January 19, 2008

അവള്‍..


Photo: http://www.flickr.com/photo_zoom.gne?id=1429504849&size=l

ഞാന്‍ അവളെ തിരയുകയായിരുന്നു..

താഴ്വരയിലെ പക്ഷികളെയും ചെറുപൂക്കളെയും പ്രണയിച്ചു തടാകത്തിനരികില്‍ ഇരുന്നു മീനുകളോടും മേഘങ്ങളോടും സല്ലപിച്ചു തന്‍റെ പകലുകള്‍ ചിലവഴിച്ചിരുന്നവള്‍…

ഇന്നു താഴ്വര ശൂന്യമാണ്.. കിളികളും പൂക്കളും എങ്ങോ പോയിരിക്കുന്നു.. ഈ പക്ഷികള്‍ക്കും ചെറുപൂക്കള്‍ക്കും മേഘങ്ങള്‍ക്കും അവള്‍ക്കും എന്തോബന്ധം ഉള്ളതുപോലെ..

മേഘങ്ങളെ കുറിച്ചു പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ക്ക്‌ പ്രത്യേക തിളക്കമാണ് . വെളുത്ത മേഘവും അതിനുള്ളില്‍ കയറുവാനുള്ള മോഹവും മേഘത്തെ നയിക്കുന്ന കാറ്റും അവളുടെ ചിന്തകളില്‍ എന്നും വരുമായിരുന്നു..

താഴ്വരെയാകെ നിശ്ശബ്ദത നിറഞ്ഞിരിക്കുന്നു...
അവള്‍ പോയിരിക്കുന്നു എവിടെയോ.. എന്‍റെ മനസ്സു മന്ത്രിച്ചു..
ഒരു വാക്കു പറയാതെ എങ്ങിനെ പോകുവാന്‍ കഴിഞ്ഞു അവള്‍ക്ക്‌..

നടന്നു തടാകത്തിന്നരികില്‍ എത്തി..
അവളിരുന്നു പാടാറുള്ള ആ കല്ലും മരച്ചുവടും ശൂന്യമാണ്.
അവളില്ലാത്ത താഴ്വരക്ക് വേറെയൊരു മുഖം പോലെ തോന്നി..

അവള്‍ തന്നോടു പണ്ടു പറഞ്ഞതോര്‍ത്തു..
“എനിക്കീ താഴ്വര പ്രിയപ്പെട്ടതാണ് .. ഈ പക്ഷികളും മരങ്ങളും പൂക്കളും മേഘങ്ങളും എല്ലാം എന്‍റെ ജീവിതത്തിന്‍റെ ഭാഗമാണ്..ഞാന്‍ അവര്‍ക്ക് വേണ്ടി ജീവിക്കുന്നു..”

അവളുടെ ഒരു നിഴലെങ്കിലും കണ്ടെങ്കിലെന്നു ആശിച്ചു നടന്നു..
പുല്‍കൊടികള്‍ക്ക് നിറം മങ്ങിയിരിക്കുന്നോ..
അവളുടെ വാക്കുകള്‍ പിന്നെയും ഓര്‍മയില്‍ ഊറിവന്നു.
Photo: http://www.flickr.com/photo_zoom.gne?id=2141474062&size=l
" ഈ കൊടികളിലെ ഹിമകണങ്ങള്‍ നോക്കൂ.. അത് വൈഡൂര്യം പോലെ മനോഹരം.. പുല്‍കൊടികള്‍ അവയെ പ്രതീക്ഷിക്കുന്നില്ല..പക്ഷെ ഹിമകണങ്ങള്‍ പുല്‍കൊടികളെ തേടുകയാണിവിടെ . നേരെമറിച്ചു മനുഷ്യനങ്ങിനെയാണോ .. കിട്ടാത്ത സ്നേഹത്തിനും പ്രശസ്തിക്കും പുറകെ ഓടി, ജീവിക്കുവാന്‍ തന്നെ നമ്മള്‍മറന്നു പോകുന്നു പലപ്പോഴും.."

