങ്ങള്‍ സുധാകരന്‍ അറിയാതെ തന്നെ നാക്കില്‍ ഓടിയെത്തി..

"എല്ലാവര്‍ക്കും സുഖം തന്നെ സുധെ, പിള്ളാര്‍ക്ക് കുറുമ്പു കൂടുതലാണ്, പറഞ്ഞാ കേള്‍ക്കില്ല, ഓളിയിട്ടു എന്‍റെ അരാശം ഒടുങ്ങി, ഇങ്ങനെന്ടാവോ പിള്ളാര്. മോഹനേട്ടന്‍ വീട്ടിലില്ല. തിരുവന്തോരത്താ, ഈ ഞായറാഴ്ച വരും, നിനക്കു സുഖം തന്നെ അല്ലെ.. എനിക്ക് അവിടക്ക് വരാന്‍ പറ്റില്ല, മോഹനേട്ടന്‍റെ അമ്മേടെ അനിയത്തി ആശുപത്രീലാ, ഞാന്‍ വേണം പോയി ഇരിക്കാനും ഭക്ഷണം കൊണ്ടു കൊടുക്കാനും വീട്ടിലെ കാര്യങ്ങള്‍ നോക്കാനും. നീ അമ്മയേം കൂട്ടി നാളെ ഇവിടേക്ക്‌ വാ, നിനക്കു വേറെ പ്രോഗ്രാം ഒന്നുല്ലേങ്കെ"

"അതുപിന്നെ, നാളെ എനിക്ക് വരാന്‍ പറ്റൂന്നു തോന്നിണില്യ.
മറ്റെന്നാളാവട്ടെ. മക്കളോട് അന്വേഷണം പറയൂ..അമ്മയോട് സംസാരിക്കണോ..അമ്മയുണ്ടിവിടെ, ഒരു മിനിട്ട് അമ്മക്ക് കൊടുക്കാം.."

"എന്താ രമേ, ജാനക്യെമ്മക്ക് ഭേദംണ്ടോ, നിനക്കും പിള്ളാര്‍ക്കും സുഖല്ലേ, കുട്ട്യേ "

പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു.." ഞാന്‍ പറയാനുള്ളത് പറഞ്ഞു, ചെറിയ കുട്ട്യോന്നല്ലല്ലോ, ഇനിയൊക്കെ അവരവരു തീരുമാനിക്കണപോലെ വരട്ടെ"

"ഞാന്‍ മറ്റേന്നാള് വരാം, അവന്‍റെ കൂടെ, ന്നാ ശരി വെയ്ക്കണൂ"

സുധാകരന്‍ ശ്യാമള ചേച്ചിയോട് യാത്ര പറയാന്‍ തുടങ്ങും മുന്‍പ് തന്‍റെ അനിയത്തിയുടെ വിവാഹത്തിന്‍റെ ആല്‍ബം കൊണ്ടു വന്നു ശ്യാമളെച്ചി. “ഇതു കാണാന്‍ നേരണ്ടാവ്വോന്നറിയില്യ, ന്നാലും ഞാനെടുത്തു, സമയില്ലെങ്കെ പിന്നെ കണ്ടാമതീ ട്ടോ.”

സുധാകരനും അമ്മയും ഉമ്മറത്തെ കസേരകളിലേക്കിരുന്നു.

"എന്താ ശ്യാമളെ, ഇന്നു ടീവില് ഒന്നൂല്യെ"

"ഉവ്വ്, സരസ്വത്യേച്ച്യെ. കാണാന്‍ പറ്റണ്ടേ അവടെ മോന്‍ ഇരുന്നു ക്രിക്കറ്റു കാണ്വാ, ഞാന്‍ വഴക്കുകൂടി തോറ്റു.. " ഇതുകേട്ടു സുധാകരനും അമ്മയും ചിരിച്ചു..

സുധാകരന്‍ ആല്‍ബം നോക്കുന്ന തിരക്കിലാണ്..

ശ്യാമളേച്ചിയുടെ വിവരണം സഹായമായി, സുധാകരന് പരിചയമില്ലാത്ത വരനും, വധുവും മുതല്‍ അവരുടെ വീട്ടുകാരും ബന്ധുക്കളും എന്ന് വേണ്ട ദല്ലാളേ വരെ പരിചയപ്പെടുത്തിയിട്ടേ ശ്യാമളേച്ചി നിര്‍ത്തിയുള്ളൂ. പ്രേമയുടെ ചിത്രങ്ങള്‍ക്ക് പഴയ ഭംഗി തോന്നിച്ചില്ല സുധാകരന്.. കടന്നുപോയ വര്‍ഷങ്ങള്‍ എന്തെല്ലാം മാറ്റങ്ങള്‍ എഴുതി ചേര്‍ത്തിരിക്കുന്നു.

“ഞങ്ങളെറെങ്ങട്ടെ, ചേച്ചീ. പിന്നെ വരാം.” സുധാകരന്‍ പറഞ്ഞിട്ടു കസേരയില്‍ നിന്നെഴുന്നേറ്റു

ഉമ്മറത്തെ തൂണില്‍ പിടിച്ചു കൊണ്ടു സുധാകരനും അമ്മയും പടിയിറങ്ങി പോകുന്നതു നോക്കി നിന്നു ശ്യാമളേച്ചി. പിന്നെ എന്തോ ആലോചിച്ചിട്ടെന്ന പോലെ ഫോണ്‍ ബുക്ക് എടുത്തു അനിയത്തിക്ക് ഫോണ്‍ ചെയ്തു.

