January 07, 2008

സ്നേഹത്തിന്‍റെ ലോകം..

മഴത്തുള്ളികള്‍ ജാലകത്തിലെ ചില്ലില്‍ താളമിടുന്നതും നോക്കിയിരിക്കയാണ് മീര..
ഓരോ തുള്ളിയും ഭൂമിയില്‍ എത്തിയ സന്തോഷം തീര്‍ക്കയാണോ എന്ന് തോന്നും വിധം ചിതറി തെറിക്കുന്നു.. കാറ്റുമായി എത്തിയ മഴമേഘങ്ങള്‍ ആകാശമാകേ കറുപ്പ് തേച്ചിരിക്കുന്നു..

ഡോക്ടര്‍ നല്‍കിയ കുറിപ്പും മരുന്നുകളും മേശപ്പുറം അലങ്കരിക്കാനെന്നോണം അവിടെ ഇരുന്നു തന്നെ നോക്കി ചിരിക്കുന്നു.. തലവേദനക്ക് മാത്രം കുറവില്ല.. മൈഗ്രയിന്‍ ആണ്. എന്നാണ് പുതിയ നിഗമനം. സ്ഥിരമായ്‌ മരുന്നു കഴിക്കുക.. അത് മാത്രമെ വഴിയുള്ളൂ..ഡോക്ടറുടെ വാക്കുകള്‍ വീണ്ടും കാതില്‍ മുഴങ്ങി.. തലയുടെ എക്സ്റേയും സി ടി സ്കാനും എടുത്തു ഇതു സ്ഥിരീകരിച്ചപ്പോള്‍ ആശുപത്രിയിലുള്ളവര്‍ക്കു നന്ദി പറഞ്ഞിറങ്ങി.. മഴയപ്പോള്‍ തുടങ്ങിയതാണ്..

മകളും ഏട്ടനും ഇനിയും എത്തിയിട്ടില്ല..മഴയായതിനാല്‍ ഒരുപക്ഷെ വൈകിയേ വരുകയുള്ളു.. മീര കട്ടിലിലേക്കിരുന്നു..അച്ഛന്‍റെ ചിത്രം ഭിത്തിയിലിരിന്നു തന്നെ നോക്കും പോലെ തോന്നി.. പാവം അച്ഛന്‍, തന്നെ ഏറെ സ്നേഹിച്ചിരുന്നു..തന്‍റെ വിവാഹത്തിന്‍റെയന്നാണ് കരയുന്ന അച്ഛന്‍റെ മുഖം ആദ്യമായ് കണ്ടത്.. ആ തേങ്ങല്‍ ഇന്നും തന്‍റെ മനസ്സില്‍ മായാതെ കിടക്കുന്നു.. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ലോകത്തോട്‌ വിടപറയുമ്പോഴും അച്ചന് തന്നെ കുറിച്ചായിരുന്നു വേദന..

കണ്ണില്‍ ഇരുട്ടു കയറുന്നത് പോലെ..മീര കണ്ണടച്ചു കിടക്കുവാന്‍ ശ്രമിച്ചു..വേദന അസഹ്യമാകുകയാണ്.. പതിയെ എഴുനേറ്റു വേദനയെ കുറയ്ക്കുവാനുള്ള ടാബ്ലെട്സ് എടുത്തു കഴിച്ചു...കട്ടിലിലേക്ക് ചാഞ്ഞു.. കണ്ണ് തുറക്കുവാന്‍ വയ്യ.. തലയിലെ ഓരോ മുടിയെയും എടുത്തു പല ദിശകളിലേക്ക് ശക്തിയായ് വലിക്കുന്നത് പോലെ... കണ്ണടച്ചു പതിയെ മയങ്ങുവാന്‍ ശ്രമിച്ചു..

പുറത്തു വെളുത്ത നിറം മാത്രമെ കാണുവാനുള്ളു. മേഘം പോലെ നിറം പടരുകയാണ്..
തന്‍റെ ശരീരത്തിനു തൂവലിന്‍റെ കനം പോലെ .. താന്‍ എവിടേക്കോ പോകയാണ്.. സുഖകരമായി തോന്നി യാത്ര.. ചിരിക്കുന്ന മുഖങ്ങള്‍.. എവിടെയോ കണ്ടു മറന്ന കാഴ്ചകള്‍.. വെളുപ്പു നിറത്തിന് ഇത്രക്കും അഴകു തോന്നിയത് ഇതാദ്യം.. യാത്ര തുടരുകയാണ്..

മേഘപടലത്തിലൂടെ അമ്മയുടെ മുഖം തെളിഞ്ഞു..വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല..സ്നേഹത്തോടെയുള്ള ചിരി., അച്ഛനും കൂടെയുണ്ട്..തന്‍റെ നെറ്റിയില്‍ പതിയെ തലോടുകയാണമ്മ. വളരെ നാളുകള്‍ക്കു ശേഷം കാണുന്ന മകളെ വാത്സല്യത്തോടെ നോക്കി കാണുകയാണ് അച്ഛനും അമ്മയും ..