കാറ്റിന്‍റെ ദിശയിലേക്ക് പോകുന്ന മഴ മേഘങ്ങളെ കാണാമിപ്പോള്‍ ..
താഴ്വര ശൂന്യമാണ്.. മേഘങ്ങള്‍ നീങ്ങുന്ന ദിശയിലേക്ക് പോകുവാന്‍
ഒരുള്‍പ്രേരണ പോലെ തോന്നി..

തടാകത്തിലെ ജലം മേഘത്തിന്‍റെ പ്രതിച്ഛായ ഉള്‍കൊണ്ടു തന്‍റെ മനസ്സിന്‍റെ വേഗത്തില്‍ നീങ്ങുന്നതുപോലെ..അവളെ എങ്ങും കാണുവാനില്ല..

മനസ്സു ചോദ്യങ്ങള്‍ കോര്‍ക്കുവാന്‍ തുടങ്ങി.. തനിക്ക് ഇത്രയും ഏകാന്തത അനുഭവപെട്ടതായി തോന്നിയിട്ടില്ല ഇതുവരെ..എവിടെയാണവള്‍ ?


മലയുടെ പുറകുവശത്തേക്ക്‌ പോകുവാനായ് കുറച്ചു നേരം ഓടി..
കിതപ്പ് മാറ്റുവാന്‍ നിന്നിട്ടു മലയുടെ മുകളിലേക്ക് നോക്കി..
ദൂരെ വെളുത്ത വസ്ത്രം ധരിച്ച ഒരു പെണ്‍കുട്ടിയെ കാണാം ..
ഹൃദയം ശക്തിയായി മിടിക്കുവാന്‍ തുടങ്ങി..

കൂടുതല്‍ വേഗത്തില്‍ അവളുടെ അരികിലെത്തുവാന്‍ ശ്രമിച്ചു
അവള്‍ പാടുകയാണ്..മുടി ഭംഗിയായി ചീകി പുറകിലോട്ടു കെട്ടിയിരിക്കുന്നു..
കയ്യില്‍ പൂവുകള്‍ ഉള്ള ഒരു ചെറിയ മരചില്ലയുണ്ട്..

പാടി കൊണ്ടു കാണുന്ന പൂക്കളെ കയ്യിലെ ചില്ല കൊണ്ടു തഴുകുകയാണ്, പിന്നെ, ചിരിച്ചു കൊണ്ടു തന്‍റെ അരികെയുള്ള മേഘത്തെ തൊടുവാന്‍ ശ്രമിക്കയാണ്.. ഇതവള്‍ തന്നെ..

ഞാന്‍ പേരെടുത്തു വിളിച്ചു കൊണ്ടു അവളുടെ അരികിലേക്ക് ഓടുകയാണ്.. എന്‍റെ ശബ്ദം താഴ്വരയിലെങ്ങും പ്രതിധ്വനിച്ചു…അവള്‍ തിരിഞ്ഞു നോക്കി കൈ വീശി കാണിച്ചു..

എനിക്കെന്തെങ്കിലും പറയുവാന്‍ കഴിയുന്നതിനു മുന്‍പേ മേഘംവന്നു മൂടി അവളെ....
അവളെ നോക്കുകയാണ്‌ ഞാന്‍.. മേഘം മാത്രമെ കാണുവാനുള്ളൂ.

മേഘത്തിനു നനുത്ത തണുപ്പു..കുളിര് തോന്നി...മഴ ചാറി തുടങ്ങി. കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ മൂടിയിരുന്ന മേഘം പതിയെ മാറുവാന്‍ തുടങ്ങി, ഞാന്‍ അവളെ തിരയുകയായിരുന്നു..

അവള്‍ നിന്നിരുന്ന ഇടത്തില്‍ കുറച്ചു വെള്ളം മാത്രം. കണ്ണുകളെ വിശ്വസിക്കുവാനായില്ല..

അമ്പരപ്പോടെ ചുറ്റും കണ്ണോടിച്ചു..
താഴ്വരയും പച്ചപ്പും അതേപടി അവിടെയുണ്ട്.