"ഗിരിജെ, ഇതു ഞാനാ ചേച്ചി. സുഖം തന്ന്യല്ലേ. ഒരു കാര്യം പറയാനാ വിളിച്ചേ. പടിഞ്ഞാറെലേ സരസ്വത്യെച്ചീടെ മോന്‍ വന്നിട്ടുണ്ട്, നിന്‍റെ കൂടെ ജോലിചെയ്യണ ആ കുട്ട്യീല്ലേ പ്രേമ, അതൊരു ദിവസം വന്നപ്പോ സുധാകരന്‍ വന്നാല്‍ വിവരം അറിയിക്കാന്‍ പറഞ്ഞിരുന്നു, നീയതൊന്നു പറയണം, എത്ര നാള്‍ ലീവ്‌ ഉണ്ടെന്നു ഞാന്‍ ചോദിക്കാന്‍ മറന്നു. "

"ചേച്ചി ഇന്നു ഫോമില്‍ ആണല്ലോ, ഇതെന്ന് തുടങ്ങി ഞാനറിയാത്ത ഈ ഹംസത്തിന്‍റെ പണി, ചേട്ടനറിയേണ്ട, "ഗിരിജ പറഞ്ഞു കൊണ്ടു ചിരിച്ചു.

"ആ കുട്ടി കല്യാണം കഴിക്കാണ്ടേ നിക്കണ കണ്ടപ്പോ ഒരു സങ്കടം മോളെ, അത്ര മാത്രം, അതോണ്ട് വിളിച്ചതാ അല്ലാണ്ടെ എനിക്കൊന്നും വേണ്ട. "

"അപ്പോഴേക്കും സെന്‍ടിയായോ, അയ്യോ ഞാനൊന്നും പറഞ്ഞില്ല്യെ, ഇതാപ്പങ്കിട് ഫോണ്‍ ചെയ്തു പറയാം.പ്രേമക്ക്, സമാധാനം ആയോ.."

"ന്നാ, അങ്ങിന്യാവട്ടെ ഗിരിജെ, മനുവിനു സുഖല്ലേ"

“ങാ,സുഖം തന്നെ..ഇവിടെ കെടന്നു പല്ലിളിച്ചു കാണിക്കണ്ണ്ട്., ശരി,ന്നാ ഞാന്‍ വിളിച്ചു പറയാം, ബൈ.


(തുടരും)

7 comments:

പാമരന്‍ said...

ഇഷ്ടാവണ്ടേയ്.. പോരട്ടെ, പോരട്ടേ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കഥാപാത്രങ്ങള്‍ അരികിലൂടെ പോകുന്നപോലെ...

നന്നായിരിക്കുന്നു ഗോപന്‍ ജീ

മാണിക്യം said...

അച്ഛനുണ്ടായിരുന്ന കാലത്ത് ആഘോഷങ്ങള്‍ക്കെല്ലാം പ്രത്യേകതയായിരുന്നു.
അതെ!എല്ലാമക്കളും ഇതുതന്നെ അല്ലെ പറയുക . .......

പ്രേമയുടെ ചിത്രങ്ങള്‍ക്ക് പഴയ ഭംഗി തോന്നിച്ചില്ല....ആ മന്‍സ്സിലേക്ക് ഒന്നു നോക്കാരുന്നു എന്നിട്ട് പോരെ.. ..?

ഓട്ടത്തിനിടയില്‍ മറന്നത് സ്വന്തം അമ്മയെയാണ്. അമ്മയെ മാത്രം?

“ഗോപാ, ഒന്ന് വേഗം പറയ്യ്,
പ്രേമയെ കണ്ടോ?
പ്രേമക്ക്,സമാധാനം ആയോ?..”

Unknown said...

കഥാപാത്രങ്ങള്‍ മനസിലൂടെ സഞ്ചരിക്കുന്നതു പോലെ ഓര്‍മ്മകള്‍ ,ബാല്യം ജിവിതത്തിന്റെ ഏടുകള്‍ ഒരോന്നായി എടുത്തിട്ട് കഥാപാത്രങള്‍
ജിവിതമായി മാറുന്നു.
ഗോപാ തുടര്‍ന്നുള്ള ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു

Rare Rose said...

ഗോപന്‍ ജീ.,അസ്സലാവണണ്ട് ട്ടാ എഴുത്തു..എല്ലാരും തൊട്ടടുത്തു നില്‍ക്കണ പോലെ തോന്നുന്നു..ഇനിയുള്ള ഭാഗങ്ങള്‍ക്കായി
കാത്തിരിക്കുന്നു..

ഗീത said...

പ്രേമത്തിന്‍ തേന്‍ കുടമൊളിപ്പിച്ച ഒരു പനിനീര്‍ മലര്‍ മെല്ലെ വിടരുന്നു....

അടുത്ത ഭാഗം വായിക്കാന്‍ ധൃതിയായി.
ഗോപന്‍, എഴുത്ത് നന്നായിട്ടുണ്ട്.

Gopan | ഗോപന്‍ said...

ഈ കഥ വായിച്ചു അഭിപ്രായം എഴുതിയ പാമരന്‍സിനും, പ്രിയാജിക്കും, മാണിക്യത്തിനും, അനൂപിനും, റോസിനും, ഗീത ചേച്ചിക്കും എന്‍റെ ആത്മാര്‍ത്ഥമായ നന്ദി അറിയിക്കട്ടെ.

സ്നേഹത്തോടെ
ഗോപന്‍