അമ്മയുടെ മടിയില്‍ തലവെച്ച്‌ കിടന്നപ്പോള്‍ രണ്ടു വയസ്സുകാരി മീരയായി താന്‍... തന്‍റെ ബാല്യം തിരികെ വന്നത് പോലെ…അരികില്‍ ഇരുന്നു തന്‍റെ പാദങ്ങള്‍ തഴുകുവാന്‍ അച്ഛനും..

അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ആ കണ്ണുകള്‍ക്ക്‌ നക്ഷത്രങ്ങളുടെ തിളക്കം.. അമ്മക്ക് ഇത്രക്കും സൌന്ദര്യമോ...അതിശയം തോന്നി…അമ്മയുടെ മടിയില്‍ കിടന്നു ഉറങ്ങിയതറിഞ്ഞില്ല..

ഏട്ടനും തന്‍റെ മകളും മുന്നില്‍ നില്‍ക്കുന്നു..അവര്‍ തന്‍റെ തണുത്ത ശരീരത്തെ കുലുക്കി വിളിക്കയാണ്.. മനസ്സു തകര്‍ന്ന പോലെ കരയുന്ന മകള്‍, വേവലാതിയോടെ ഫോണ്‍ ചെയ്യുവാനോടുന്ന ഏട്ടന്‍..

തന്‍റെ മകളെ തലോടുവാന്‍ ശ്രമിച്ചു.. അവള്‍ ദൂരെയാണ്..
തന്‍റെ കരങ്ങള്‍ക്ക് അവിടെ എത്തുവാന്‍ കഴിയുന്നില്ല..
ഉറക്കെ കരയുവാന്‍ ശ്രമിച്ചു.. ശബ്ദം പുറത്തു വരുന്നില്ല ..

ആംബുലന്‍സ് തന്‍റെ ജീവനില്ലാത്ത ശരീരവും പേറി
ആശുപത്രിയിലേക്ക് പോകുന്നതും നോക്കി മീരയിറങ്ങി.. സ്നേഹത്തിന്‍റെ ലോകത്തേക്ക്..

15 comments:

ദിലീപ് വിശ്വനാഥ് said...

ഫാന്റസിയിലൂടെ കഥ പറയുന്നത് നല്ല ഒരു സങ്കേതമാണല്ലേ? ശരിക്കും ഇഷ്ടപ്പെട്ടു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സ്നേഹത്തിന്റെ ലോകത്തെങ്കിലും യാഥാര്‍ത്ഥ്യം കണ്ടെത്താനാവ്വട്ടെ

ശ്രീ said...

നന്നായിരിയ്ക്കുന്നു, മാഷേ... സ്നേഹം മാത്രം ബാക്കിയാകുന്ന ആ ലോകം.

കഥ പറഞ്ഞ രീതിയും മനോഹരമായിരിയ്ക്കുന്നു. ആശംസകള്‍!
:)

ഒരു “ദേശാഭിമാനി” said...

സൌന്ദര്യം കാണാണ്ണാനും, സന്തോഷം അനുഭവികാനും, സംതൃപ്തി തോന്നാനും, സ്നേഹം ഉണ്ടങ്കില്‍ മത്രമേ സാധിക്കൂ!

ആശംസകള്‍!

ഉപാസന || Upasana said...

Good Short Story Gopan Bhai
:)
upaasana

നിരക്ഷരൻ said...

പരേതയുടെ ആ ഒരു തലത്തില്‍നിന്നുള്ള കാഴ്ച്ചപ്പാട് പുതുമയുള്ളതായിരുന്നു.
രസമായിട്ടെഴുതിയിരിക്കുന്നു.

Gopan | ഗോപന്‍ said...

വാല്‍മീകി സാറേ.. :-) വളരെ നന്ദി വന്നതിലും അഭിപ്രായമെഴുതിയതിലും. ഈ ലോകത്തോട്‌ വിട പറയുന്ന ഒരാളുടെ ചിന്തകളെയാണ് ഞാന്‍ കുറിക്കുവാന്‍ നോക്കിയത്‌.. അത് അവസാനം അത് ഫാന്‍ടസി പോലെയായി.. :-)

പ്രിയ : :-) അതെ, അതിന് മീരക്ക്‌ കഴിയട്ടെ എന്ന് പ്രത്യാശിക്കാം

ശ്രീ: വളരെ നന്ദി, നല്ല വാക്കുകള്‍ക്കും അഭിപ്രായത്തിനും.. :-)

ദേശാഭിമാനി സാറിനു നന്ദി, ഞാന്‍ അങ്ങയുടെ ആശയത്തോട് യോജിക്കുന്നു :-)

ഉപാസന: :-) thank you!