മഴവെള്ളം നനഞ്ഞ പുല്‍പരപ്പും പൂക്കളും കാണാം
പക്ഷെ, അവളെ കാണുവാനില്ല..

വീണ്ടും തനിച്ചായതിന്‍റെ വേദനയോടെ കരഞ്ഞു..
പഴയ ഓര്‍മകള്‍ മഴമേഘങ്ങളെ പോലെ മനസ്സിലൂടെ നീങ്ങുകയാണ്..

ആരോ എന്‍റെ നെറ്റിയില്‍ തലോടി..
കണ്ണ് തുറന്നു നോക്കി..താന്‍ കിടക്കയിലാണ്
കിടക്കയുടെ അരികില്‍ അവളിരിക്കുന്നു, നേര്‍ത്ത ചിരിയോടെ...

20 comments:

പൊറാടത്ത് said...

കൊള്ളാം...പടങ്ങളേ..

കുഞ്ഞായി said...

നന്നായിട്ടുണ്ട്

മുരളി മേനോന്‍ (Murali Menon) said...

പ്രകൃതിയിലൂടെ മനുഷ്യ മനസ്സിലേക്കും എത്തിനോക്കുന്നുണ്ടല്ലോ ഗോപാ...
നന്നായിട്ടുണ്ട്.

ശ്രീ said...

:)

ഒരു “ദേശാഭിമാനി” said...

ഫോട്ടോകളില്‍ മാത്രമല്ല, വാക്കുകളിലും പ്രകൃതിയോടുള്ള ആരാധന വ്യക്തമാക്കുന്നുണ്ടു ഗോപന്‍!
:)

ഉപാസന | Upasana said...

ഗോപന്‍ ഭായ്
ബെസ്റ്റ്...
:)
ഉപാസന

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ കലക്കന്‍, പ്രകൃതിയിലൂടെ പ്രണയിനിയെ സങ്കല്‍പ്പിച്ച് ഒരു പ്രണയ തീരം നന്നായിരിക്കുന്നൂ,ഈ പ്രകൃതിയിലെ സകല സൌന്ദര്യങ്ങളോടും നമുക്ക് പ്രണയം തൊന്നിക്കൂടെ.?
പൂക്കളോട്,പുലരിയോട്,കിളികളോട്,കാറ്റിനോട്,പുഴയോട്,ചന്ദ്രികയോട്,സങ്കീതത്തോട്,വര്‍ണങ്ങളോട്,അക്ഷരങ്ങളോട്,കവിതയോട്,മഴവില്ലിനോട് എല്ലാം നമുക്ക് പ്രണയിക്കാം അല്ലെ..?
നിത്യ ദുഃഖങ്ങളേയും നൊമ്പരങ്ങളേപ്പോലും പ്രണയിക്കുന്നവര്‍ ഇല്ലെ..?
പ്രണയം മനസ്സിലില്ലെങ്കില്‍ പിന്നെ മനുഷ്യനുണ്ടോ..?
പ്രണയമില്ലെങ്കില്‍ പിന്നെ പ്രപഞ്ചം ഉണ്ടൊ.?
പ്രപഞചത്തിന്‍റെ നിലനില്‍പ്പിനാധാരമാ‍യ പ്രണയം അതിലോലമാണോ അതൊ അതിഗാഡമാണോ.?
നിഗൂഡമായ അനശ്വരമായ അത്തുന്യതമായ അനുപമമായ സംശുദ്ദമായ പ്രണയം
മനസ്സിന്റെവെളിച്ചമാണ്.
ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം സൃഷ്ടിക്കാന്‍ പ്രണയത്തോളം അനുയോജ്യമായ മറ്റെന്താനുള്ളത്.?

സാരംഗി said...

പ്രകൃതിയും സ്നേഹവും ..
നന്നായിരിക്കുന്നു ഗോപന്‍.

ഗീതാഗീതികള്‍ said...

നല്ല കഥ.

പുല്‍ക്കൊടികളെ തഴുകുന്ന ഹിമകണങ്ങളുടെ ചിത്രം അതീവമനോഹരം.

“പുല്‍കൊടികള്‍ അവയെ പ്രതീക്ഷിക്കുന്നില്ല..പക്ഷെ ഹിമകണങ്ങള്‍ പുല്‍കൊടികളെ തേടുകയാണിവിടെ.“
ഈ ദര്‍ശനം ഇഷ്ടപ്പെട്ടൂ.

വാല്‍മീകി said...

നന്നായിട്ടുണ്ട് ആഖ്യാനശൈലി ഗോപാ.

പ്രയാസി said...

ഒരു സ്വപ്നം പോലുണ്ടല്ലൊ..:)

ചിത്രങ്ങള്‍ വളരെ നന്നായി..

“ആരോ എന്‍റെ നെറ്റിയില്‍ തലോടി..
കണ്ണ് തുറന്നു നോക്കി..താന്‍ കിടക്കയിലാണ്
കിടക്കയുടെ അരികില്‍ അവളിരിക്കുന്നു, നേര്‍ത്ത ചിരിയോടെ...“

ആരോടും പറയില്ല..! ആരാ..!?.;)

ഗോപന്‍ - Gopan said...

ഇവിടെ വരികയും, ഇതു വായിച്ചു അഭിപ്രായമെഴുതുകയും ചെയ്ത പൊറാടത്തിനും, കുഞ്ഞായിക്കും, മുരളി മാഷിനും, ശ്രീക്കും, ദേശാഭിമാനി സാറിനും, ഉപാസനക്കും, സജിക്കും, സാരംഗിക്കും, ഗീതക്കും, വാല്‍മീകി മാഷിനും, പ്രയാസിക്കും വളരെ നന്ദി..

ഏ.ആര്‍. നജീം said...

ചിത്രവും വരികളും ഒരേപോലെ ഹൃദ്യമായിട്ടോ...
അഭിനന്ദനങ്ങള്‍...

ഗോപന്‍ - Gopan said...

നജീം ഭായ്.. വളരെ നന്ദി.. :-)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ജിവിതം ഒപ്പിയെടുത്തതു പൊലേ

കാലമാടന്‍ said...

ഒരു ബ്ലോഗ് തുടങ്ങി...
കാലമാടന്‍
(കമന്റ് ദുരുപയോഗം സദയം ക്ഷമിക്കുക; എല്ലാവര്‍ക്കും വേണ്ടത് പബ്ലിസിറ്റി ആണല്ലോ...)

മന്‍സുര്‍ said...

ഗോപന്‍....

നല്ല എഴുത്ത്‌....അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ഗോപന്‍ - Gopan said...

അനൂപിനും മന്‍സൂറിനും ഇവിടെ വന്നതിനും അഭിപ്രായമെഴുതിയതിനും വളരെ നന്ദി.

പുതു ബ്ലോഗ്ഗെര്‍ക്ക് സ്വാഗതം..

സ്നേഹതീരം said...

'അവളെ' എനിക്കും ഇഷ്ടമായി. പൂക്കളേയും, കിളികളേയും മേഘങ്ങളേയും സ്നേഹിച്ച പെണ്‍കുട്ടി. അവളെ, അവള്‍ പോലുമറിയാതെ പ്രണയിക്കുന്ന കവിമനസ്സ്‌. ഒടുവില്‍ ഒരു നഷ്ടസ്വപ്നത്തിന്റെ നൊമ്പരവുമായ്‌ ഞെട്ടിയുണരുമ്പോള്‍ ജീവിതത്തിലെ സൗഭാഗ്യമായി അവള്‍ അരികെ.. പ്രണയത്തിന്റെ നൊമ്പരവും സാന്ത്വനവും ഒരു സുഖമുള്ള അനുഭവമായിരിക്കുന്നു, ഈ കവിതയില്‍.

അഭിനന്ദനങ്ങള്‍...

ഗോപന്‍ - Gopan said...

സ്നേഹതീരത്തിനു വളരെ നന്ദി..:-)
നിങ്ങളുടെ പുതിയ സൃഷ്ടികള്‍ക്കായി കാത്തിരിക്കുന്നു..