നിരക്ഷരന്‍: വളരെ നന്ദി, നിങ്ങള്‍ പറഞ്ഞതു പോലെ ഒരു കുറിപ്പാണ് ഞാന്‍ ഉദ്ദേശിച്ചത്. :-)

പിന്നെ ഇതിനൊരു എഴുതാപ്പുറം ഉണ്ട്..

ഇങ്ങനെയൊരു സാഹചര്യത്തില്‍ ഞങ്ങള്‍ക്കു നഷ്ടമായ സ്നേഹമയിയായ ഒരു ഏടത്തിയുണ്ടായിരുന്നു.. അവരുടെ ഓര്‍മകള്‍ക്ക് വേണ്ടിയാണീ കുറിപ്പെഴുതിയത്.. അവര്‍ വിടപറഞ്ഞിട്ടു ഇന്നേക്ക്‌ രണ്ടു ദിവസം മാത്രം .. ഇന്നു സ്നേഹത്തിന്‍റെ ലോകത്തില്‍ അവര്‍ ജീവിക്കുന്നു..പിന്നെ ഞങ്ങളുടെ മനസ്സിലും..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ തികച്ചും ആകസ്മികമായ ഒരു കാഴ്ചപാടിലാണ് ഞാന്‍ ഇത് വായിച്ചത് ശെരിക്കും ഒരു അമ്പരപ്പെന്നൊ കൌതുകം എന്നൊ പറയാം..
മാഷ് 2ദിവസം മുന്നെ എന്നോട് പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു അത് മനസ്സില്‍ നിന്ന് മാ‍യാതെ ആ മായാ ലോകത്തിലേയ്ക്ക് ഞാനും പോയി മാഷെ..
സ്നേഹത്തിന്റേയും വസന്തത്തിന്റേയും ആ നല്ലകാലം അവിടെയെങ്കിലും യാഥാര്‍ത്യം കണ്ടെത്താന്‍ ആകട്ടെ..
കണ്ണിന്റെ കര്‍പ്പൂരം കരളില്‍ ഒരു സായൂജ്യം അണിയിച്ചപോലെ.
കരളില്‍ പതിഞ്ഞമര്‍ന്ന ആ സ്നേഹം ഇന്നു നഷ്ടമായിക്കൊണ്ടിരിക്കുന്നതും അതാണല്ലൊ..
ആശംസകള്‍ മാഷെ.!!സ്നേഹത്തോടെ സജി.!!

Gopan | ഗോപന്‍ said...

വളരെ നന്ദി സജി..

ഏ.ആര്‍. നജീം said...

ഗോപന്‍,
തികച്ചും വ്യത്യസ്തമായ ഒരു കോണിലൂടെ ഈ കഥ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു താങ്കള്‍..

ഒരു ചെറിയ സംശയം ചോദിച്ചു കൊള്ളട്ടെ, എന്റെ ആസ്വാദനത്തിന്റെ പരിമിധിയാവാം അങ്ങിനെ തോന്നിയത്..

കഥയുടെ തുടക്കത്തില്‍ മീര എന്ന കഥാപാത്രത്തെ കുറിച്ചു കഥാകൃത്ത് എഴുതുന്നതായി ആണ് വരുന്നതെങ്കില്‍ അവസാനം മീര തന്നെ പറയുന്ന രീതിയില്‍ ആയത് പോലെ... ?
ചിലപ്പോ എന്റെ തോന്നലാകാം...

Gopan | ഗോപന്‍ said...

നജീം ഭായ്..
വളരെ നന്ദി, ഇവിടെ വന്നതിലും അഭിപ്രായമെഴുതിയത്തിലും
ഭായ്.. പറഞ്ഞതു പോലെ ഒരു തെറ്റുണ്ട് ഇതില്‍..
ചൂണ്ടി കാണിച്ചതിനു നന്ദി..
സ്നേഹത്തോടെ
ഗോപന്‍

ഗീത said...

ശ്ശോ ഇതെന്തു കഥയാ...
വിഷമിപ്പിച്ചു.....

X X X

Gopan | ഗോപന്‍ said...

ഗീത.. ഈ ലോകത്തോടു വിടപറയുന്ന ഒരാത്മാവിന്‍റെ ചിന്തകളെ കുറിക്കുവാന്‍ ഒരു ശ്രമം..അതായിരുന്നു ഉദ്ദേശം പക്ഷെ അത് ഗീതയെ വിഷമിപ്പിച്ചു എന്നറിഞ്ഞതില്‍ വളരെ ഖേദം ഉണ്ട്, ക്ഷമിക്കുക..

സ്നേഹത്തോടെ
ഗോപന്‍

Jane Joseph , New Jersey, USA said...

very touching...I once had a dream where I had a similar feeling.
A new blogger.

Gopan | ഗോപന്‍ said...

Jane,
thanks for dropping by.
glad to know that you liked it..
kind regards
gopan